യുഎഇ– കേരളം വിമാന നിരക്ക് കുറഞ്ഞു; തിരികെയുള്ള നിരക്ക് കൂടി

flight-ktm.jpg
SHARE

അബുദാബി: യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് മൂന്നിലൊന്നായി കുറഞ്ഞു. ഡിസംബർ ആദ്യ വാരം മുതൽ ഈ മാസം 15 വരെ ശരാശരി 35,000 രൂപ വരെ ഉണ്ടായിരുന്നത് ഇന്നു മുതൽ 12,500 രൂപയായി. ഓരോ എയർലൈനുകളിലും നിരക്കിൽ നേരിയ ഏറ്റക്കുറച്ചിലുണ്ട്. ഇതേസമയം യാത്രക്കാരുടെ വർധന മൂലം കേരളത്തിൽനിന്ന് യുഎഇയിലേക്ക് ശരാശരി 27,000 രൂപ വരെ ഈടാക്കുന്നു.

ഇന്ന് ദുബായിൽനിന്ന് കൊച്ചിയിലേക്കു വൺവേക്ക് 12500 രൂപയാണ് ശരാശരി നിരക്ക്. നാലംഗ കുടുംബത്തിന് നാട്ടിലേക്കു പോകാൻ 50,000 രൂപയാകും.  യാത്ര 25നു ശേഷമാണെങ്കിൽ 8000 രൂപയ്ക്ക് വൺവേ ടിക്കറ്റ് ലഭിക്കും. നാലംഗ കുടുംബത്തിന് നാട്ടിലെത്താൻ 32,000 രൂപ മതിയാകും. യാത്ര അബുദാബി വഴിയാണെങ്കിൽ നിരക്ക് കൂടുകയും ഷാർജ വഴിയാണെങ്കിൽ അൽപം കുറയുകയും ചെയ്യും. 

എന്നാൽ തിരിച്ചുവരണമെങ്കിൽ രണ്ടും മൂന്നും ഇരട്ടി തുക നൽകണം. ഇന്നു കൊച്ചിയിൽനിന്ന് ദുബായിലേക്കു വരണമെങ്കിൽ 31,000 രൂപയ്ക്കു മുകളിലാണ് നിരക്ക്. 55,000 രൂപ വരെ ഈടാക്കുന്ന വിമാന കമ്പനികളുമുണ്ട്. ഇതനുസരിച്ച് നാലംഗ കുടുംബത്തിന് കൊച്ചിയിൽനിന്ന് ദുബായിലേക്കു വരണമെങ്കിൽ ഒന്നേകാൽ ലക്ഷം മുതൽ രണ്ടേകാൽ ലക്ഷം രൂപ വരെ നൽകേണ്ടി വരും.

യുഎഇയിലേക്കുള്ള യാത്ര 25നു ശേഷമാണെങ്കിൽ വൺവേ നിരക്ക് ശരാശരി 15,000 രൂപയായി കുറയും. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ വഴി യുഎഇയിലേക്കു വരുന്നതിനും നിരക്കിൽ അൽപം കൂടുതൽ നൽകേണ്ടിവരും.

UAE-India flight ticket rates drop in one direction

MORE IN GULF
SHOW MORE