ഏജന്റ് ചതിച്ചു, കിടക്കാൻ പോലും ഇടമില്ല, വൃക്ക വിറ്റും കടം വീട്ടും; മലയാളി യുവതി ദുബായിൽ ദുരിതത്തിൽ

malayali-women-in-dubai
SHARE

കാറ്ററിങ് സർവീസ് ലൈസൻസ് നൽകാമെന്നു പറഞ്ഞ് ഏജന്റ് ചതിച്ചതിനാൽ മലയാളി വനിത ദുബായിൽ ദുരിതത്തിൽ. കണ്ണൂർ പൊടിക്കുണ്ട് സ്വദേശിനി ബഷീറയാണ് താമസിക്കാൻ പോലും ഇടമില്ലാതെ ദുരിതമനുഭവിക്കുന്നത്. വീട്ടുജോലിക്കായാണ് ബഷീറ ആദ്യം ദുബായിലെത്തിയത്. പിന്നീട് കോവിഡ്19 പ്രതിസന്ധി രൂക്ഷമായപ്പോൾ ആ ജോലി നഷ്ടപ്പെട്ടു. 

തുടർന്ന് ജീവിക്കാനായി ബാച്‌ലർ താമസ സ്ഥലങ്ങളിലേയ്ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാൻ തുടങ്ങി. ഈ സമയത്താണ് കോട്ടയം സ്വദേശി ഷംസുദ്ദീൻ ഭക്ഷണം ഉണ്ടാക്കി നൽകാനുളള കാറ്ററിങ് സർവീസ് ലൈസൻസ് ശരിയാക്കി നൽകാമെന്നു പറഞ്ഞ് ബഷീറയെ സമീപിക്കുന്നത്. തുടർന്ന് പലരുടെയും കൈയിൽ നിന്ന് കടം വാങ്ങിയും വായ്പയെടുത്തും 22,000 ദിർഹം ഷംസുദ്ദീന് കൈമാറി. എന്നാൽ, ഇയാൾ ചതിക്കുകയായിരുന്നുവെന്നാണ് ബഷീറ പറയുന്നത്. ഇപ്പോൾ വിളിക്കുമ്പോൾ ഫോൺ കിട്ടാതെയായെന്നും ഇയാൾ എവിടെയാണെന്നു പോലും തനിക്ക് അറിയില്ലെന്നും ബഷീറ പറയുന്നു. 

പലരുടെയും കൈയ്യിൽ നിന്നു പണം കടം വാങ്ങിയായിരുന്നു അന്ന് ഷംസുദ്ദീനു പണം നൽകിയത്. ഇപ്പോൾ കടക്കാരോട് എന്തുപറയണമെന്ന് അറിയാത്ത അവസ്ഥയിലാണ് ബഷീറ. താമസിക്കുന്ന സ്ഥലത്തുനിന്ന് ഇറക്കിവിട്ടതിനാൽ പലരുടെയും സഹായത്താലാണ് ഇപ്പോൾ കഴിയുന്നതെന്ന് ഇവർക്ക് സഹായം നൽകുന്ന സാമൂഹിക പ്രവർത്തക കൂടിയായ അഡ്വ.പ്രീത ശ്രീറാം മാധവ് പറഞ്ഞു.

ജീവിതം പ്രതിസന്ധിയിൽ; നന്മമനസ്സുകളിൽ പ്രതീക്ഷ

സന്ദർശക വീസയിൽ താമസിച്ചിരുന്ന ബഷീറ വീസ പുതുക്കാനായി മൂന്നു പേർക്ക്‌ പണം നൽകുകയും അവർ ചതിക്കുകയും ചെയ്തു. ഷംസുദ്ദീനും വീസയ്ക്കും നൽകാനായി പലരുടെയും കകൈയിൽ നിന്നും പണം കടം വാങ്ങിയാണ് ബഷീറ ഇത്രയും തുക കണ്ടെത്തിയത്. ഇന്നു കിടപ്പാടം ഇല്ല എന്നതു മാത്രമല്ല കടക്കാരെ സമാധാനിപ്പിക്കാനാകാതെ നിൽക്കുകയും ചെയ്യുന്നു. കടം നൽകിയവരോട് എന്തു പറയണം എന്നതിൽ ഉത്തരം ഇല്ലാതെ വിഷമാവസ്ഥയിലാണെന്ന് ബഷീറ മനോരമ ഒാൺലൈനിനോട് പറഞ്ഞു. കാറ്ററിങ് സർവീസ് ലൈസൻസിനും വീസയ്ക്കും വേണ്ടി ഏകദേശം 50,000 ദിർഹം കടം വാങ്ങി. ഇൗ പണം മുഴുവൻ തിരികെ നൽകും എന്നല്ലാതെ അതു എങ്ങനെ എന്നുള്ളത് ഇപ്പോഴും ബഷീറയ്ക്കു മുൻപിൽ ഒരു ചോദ്യച്ചിഹ്നമായി നിൽക്കുന്നു. 

വൃക്ക വിറ്റാണെങ്കിലും കടം വീട്ടും

തന്നെ സമീപിക്കുന്ന കടക്കാരോട് അൽപം സാവകാശമാണ് ബഷീറ ആദ്യം ആവശ്യപ്പെടുന്നത്. ഇത് വിശ്വസിക്കാതെ ശല്യപ്പെടുത്തുമ്പോൾ, സ്വന്തം വൃക്ക വീറ്റിട്ടായാലും കടം വീട്ടും എന്ന് ഉറപ്പിച്ചു പറയുന്നു. പലയിടങ്ങളിലായി മാറി മാറി താമസിച്ചു രാവുകൾ കഴിച്ചുകൂട്ടുന്ന സങ്കടകരമായ അവസ്ഥയിലാണ് ബഷീറയെന്ന് അഡ്വ.പ്രീത ശ്രീറാം മാധവ് പറഞ്ഞു. ഇനി മുൻപോട്ടു എന്ത് വഴി എന്നാണ് ആലോചന. ബഷീറയെ ബന്ധപ്പെടേണ്ട നമ്പർ: 0097152 7318377 (അഡ്വ.പ്രീത).

MORE IN GULF
SHOW MORE