'അതിശയങ്ങൾ പ്രതീക്ഷിക്കാം'; ഖത്തറിൽ നൽകിയ വാക്കുപാലിച്ച് ഹസൻ അൽ തവാദി

hassan
SHARE

'അതിശയങ്ങൾ പ്രതീക്ഷിക്കാം' എന്ന് ലോകത്തിന് കൊടുത്ത വാക്ക് പാലിച്ചു. പറയുന്നത് ഫിഫ ലോകകപ്പിന്റെ എക്കാലത്തെയും മികച്ച സംഘാടനത്തിന് ചുക്കാൻ പിടിച്ച സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി. 2010 ൽ 22-ാമത് ഫിഫ ലോകകപ്പിന്റെ ആതിഥേയത്വത്തിനുള്ള പ്രഖ്യാപന ദിനത്തിൽ ലോകത്തിന് നൽകിയ വാക്കാണ് ഖത്തർ ലോകകപ്പിൽ അതിശയങ്ങൾ പ്രതീക്ഷിക്കാം എന്നത്. ഏറ്റവും വിസ്മയകരമായ ലോകകപ്പ് തന്നെയാണ് ലോകത്തിന് സമ്മാനിച്ചത്. 

സൗഹൃദപരമായ, സമൂഹത്തിലെ എല്ലാവർക്കും പ്രാപ്യമായ ലോകകപ്പ് ഉറപ്പാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. സാംസ്‌കാരിക കൈമാറ്റത്തിന്റെ വേദി കൂടിയായി ടൂർണമെന്റിനെ മാറ്റാൻ കഴിഞ്ഞു. മത്സര വേദികളും താമസകേന്ദ്രങ്ങളും വിനോദ ഇടങ്ങളും തമ്മിൽ വലിയ അകലമില്ലാതിരുന്നത് സന്ദർശകർക്ക് മികച്ച അനുഭവം സമ്മാനിച്ചുവെന്നും അൽ തവാദി വ്യക്തമാക്കി. സ്റ്റേക്ക് ഹോൾഡർമാർ മാത്രമല്ല ആരാധകർ, കളിക്കാർ, മാധ്യമ പ്രവർത്തകർ, വൊളന്റിയർമാർ, തുടങ്ങി എല്ലാവരും മികച്ചതെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. അൽ തവാദി ചൂണ്ടിക്കാട്ടി.

29 ദിവസം നീണ്ട ലോകകപ്പ് കാഴ്ചകൾ ആസ്വദിക്കാൻ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയത് 14 ലക്ഷത്തിലധികം സന്ദർശകർ.ഇന്നലെ വൈകിട്ട് ലുസെയ്ൽ സ്‌റ്റേഡിയത്തിൽ നടന്ന അർജന്റീന-ഫ്രാൻസ് ഫൈനൽ മത്സരം കാണാനെത്തിയ ആരാധകരുടെ എണ്ണം കൂടി കണക്കിലെടുക്കുമ്പോൾ ലോകകപ്പ് കണ്ട മൊത്തം കാണികളുടെ (വിദേശത്ത് നിന്നെത്തിയവരുൾപ്പെടെ )എണ്ണം 34 ലക്ഷമെത്തും. അതായത് ഒരു ലോകകപ്പ് മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയ ആരാധകരുടെ ശരാശരി എണ്ണം 53,000. സ്റ്റേഡിയം ശേഷിയുടെ 96 ശതമാനത്തിലധികം വരും ഇത്.

ടൂർണമെന്റിന്റെ കോംപാക്ട് സവിശേഷതയാൽ ആരാധകർക്ക് പ്രതിദിനം ഒന്നിലധികം മത്സരങ്ങൾ കാണാൻ കഴിഞ്ഞുവെന്നതാണ് വലിയ നേട്ടം. സെൻട്രൽ ദോഹയിൽ നിന്ന് 8 സ്റ്റേഡിയങ്ങളിലേക്കും വേഗമെത്താൻ കഴിഞ്ഞതും നേട്ടമായി. മെട്രോ, ബസ്, ടാക്‌സി സർവീസുകളുടെ കാര്യക്ഷമത ആരാധകർക്ക് യാത്ര എളുപ്പമാക്കി.മത്സരങ്ങൾക്കപ്പുറം ലോകകപ്പ് ഫാൻ സോണുകളിലെയും ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയിലെയും കാർണിവൽ വേദിയായ കോർണിഷിലെയും കാഴ്ചകളിലേക്ക് എത്താനും സന്ദർശകർക്ക് ആവേശമായിരുന്നു. രാജ്യത്തുടനീളമായി നടന്ന വിനോദ പരിപാടികളിൽ പ്രതിദിനം 5,30,000 പേരാണ് എത്തിയത്.

MORE IN GULF
SHOW MORE