'അക്രമത്തെയും തിന്മയെയും ചെറുക്കുക'; മാർപ്പാപ്പ ബഹ്റൈനിൽ; ചരിത്രനിമിഷം

pope-bahrain
SHARE

എല്ലാവരെയും സ്നേഹിച്ചുകൊണ്ട് അക്രമത്തെയും തിന്മയേയും ചെറുക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ബഹ്റൈൻ  നാഷണൽ സ്റ്റേഡിയത്തിലെ കുർബാനയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതാദ്യമായാണ് ഒരു മാർപാപ്പ ബഹ്റൈൻ സന്ദർശിക്കുന്നത്. 111 രാജ്യക്കാർ കുർബാനയിൽ പങ്കെടുത്തെന്ന് ബഹ്റൈൻ സർക്കാർ അറിയിച്ചു.

ചരിത്രനിമിഷത്തിനാണ് ബഹ്റൈൻ നാഷണൽ സ്റ്റേഡിയം വേദിയായത്. പതിനായിരങ്ങളെ സാക്ഷിയാക്കി  മാർപാപ്പ കുർബാന ചൊല്ലി. കുർബാനയിൽ പങ്കെടുക്കാൻ ഇന്നലെ രാത്രി തന്നെ ജനങ്ങൾ സ്റ്റേഡിയത്തിലേക്ക് എത്തി തുടങ്ങിയിരുന്നു. 24000 പേർക്ക് ഇരിക്കാൻ സൌകര്യമുള്ള സ്റ്റേഡിയത്തിൽ മുപ്പതിനായിരത്തിലേറെപേരാണ് മാർപാപ്പയെ കാണാനും കുർബാന സ്വീകരിക്കാനുമെത്തിയത്.  ഇന്ത്യയുൾപ്പെടെ മറ്റ് രാജ്യങ്ങളിൽ നിന്നും ഒട്ടേറെപേരെത്തിയിരുന്നു.

സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞുനിന്ന ജനങ്ങളോട്,, എല്ലാവരെയും എപ്പോഴും സനേഹിക്കാനായിരുന്നു മാർപാപ്പയുടെ ആഹ്വാനം. അക്രമത്തെ അക്രമംകൊണ്ട് നേരിട്ടാൽ സമാധാനമുണ്ടാകില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. എതിരാളികളെ സ്നേഹികുകയെന്നാൽ ഭൂമിയെ സ്വർഗതുല്യമാക്കുക എന്നാണെന്നും അദ്ദേഹം പറഞ്ഞു.

ടെഗലോഗ്, സ്വാഹിലി, മലയാളം, കൊങ്കിണി, തമിഴ് ഉൾപ്പെടെ വിവിധ ഭാഷകളിൽ  പ്രാർഥനകൾ വായിച്ചു. സ്റ്റേഡിയിത്തിൽ ഒത്തുചേർന്നവരോട് നന്ദി പറഞ്ഞ മാർപാപ്പ ആഗോള കത്തോലിക സഭയുടെ സ്നേഹവും കരുതലും അവരുമായി പങ്കുവച്ച ശേഷമാണ് മടങ്ങിയത്. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ ഒരു പുത്രനും വിവിധ സർക്കാർ ഉദ്യോഗസ്ഥരും കുർബാനയിൽ പങ്കെടുത്തു.

MORE IN GULF
SHOW MORE