സന്ദർശക വീസ പുതുക്കാൻ രാജ്യം വിടണം; നിയമം ദുബായ്ക്കും ബാധകം

dubai-city
SHARE

സന്ദർശക വീസ പുതുക്കാൻ രാജ്യം വിടണമെന്ന നിയമം ദുബായിലും നടപ്പാക്കി. രാജ്യത്തിനു പുറത്തു പോകണമെന്ന നിയമം അബുദാബിയും ഷാർജയും നടപ്പാക്കിയപ്പോഴും ദുബായിൽ രാജ്യം വിടാതെ തന്നെ വീസ പുതുക്കാമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ കാലത്ത് ഏർപ്പെടുത്തിയ സൗകര്യം, പുതിയ സാഹചര്യത്തിൽ ഒഴിവാക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

ജോലി തേടിയെത്തിയവർ, മക്കൾക്കൊപ്പം താമസിക്കുന്ന മാതാപിതാക്കൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാരെ പുതിയ തീരുമാനം ബാധിക്കും. അയൽ രാജ്യമായ ഒമാനിൽ പോയി വീസ പുതുക്കാനുള്ള സൗകര്യം ട്രാവൽ ഏജൻസികൾ നൽകുന്നുണ്ട്. എന്നാൽ, അതിന് 1000 ദിർഹത്തിന് (ഏകദേശം 22,500 രൂപ) അടുത്താണ് യാത്രാ ചെലവ്. വീസ പുതുക്കുന്നതിന്റെ ചെലവ് വേറെയും.

കോവിഡ് കാലത്ത് രാജ്യ അതിർത്തികൾ അടച്ചിരുന്ന സാഹചര്യത്തിൽ മാനുഷിക പരിഗണനയിലാണ് പുറത്തു പോകാതെ തന്നെ വീസ പുതുക്കാൻ അനുവദിച്ചത്. ഇപ്പോൾ എല്ലാ രാജ്യങ്ങളും അതിർത്തി തുറക്കുകയും സാഹചര്യങ്ങൾ പഴയപടിയാവുകയും ചെയ്തതിനാലാണ് മുൻപത്തെ പോലെ തന്നെ വീസ നിയമം നടപ്പാക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചത്. വീസ മാറ്റത്തിന് ഒമാന് പുറമെ ബഹ്റൈനിലേക്കും ആളുകൾ ടിക്കറ്റ് എടുക്കുന്നുണ്ട്.

എന്നാൽ, പുതുവർഷാഘോഷത്തിരക്കു കണക്കിലെടുത്ത് കൃത്യമായ ആസൂത്രണത്തോടെ യാത്ര ചെയ്തില്ലെങ്കിൽ ടിക്കറ്റിനു വൻ തുക മുടക്കേണ്ടി വരും. കഴിയുന്നതും സ്വന്തം രാജ്യത്തേക്കു പോയി, പുതിയ വീസയിൽ മടങ്ങി വരുന്നതാണ് നല്ലതെന്നു ട്രാവൽ ഏജൻസികൾ പറയുന്നു. വീസ കാലാവധി തീർന്നവർ രാജ്യത്തു തുടരുന്നത് സുരക്ഷിതമല്ല. പിടിക്കപ്പെട്ടാൽ വൻ തുക പിഴയടയ്ക്കേണ്ടി വരുന്നതിനൊപ്പം നിയമ നടപടികളും യാത്രാ വിലക്കും നേരിടേണ്ടി വരും.

MORE IN GULF
SHOW MORE