അർജന്റീനയെ വീഴ്ത്തി സൗദി; പോറ്റമ്മ നാടിന്റെ ആവേശത്തിൽ മലയാളികളും; ആഘോഷം

saudi-win
SHARE

ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ശക്തരായ അർജന്റീനയെ മലർത്തിയടിച്ച ‌ആഹ്ളാദത്തിൽ സൗദി അറേബ്യ. അറബ് മണ്ണിൽ തങ്ങളുടെ സ്വപ്നം സാക്ഷാൽക്കരിച്ചതിന്റെ ആഘോഷത്തിമിർപ്പിലാണ് രാജ്യമെങ്ങും. സൗദി ടീമിന്റെ വിജയത്തിൽ സ്‌പോർട്‌സ് മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ രാജകുമാരൻ ആഹ്ളാദം പ്രകടിപ്പിച്ചു.

മന്ത്രി കളി കാണാൻ എത്തിയിരുന്നു. സൗദി രണ്ടു ഗോളുകൾ നേടി പുതുചരിത്രം സൃഷ്ടിച്ചപ്പോൾ അദ്ദേഹം ആവേശത്തിലായി. സാലിഹ് അൽ ഷെഹ്‌രിയും സേലം അൽ ദോസരിയും ഗോളുകൾ നേടുന്ന നിമിഷങ്ങൾ അബ്ദുൽ അസീസ് ബിൻ തുർക്കി രാജകുമാരൻ സന്തോഷിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ ഇതിനകം പ്രചരിച്ചു.

വലിയ ആവേശത്തോടെയാണ് സൗദി മൽസരത്തെ സ്വീകരിച്ചത്. സർക്കാർ ജീവനക്കാർക്ക് മൽസരം കാണാന്‍ ഇന്ന് അവധി നൽകിയിരുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളും മൽസരം കാണാൻ അവസരം ഒരുക്കി. സ്വദേശികൾക്കൊപ്പം പ്രവാസികളും സൗദിയുടെ മൽസരം കാണാനും ടീമിനെ പിന്തുണയ്ക്കാനും എത്തിയിരുന്നു. 

വിജയത്തോടനുബന്ധിച്ച് റിയാദ് ബൊൾവാർഡ് സിറ്റി, ബൊൾവാർഡ് വേൾഡ്, വിന്റർ ലാൻഡ് എന്നിവയിലേയ്ക്ക് ഇന്ന് സൗജന്യമായി പ്രവേശിക്കാമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി തലവൻ കൗൺസിലർ തുർക്കി അൽ ഷെയ്ഖ് അറിയിച്ചു. അർജന്റീനയ്‌ക്കെതിരായ സൗദി ദേശീയ ടീമിന്റെ വിജയത്തെ ചരിത്ര ഞെട്ടലെന്നാണ് ഫിഫ വിശേഷിപ്പിച്ചത്. മത്സരശേഷം ഫിഫ അക്കൗണ്ടുകൾ ഇങ്ങനെ എഴുതി: "ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഞെട്ടലുകളിൽ ഒന്ന്."

കളിയിയുടെ 48-ാം മിനിറ്റിൽ സൗദിക്ക്‌ വേണ്ടി സാലിഹ് അൽ ശെഹ്രിയാണ് ആദ്യ ഗോളടിച്ചത്. 53-ാം മിനിറ്റിൽ സലിം അൽ ദൗസറി രണ്ടാമത്തെ ഗോളിലൂടെ അർജന്റീനയുടെ വല ചലിപ്പിച്ചു. ലയണൽ മെസിയുടെ പെനാൽറ്റിയിലാണ് അർജന്റീനയുടെ ഒരു ഗോൾ നേടിയത്. പരെഡെസിനെ ബോക്സിനകത്ത് 10–ാം മിനിറ്റിൽ അൽ ബുലയാഹി ഫൗൾ ചെയ്തതിനാണ് റഫറി അർജന്റീനക്ക് പെനാൽറ്റി അവസരം ലഭിച്ചത്. മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ മെസി എതിർ ഗോൾ പോസ്റ്റിലേക്ക് ഷോട്ട് ഉതിർത്ത് തുടങ്ങി. 21-ാം മിനിറ്റിൽ അർജന്റീനയുടെ ഗോമസ് നടത്തിയ ഗോൾ ശ്രമം വിജയിച്ചില്ല. 27-ാം മിനിറ്റിൽ ലൗട്ടാറോ മാർട്ടിനെസിലൂടെ അർജന്റീന എതിരാളിയുടെ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.

42-ാം മിനിറ്റിൽ ഡി പോളും മാർട്ടിനെസും നടത്തിയ ശ്രമങ്ങളിലും ഗോൾ പിറന്നില്ല. എന്നാൽ, 45-ാം മിനിറ്റിൽ പരുക്കേറ്റ സൽമാൻ അൽ ഫറജിന് പകരം നവാഫ് അൽ ആബിദിനെ സൗദി കളത്തിലിറക്കി. 59-ാം മിനിറ്റിൽ അർജന്റീന രണ്ടു പേരെ മാറ്റിയിറക്കി. അലജാൻഡ്രിയ ഗോമസിന് പകരം ജുലിയൻ അൽവാരസിനെയും ലിയാൻഡ്രോ പരദേസിന് പകരം എൻസോ ഫർണാണ്ടസുമാണ് പകരമിറങ്ങിയത്. സൗദിയുടെ വിജയം അറബ് ലോകത്തെയാകെ ആവേശത്തിലാക്കി. എല്ലായിടത്തും ആഘോഷം നടക്കുകയാണ്. സൗദിയിലെ അർജന്റീന ആരാധകരായ മലയാളികൾ പോലും തങ്ങളുടെ പോറ്റമ്മ നാടിന്റെ വിജയത്തിൽ സന്തോഷിക്കുന്നു.

MORE IN GULF
SHOW MORE