യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടിയിലേറെ വർധന; പകൽകൊള്ള

flight
SHARE

അബുദാബി: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടിയിലേറെ വർധന. ഒക്ടോബറിൽ 6000 രൂപയ്ക്കു ലഭിച്ചിരുന്ന വിമാന ടിക്കറ്റിന് ഇപ്പോൾ ശരാശരി 28,000 രൂപയിലേറെ നൽകണം. നിരക്കു വർധന  എല്ലാ എയർലൈനുകളും നടപ്പാക്കി. ക്രിസ്മസിനു നാട്ടിലേക്കു പ്രത്യേക നിരക്ക് പ്രഖ്യാപിച്ച (വൺവേ 730 ദിർഹം മുതൽ) എയർ ഇന്ത്യയിലും അതിനെക്കാൾ ഇരട്ടിയിലേറെ തുകയാണ് ഈടാക്കുന്നത്.

യുഎഇയിൽ 3 ആഴ്ചത്തെ ശൈത്യകാല അവധി ആരംഭിച്ചതും ക്രിസ്മസ്, പുതുവർഷ ആഘോഷത്തിനായി നാട്ടിലേക്കു പോകുന്നവരുടെ എണ്ണവും കണക്കിലെടുത്താണ് ഇപ്പോഴത്തെ വർധന. വെള്ളിയാഴ്ച അടച്ച സ്കൂളുകൾ ജനുവരി 2നാണ് തുറക്കുക. അതുകൊണ്ടുതന്നെ ഉയർന്ന നിരക്ക് ജനുവരി പകുതി വരെ തുടരും. യുഎഇയിൽ നിന്നു കേരളത്തിലേക്കു നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റുകൾ ലഭ്യമാണെങ്കിലും‍ ജനുവരിയിൽ യുഎഇയിലേക്കു നേരിട്ട് സർവീസ് നടത്തുന്ന ഭൂരിഭാഗം വിമാനങ്ങളിലും സീറ്റില്ല.

കണക്​ഷൻ വിമാനങ്ങളിൽ മറ്റു സെക്ടറുകൾ വഴി യാത്ര ചെയ്യണമെങ്കിലും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. ഇന്ന് ദുബായിൽനിന്ന് കൊച്ചിയിലേക്കു വൺവേയ്ക്കു ഫ്ലൈ ദുബായിൽ 29,800 രൂപയും മടക്കയാത്രയ്ക്കു 65,700 രൂപയുമാണ് നിരക്ക്. ഇൻഡിഗോയിൽ ഇത് യഥാക്രമം 32,300, 66,100, സ്പൈസ് ജെറ്റ് 32500, 65800, എയർ ഇന്ത്യ 36,200, 73,800, എയർ ഇന്ത്യ എക്സ്പ്രസ് 33,400, 65100 രൂപ എന്നിങ്ങനെയാണു നിരക്ക്. ഷാർജയിൽ നിന്ന് എയർ അറേബ്യയിലാണെങ്കിൽ ഇത് യഥാക്രമം 28,300, 65500 രൂപ.

നാലംഗ കുടുംബത്തിന് ഇന്ന് കൊച്ചിയിലേക്കു പോയി 2023 ജനുവരി ഒന്നിന് തിരിച്ചുവരണമെങ്കിൽ എയർ ഇന്ത്യ എക്സ്പ്രസിൽ 2,57,600 രൂപ നൽകണം. എയർ ഇന്ത്യ 2,63,500, സ്പൈസ് ജെറ്റ് 2,52,200, ഇൻഡിഗോ 2,74,100, എയർ അറേബ്യയിൽ ഷാർജയിൽ നിന്ന് കൊച്ചിയിലേക്കു 2,44,500 രൂപയും. യാത്ര അബുദാബിയിൽ നിന്നാണെങ്കിൽ ടിക്കറ്റിന്മേൽ കുറഞ്ഞത് 3000 രൂപയെങ്കിലും അധികം നൽകേണ്ടിവരും.

വാഗ്ദാനം 730 ദിർഹം;  ഈടാക്കുന്നത് 1860 ദിർഹം

ദുബായിൽനിന്ന് കൊച്ചി, കോഴിക്കോട്, ചെന്നൈ, ‍ഡൽഹി, മുംബൈ സെക്ടറുകളിലേക്കും ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുമുള്ള എയർ ഇന്ത്യ വിമാനത്തിൽ 730 ദിർഹം (16380 രൂപ) മുതൽ ടിക്കറ്റ് ലഭിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ വാഗ്ദാനം. ഈ ടിക്കറ്റ് ഉപയോഗിച്ച് ക്രിസ്മസിനു തലേന്നു വരെ (24) വരെ യാത്ര ചെയ്യാമെന്നും അറിയിച്ചിരുന്നു.

ഇതുകണ്ട് ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തിയവർ നിരക്കു കണ്ട് ഞെട്ടി. ഉദാഹരണത്തിന് ഇന്നു ദുബായിൽനിന്ന് കൊച്ചിയിലേക്കു പോകാനുള്ള ടിക്കറ്റിനു 1830 ദിർഹം (41063 രൂപ). ഇന്നു പോയി ജനുവരി ഒന്നിനു മടങ്ങി വരാനുള്ള മടക്കയാത്രാ ടിക്കറ്റിനു 3435 ദിർഹം (77077 രൂപ). നാലംഗ കുടുംബത്തിനു ഇതേ ദിവസങ്ങളിൽ പോയി തിരിച്ചുവരാൻ 12,140 ദിർഹം (2,72,408 രൂപ).

Air ticket prices from UAE increased by more than five times

MORE IN GULF
SHOW MORE