ഓൺലൈനിലൂടെ ടിക്കറ്റെടുത്തു; മലയാളിക്ക് ദുബായിൽ നിന്ന് കോടികൾ; കടൽ കടന്ന ഭാഗ്യം

dubai-duty-free
SHARE

ദുബായിൽ കോടികളുടെ ഭാഗ്യം ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാളിക്ക്. ഇപ്രാവശ്യം ഭാഗ്യം തേടിയെത്തിയത് കേരളത്തിൽ നിന്ന് ഒാൺലൈൻ വഴി നറുക്കെടുത്ത മുഹമ്മദ് നസറുദ്ദീൻ എന്നയാൾക്ക്.

ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ മൈൽസ്റ്റോൺ സീരീസ് 400 നറുക്കെടുപ്പിലാണ് മുഹമ്മദ് നസറുദ്ദീന് എട്ട് കോടിയോളം രൂപ(10 ലക്ഷം ഡോളർ) സമ്മാനമായി ലഭിച്ചത്.  ഓഗസ്റ്റ് 31-ന് ഓൺലൈനിൽ വാങ്ങിയ 3768  ടിക്കറ്റ് ആണ് ഭാഗ്യം കടലിനപ്പുറത്തെത്തിച്ചത്.  2014 മുതൽ ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനിൽ സ്ഥിരമായി പങ്കെടുക്കുന്ന നസറുദ്ദീൻ സീരീസ് 400-ന് രണ്ട് ടിക്കറ്റുകൾ വാങ്ങിയിരുന്നു. ഖത്തറിലെ ദോഹയിൽ കുടുംബാംഗത്തെ സന്ദർശിച്ച ശേഷം ഇന്ന് കേരളത്തിൽ തിരിച്ചെത്തിയപ്പോഴാണ് ഭാഗ്യവാനായ കാര്യം അറിയുന്നത്. യാത്ര കാരണം പതിവായുള്ള ദുബായ് ഡ്യൂട്ടി ഫ്രീ ഫെയ്‌സ്ബുക്കിലെ 'ലൈവ്' നറുക്കെടുപ്പ് കാണാൻ സാധിച്ചിരുന്നില്ലെന്ന് ഇദ്ദേഹം പറഞ്ഞു. എന്നാൽ താൻ വിജയിച്ചതായി അറിയിച്ചുകൊണ്ട് ദുബായ് ഡ്യൂട്ടി ഫ്രീയിൽ നിന്ന് കോൾ ലഭിച്ചപ്പോൾ സന്തോഷം അടക്കാനായില്ല.

ഇൗ സമ്മാനം തന്റേയും കുടുംബത്തിന്റെയും ജീവിതത്തെ മാറ്റിമറിച്ചതായി മുഹമ്മദ് നസറുദ്ദീൻ പറഞ്ഞു. 1999-ൽ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചതിന് ശേഷം 10 ലക്ഷം ഡോളർ നേടിയ 196–ാമത്തെ ഇന്ത്യൻ പൗരനാണ് നസറുദ്ദീൻ. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ടിക്കറ്റ് വാങ്ങുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണെന്ന് എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനും സിഇഒയുമായ കോം മക്‌ലോഗ്ലിൻ പറഞ്ഞു, "

ഇതോടൊപ്പം നടന്ന മൂന്ന് ആഡംബര വാഹനങ്ങൾക്കായുള്ള മികച്ച നറുക്കെടുപ്പിൽ  യുഎസിലെ വിർജീനിയക്കാരനായ സക്കറി വന്നോയ് ആഡംബര കാർ സ്വന്തമാക്കി. ബെയ്‌റൂത്തുകാരനായ സെയ്ദ് ഗെദിയോൻ ആഡംബര മോട്ടോർബൈക്കും നേടി.  മുംബൈ സ്വദേശിനി നഹീദ് പാണ്ഡെ  ബിഎംഡബ്ല്യു ആർ ടി അർബൻ ജി/എസ് (ഇംപീരിയൽ ബ്ലൂ മെറ്റാലിക്) മോട്ടോർബൈക്ക് നേടി. 15 വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനിൽ സ്ഥിരമായി പങ്കെടുക്കുന്ന, മൂന്ന് കുട്ടികളുടെ അമ്മ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. 

MORE IN GULF
SHOW MORE