ബാങ്ക് ജോലി വിട്ട് ജ്വല്ലറി; ‘സ്വർണ’ക്കുതിപ്പിനിടെ ജയിൽവാസം: ഒരു അറേബ്യൻ ത്രില്ലർ ജീവിതം

atlas-ramachandran
SHARE

തിരക്കേറിയ ബിസിനസ് ജീവിതത്തിനിടയിലും കലയും സാഹിത്യവും സിനിമയുമായുള്ള ബന്ധം അറ്റ്ലസ് രാമചന്ദ്രൻ തുടർന്നുപോന്നു. മലയാള സിനിമാരംഗത്ത് ചലനം സൃഷ്ടിച്ച വൈശാലി ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ നിർമാണത്തിനു പുറമേ  ഇന്നലെ, കൗരവർ, വെങ്കലം, ചകോരം തുടങ്ങിയ സിനിമകൾ വിതരണം ചെയ്തത് അദ്ദേഹത്തിന്റെ ഫിലിം ഡിസ്ട്രിബ്യൂഷൻ കമ്പനിയാണ്. ഹോളി ഡെയ്സ് എന്നൊരു സിനിമ സംവിധാനവും ചെയ്തു. ദുബായിലും തൃശൂരും അക്ഷരശ്ലോക സദസ്സുകളും സംഘടിപ്പിക്കുന്നതിൽ ശ്രദ്ധിച്ചു.

1942 ജൂലൈ 31ന് തൃശൂർ മധുകര മൂത്തേടത്ത് കമലാകരമേനോന്റെയും രുഗ്മിണിയമ്മയുടേയും മകനായി ജനിച്ച രാമചന്ദ്രൻ കൊമേഴ്സാണു പഠിച്ചത്. കാനറാ ബാങ്കിലും പിന്നീട് എസ്ബിടിയിലും ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 1970കളിൽ ജോലി രാജിവച്ച് ഗൾഫിലേക്ക് പോയി. കുവൈത്തിൽ ബാങ്ക് ജോലിയിൽ തന്നെയായിരുന്നു തുടക്കം. എന്നാൽ എൺപതുകളുടെ അവസാനത്തിൽ ജോലി ഉപേക്ഷിച്ച് സ്വർണവ്യാപാരം തുടങ്ങി. അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പ് എന്ന പ്രശസ്ത സ്ഥാപനത്തിന്റെ വിത്തുപാകിയത് അങ്ങനെ. കുവൈത്തിൽ ഇറാഖിന്റെ ആക്രമണം ഉണ്ടായപ്പോൾ ജ്വല്ലറി ബിസിനസിന്റെ ആസ്ഥാനം അദ്ദേഹം ദുബായിലേക്കു മാറ്റി. പിന്നീട് അറ്റ്്‌ലസിന്റെ വലിയ കുതിപ്പിനാണ് വ്യവസായലോകം സാക്ഷ്യം വഹിച്ചത്.

ഗ്രൂപ്പിന്റെ പ്രവർത്തനം നല്ലനിലയിൽ മുന്നോട്ടുപോകുമ്പോഴാണ് രാമചന്ദ്രന്റെ അറസ്റ്റും ജയിൽവാസവും സംഭവിക്കുന്നത്. തന്റെ വളർച്ചയിൽ അസൂയാലുക്കളായ ചിലരാണ് സംഭവത്തിനുപിന്നിലെന്നാണ് രാമചന്ദ്രൻ വിശ്വസിച്ചിരുന്നത്. ഗൾഫിലെയും ഇന്ത്യയിലെയും വിവിധ ബാങ്കുകളുമായി നിരന്തരം വായ്പാ ഇടപാടുകൾ നടത്തിക്കൊണ്ടിരുന്ന രാമചന്ദ്രന് വായ്പ ഉറപ്പു നൽകിയിരുന്ന രണ്ട് ബാങ്കുകൾ പൊടുന്നനെ വായ്പ നിഷേധിച്ചതാണ് പ്രശ്നങ്ങൾ‍ക്കു കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.

ദുബായ് അവീറിലെ ജയിലിലായിരുന്നു അദ്ദേഹത്തിന്റെ തടവ്. ഏകാന്തതയായിരുന്നു തടവുകാലത്ത് രാമചന്ദ്രനെ ഏറ്റവും വിഷമിപ്പിച്ചത്. ജീവിതത്തിന്റെ സ്വിച്ച് ഇടയ്ക്ക് ഒന്ന് ഓഫ് ചെയ്ത് വയ്ക്കേണ്ടി വന്നെന്ന് അദ്ദേഹം അതെക്കുറിച്ച് പിൽക്കാലത്ത് പറഞ്ഞു. 

MORE IN GULF
SHOW MORE