യുഎഇയിൽ നിർബന്ധിത തൊഴിൽ ഇൻഷുറൻസ് പദ്ധതി നിലവിൽ വന്നു

uae-2
SHARE

യുഎഇയിൽ നിർബന്ധിത തൊഴിൽ ഇൻഷുറൻസ് പദ്ധതി നിലവിൽ വന്നു. വൻകിട സ്വകാര്യ സ്ഥാപനങ്ങളിൽ രണ്ടുശതമാനം സ്വദേശികളെ ജോലിക്ക് വയ്ക്കണമെന്ന വ്യവസ്ഥയും ഇന്ന് മുതൽ പ്രാബല്യത്തിലായി. 

തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നത് മുതൽ പ്ലാസ്റ്റിക് നിരോധനം വരെ ഒട്ടേറെ നിയമങ്ങൾ പുതുവർഷത്തിൽ യുഎഇയിൽ നടപ്പാക്കുന്നുണ്ടെങ്കിലും പ്രധാനപ്പെട്ട രണ്ട് നിയമങ്ങളാണ് ആദ്യദിനം നിലവിൽ വന്നത്. ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിൻറെ ഭാഗമായുള്ള തൊഴിൽ ഇൻഷൂറൻസ് പദ്ധതിയാണ് പ്രധാനം. ജോലി നഷ്ടപ്പെട്ടാൽ മൂന്ന് മാസം വരെ ശമ്പളത്തിൻറെ 60 ശതമാനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി. ജീവനക്കാർക്ക് മാസം അഞ്ച് ദിർഹം വരിസംഖ്യ അടച്ച് പദ്ധതിയിൽ അംഗമാകാം. അല്ലെങ്കിൽ പ്രതിവർഷം അറുപത് ദിർഹം അടക്കണം. പതിനാറായിരം ദിർഹത്തിന് മുകളിൽ ശമ്പളമുള്ളവർക്ക് പത്ത് ദിർഹമായിരിക്കും പ്രതിമാസ പ്രീമിയം. നൈപുണ്യ ജോലികളിലേർപ്പെടുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ രണ്ടുശതമാനം സ്വദേശികവൽക്കരണം  നിർബന്ധമാക്കി. 

അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള  സ്ഥാപനങ്ങൾക്കാണ് നിയമം ബാധകം. പരാജയപ്പെട്ടാൽ കനത്ത പിഴ ഈടാക്കും. പ്രതിമാസം ആറായിരം ദി‍ർഹമാണ് പിഴ ചുമത്തുക.  വർഷംതോറും മാസം ആയിരം രൂപ നിരക്കിൽ പിഴ തുക കൂടും. 2026നകം സ്ഥാപനങ്ങൾ പത്ത് ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കിയിരിക്കണമെന്നാണ് വ്യവസ്ഥ. ഇക്കാര്യത്തിൽ കർശനപരിശോധന ഉണ്ടാകുമെന്നും  മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം  വ്യക്തമാക്കി. അതേസമയം അജ്മാനിലും ഉമ്മൽ ഖ്വൈനിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചു. കടകളിൽ നിന്നു പ്ലാസ്റ്റിക് ബാഗ് കിട്ടണമെങ്കിൽ 25 ഫിൽസ് നൽകണം. അബുദാബി, ദുബായ്, ഷാർജ എന്നിവടങ്ങളിൽ നേരത്തെ ഇവ നിരോധിച്ചിരുന്നു.

MORE IN GULF
SHOW MORE