ഒമാനില്‍ മഴ തുടരുന്നു, ഇടിമിന്നലിനു സാധ്യത; വാദിയില്‍ കുടുങ്ങിയ കുടുംബത്തെ രക്ഷപ്പെടുത്തി

oman-rain
SHARE

ഒമാന്റെ വടക്കന്‍ മേഖലയില്‍ മഴ തുടരുന്നു. മുസന്ദം ഗവര്‍ണറേറ്റിലാണ് കൂടുതല്‍ മഴ ലഭിച്ചത്. ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായി ബുറൈമി, വടക്കന്‍ ബാത്തിന, ദാഹിറ ഗവര്‍ണറേറ്റുകളില്‍ ഞായറാഴ്ചയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലിനും സാധ്യതയുണ്ടെന്നും സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു.

ഇതിനിടെ മുസന്ദം ഗവര്‍ണറേറ്റിലെ ഖസബ് വിലായത്തില്‍ വാദിയില്‍ കുടുങ്ങിയ മൂന്നംഗ കുടുംബത്തെ സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് രക്ഷപ്പെടുത്തി. വാദിയില്‍ അകപ്പെട്ട കാറില്‍ കുടുങ്ങിയ ഇവരെ രക്ഷാപ്രവര്‍ത്തകരെത്തി പുറത്തെത്തിക്കുകയായിരുന്നു. ഖസബിലും പരിസരങ്ങളിലും പെയ്ത മഴയില്‍ വാദികള്‍ നിറഞ്ഞൊഴുകി. ആളുകള്‍ വാദിയില്‍ ഇറങ്ങരുതെന്നും വാഹനങ്ങള്‍ വാദികളില്‍ ഇറക്കരുതെന്നും സിവില്‍ ഡിഫന്‍സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, സമയം മഴ തുടരുന്ന സാഹചര്യത്തില്‍ ആളുകള്‍ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. വിവിധ ഇടങ്ങളില്‍ 10 മുതല്‍ 40 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. വാദികള്‍ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 28 മുതല്‍ 45 കിലോമീറ്റര്‍ വരെയായിരിക്കും കാറ്റിന്റെ വേഗത. മുസന്ദം, വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളുടെ തീരങ്ങളില്‍ രണ്ട് മുതല്‍ മൂന്ന് മീറ്റര്‍വരെ തിരമലകള്‍ ഉയര്‍ന്നേക്കും. ഒമാന്റെ മറ്റു തീരങ്ങളില്‍ തിരമാല രണ്ടു മീറ്റര്‍ ഉയരാനും സാധ്യതയുണ്ട്.

MORE IN GULF
SHOW MORE