ഖത്തറിലേക്കു വിമാനം കയറുന്നവർക്കു കീശ പൊള്ളും: കളി കാണാൻ വേണം കൈ നിറയെ കാശ്

flight11-6
SHARE

കൊച്ചി : ക്രിസ്മസ് – പുതുവത്സര യാത്രകളും ടൂറിസം സീസണും ലോകകപ്പ് ഫുട്ബോളും വിമാന യാത്രികരുടെ തിരക്കേറ്റുമ്പോൾ ടിക്കറ്റ് നിരക്കുകൾ ഉയരുന്നത് ആകാശം മുട്ടെ; വർധന 500 % വരെ. ലോകകപ്പ് നേരിൽ ആസ്വദിക്കാൻ ഖത്തറിലേക്കു വിമാനം കയറുന്നവർക്കു കീശ പൊള്ളും. കൊച്ചി – ദോഹ ശരാശരി നിരക്ക് 20,000 – 25000 രൂപയിൽ നിന്ന് ഉയർന്നത് 60,000 – 80000 രൂപ വരെ! 

കളി കാണാൻ വേണം കീശ നിറയെ കാശ് 

കൊച്ചിയിൽ നിന്നു നേരിട്ടു ഖത്തറിലേക്കു സർവീസ് നടത്തുന്ന ഖത്തർ എയർവേയ്സ്, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എയർലൈൻസ്  നിരക്കുകളെല്ലാം പറക്കുന്നത് ഉയരങ്ങളിലൂടെയാണ്. യുഎഇയിലെ ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ നഗരങ്ങൾ വഴി ദോഹയിലേക്കുള്ള നിരക്കുകളുടെ സ്ഥിതിയും അങ്ങനെ തന്നെ. കൊച്ചിയിൽ നിന്ന് ഈ വിമാനത്താവളങ്ങൾ വഴി ദോഹയിലേക്കു പറക്കുന്നതിന് ഇപ്പോൾ 80,000 രൂപയോളമാണു ചെലവ്. ഡിസംബർ അവസാനം വരെ നിരക്കുകൾ ഉയർന്നു തന്നെ പറക്കും. (വിമാന കമ്പനി, ബുക്ക് ചെയ്യുന്ന യാത്രാ ദിവസം, സമയം, പാക്കേജുകൾ എന്നിവയനുസരിച്ചു നിരക്കുകളിൽ വ്യത്യാസമുണ്ടാകാം)

കുടുംബസമേതം കേരളത്തിലേക്ക്; ചെലവ് 1 ലക്ഷം 

മുംബൈ – കൊച്ചി വിമാന ടിക്കറ്റ്  നിരക്ക് 26,000–31,000 രൂപയാണ്. (ഡിസംബർ 23 ന്റെ നിരക്ക്; നോൺ സ്റ്റോപ് വിമാനങ്ങളിൽ). 4 പേർ അടങ്ങുന്ന  കുടുംബത്തിനു ഒരു ദിശയിലേക്കു മാത്രം യാത്രാച്ചെലവ് ഒരു ലക്ഷത്തിലേറെ രൂപ. തിരക്കില്ലാത്ത സീസണിൽ ശരാശരി 6,000 – 6500  രൂപ മാത്രമാണു നിരക്ക്. മുംബൈ – തിരുവനന്തപുരം യാത്രയ്ക്ക് 15,000 – 19,000 രൂപ. സാധാരണ നിരക്ക് 7,000 രൂപ. മുംബൈ – കോഴിക്കോട് നിരക്ക് 11,000 രൂപയ്ക്കു മുകളിൽ. സാധാരണ നിരക്ക് 5,000–7,000 രൂപ. മുംബൈ – കണ്ണൂർ സെക്ടറിൽ 8,850 രൂപയാണു ടിക്കറ്റ് നിരക്ക്. തിരക്കില്ലാത്ത സീസണിൽ 3900 –7000 രൂപ. 

Big increase in flight ticket prices to Qatar

MORE IN GULF
SHOW MORE