യുഎഇ വീസ റദ്ദാക്കി നാട്ടിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; ബാധ്യത തീർത്തില്ലെങ്കിൽ...

uae-visa
Photo credit : Casezy idea/ Shutterstock.com
SHARE

അബുദാബി: യുഎഇയിൽനിന്ന് വീസ റദ്ദാക്കി നാട്ടിലേക്കു പോയി വ്യത്യസ്ത കാരണങ്ങളാൽ നിയമക്കുരുക്കിൽപ്പെട്ട് മടങ്ങിവരാനാകാതെ പ്രയാസപ്പെടുന്ന ഒട്ടേറെ മലയാളികളുണ്ട്. സുഹൃത്തുക്കളെയും ബന്ധുക്കളെയും വിശ്വസിച്ചു സാമ്പത്തിക കെണിയിൽ അകപ്പെട്ടവരും ബാങ്കിനെയും കെട്ടിട ഉടമയെയും മറ്റും കബളിപ്പിച്ച് നാടുവിട്ടവരും ഇക്കൂട്ടത്തിലുണ്ട്.

സ്വന്തം പേരിൽ കേസുള്ളത് അറിയാതെ തിരിച്ചെത്തി ജയിലിലായ മലയാളികളും ഒട്ടേറെ. ഇത്തരം കേസുകളിൽ അറസ്റ്റ് വാറന്റ് നിലനിൽക്കുന്നതിനാൽ രാജ്യത്ത് എത്തിയ ഉടൻ പിടികൂടി ബന്ധപ്പെട്ട കോടതിയിൽ ഹാജരാക്കുകയാണ് ചെയ്യുക. കോടതി വിധി പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ഇതിന് ആഴ്ചകൾ എടുക്കും. എന്നാൽ ഒന്നു ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതാണ് ഭൂരിഭാഗം കേസുകളും. വീസ റദ്ദാക്കുന്നതിനു മുൻപ് സ്വന്തം പേരിൽ ഒരു ബാധ്യതയും ഇല്ലെന്നു ഉറപ്പാക്കണം.

വീസ, ലേബർ കാർഡ്, തൊഴിൽ കരാർ, ബാങ്ക് അക്കൗണ്ട്, ജലവൈദ്യുതി, ഫോൺ, ഇന്റർനെറ്റ് കണക്‌ഷൻ, കെട്ടിട വാടക, വാഹനം തുടങ്ങി സ്വന്തം പേരിലുള്ള എല്ലാ ബാധ്യതകളും തീർത്ത് എല്ലാ ഫയലുകളും കുറ്റമറ്റതാക്കി ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് അൽകബ്ബാൻ അഡ്വക്കറ്റ്സിലെ സീനിയർ ‍ലീഗൽ കൺസറ്റന്റായ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി പറഞ്ഞു.

കുരുക്കിൽപ്പെടാതിരിക്കാൻ, അഴിയെണ്ണാതിരിക്കാൻ...

വാടകക്കരാർ റദ്ദാക്കണം

വാടക കരാർ അവസാനിപ്പിക്കുന്നവർ 90 ദിവസം മുൻപ് കെട്ടിട ഉടമയെ രേഖാമൂലം അറിയിക്കണം. അടിയന്തര സാഹചര്യത്തിലാണ് ഒഴിയുന്നതെങ്കിൽ ഉടമയെ നേരിൽ കണ്ട് ഒത്തുതീർപ്പിലെത്താം. രണ്ടായാലും കുടിശിക ഇല്ലെന്നും ഫ്ലാറ്റ് ഉടമയ്ക്ക് കൈമാറിയതായും രേഖാമൂലം എഴുതി വാങ്ങണം. ഇതു ചെയ്തില്ലെങ്കിൽ ഭാവിയിൽ ഉടമ പരാതി നൽകിയാൽ അതനുസരിച്ച് വർഷങ്ങളുടെ വാടക നൽകേണ്ടിവരും.

ജല, വൈദ്യുതി

ജല–വൈദ്യുതി കണക്‌ഷൻ വിച്ഛേദിച്ചാലേ വാടക കരാർ റദ്ദാക്കൂ. ബന്ധപ്പെട്ട എമിറേറ്റിലെ ജല, വൈദ്യുതി ദാതാക്കൾക്ക് അപേക്ഷ നൽകി നിശ്ചിത ദിവസം കണക്‌ഷൻ റദ്ദാക്കാൻ ആവശ്യപ്പെടാം. അതുവരെയുള്ള കുടിശിക തീർക്കണം. കുടിശ്ശികയില്ലെന്ന അറിയിപ്പും വാങ്ങണം.

ക്രെഡിറ്റ് കാർഡ്

ക്രെഡിറ്റ് കാർഡ്, വായ്പാ കുടിശിക ഉണ്ടെങ്കിൽ അത് തീർത്താൽ മാത്രം പോര. പണം അടയ്ക്കാനില്ലെന്നും ക്രെഡിറ്റ് കാർഡും അക്കൗണ്ടും റദ്ദാക്കിയതായും രേഖാമൂലം വാങ്ങണം. ഇതു ചെയ്തില്ലെങ്കിൽ പിന്നീട് ബാങ്ക് കേസ് കൊടുത്താൽ സിവിൽ കേസ് പ്രകാരം കോടതി വിധിച്ച മുഴുവൻ തുകയും കോടതി ചെലവും പലിശയും വക്കീൽ ഫീസുമെല്ലാം അടയ്ക്കേണ്ടിവരും.

വാഹനത്തിന്റെ ഉടമസ്ഥാവകാശം

സ്വന്തം പേരിലുള്ള വാഹനം വിറ്റ് ഉടമസ്ഥാവകാശം കൈമാറണം. വാഹന വായ്പ ഉണ്ടെങ്കിൽ തീർക്കണം. വാഹനം മറ്റാരെയെങ്കിലും ഏൽപ്പിച്ചാൽ ഇതിന്മേൽ വരുന്ന എല്ലാ കേസുകൾക്കും ഉടമ ഉത്തരം പറയേണ്ടിവരും. വായ്പയുള്ള വാഹനം മറ്റൊരാളെ ഏൽപിച്ചു പോകുന്നതും നല്ലതല്ല. വായ്പ അടച്ചില്ലെങ്കിലും നിയമവിരുദ്ധ കാര്യങ്ങൾക്ക് വാഹനം ഉപയോഗിച്ചാലും ഉടമ കുടങ്ങും.

വാഹനം വിറ്റില്ലെങ്കിൽ

വിൽക്കാത്ത വാഹനം മറ്റാർക്കെങ്കിലും‍ താൽക്കാലികമായി ഉപയോഗിക്കാൻ നൽകിയാൽ പവർ അറ്റോർണി എഴുതി നോട്ടറിയെക്കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കണം. യാത്രാ ആവശ്യത്തിനല്ലാതെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വാഹനം ഉപയോഗിച്ചാൽ ഉത്തരവാദിത്തം പ്രസ്തുത വ്യക്തിക്കു മാത്രമായിരിക്കുമെന്ന കരാർ എഴുതി വാങ്ങണം. വാഹനം മറ്റൊരാൾക്ക് വാടകയ്ക്ക് നൽകാനോ മറിച്ചുവിൽക്കാനോ ഉടമസ്ഥാവകാശം കൈമാറാനോ പാടില്ലെന്നും എഴുതിയിരിക്കണം. തിരിച്ചുവരാത്ത ആളാണെങ്കിൽ ഇങ്ങനെ കൈമാറരുത്. എന്നാൽ വാഹനം വിൽക്കാൻ മറ്റൊരാളെ ചുമതലപ്പെടുത്താം. 

ഫോൺ, ഇന്റർനെറ്റ്

വ്യക്തികളുടെ പേരിൽ ഉള്ള മൊബൈൽ, ലാൻഡ് ലൈൻ, ഡയലപ്, ഇന്റർനെറ്റ് കണക്‌ഷനുകളെല്ലാം റദ്ദാക്കണം. പ്രീപെയ്ഡ് ആയാലും പോസ്റ്റ് പെയ്ഡ് ആയാലും കുടിശിക തീർത്ത് രേഖാമൂലം എഴുതിവാങ്ങാം.

MORE IN GULF
SHOW MORE