സൗദിയിൽ സ്വന്തം സ്‌പോൺസറുടെ കീഴിൽ ജോലി ചെയ്യാത്ത പ്രവാസികൾ സൂക്ഷിക്കുക!

Saudi-Arabia
SHARE

റിയാദ്: സ്വന്തം സ്‌പോൺസർമാരുടെ കീഴിൽ ജോലി ചെയ്യാത്ത പ്രവാസികൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വീണ്ടും സൗദി പബ്ലിക് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ്. ഇത്തരക്കാർക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള ശിക്ഷകൾ നടപ്പാക്കുമെന്നാണ് മുന്നറിയിപ്പ്. സ്‌പോൺസറില്ലാതെ പുറത്ത് ജോലി ചെയ്യുന്നതോ അനധികൃതമായി സ്വന്തം ബിസിനസ് നടത്തുകയും ചെയ്യുന്ന പ്രവാസികൾക്കെതിരെയാണ് മുന്നറിയിപ്പ്.

സ്വയം തൊഴിൽ ചെയ്യുന്ന പ്രവാസികൾക്ക് അൻപതിനായിരം റിയാൽ വരെ പിഴയും ആറുമാസം വരെ തടവും നാടുകടത്തലും നടപ്പാക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കി. ഇതു കൂടാതെ, സ്വന്തം സ്‌പോൺസർഷിപ്പിലുള്ള തൊഴിലാളികളെ മറ്റിടങ്ങളിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന സ്‌പോൺസർക്കെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു ലക്ഷം റിയാൽ വരെ പിഴയും 6 മാസം വരെ തടവും ചുമത്തും. അടുത്ത അഞ്ചു വർഷത്തേക്ക് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് നിരോധിക്കും.

അതിർത്തി സുരക്ഷാ നിയമലംഘകർക്കെതിരെയും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. സൗദി അറേബ്യയിൽ അനധികൃതമായി താമസിക്കുന്നവർക്ക് ജോലിയോ താമസമോ യാത്രയോ നൽകുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും. കൂടാതെ യാത്രാസഹായം നൽകിയ വാഹനവും താമസ സൗകര്യം നൽകിയ കെട്ടിടവും കണ്ടുകെട്ടുമെന്നും അധികൃതർ വ്യക്തമാക്കി.

English Summary: Warning against expatriates who do not work under their own sponsors in Saudi Arabia

MORE IN GULF
SHOW MORE