ദുബായിൽ ടോൾ പിരിക്കുന്ന ‘സാലിക്’ ഓഹരി വിൽക്കുന്നു; പ്രവാസികൾക്കും വാങ്ങാം

toll-gate-dubai
SHARE

ദുബായ്: എമിറേറ്റിൽ റോഡ് ടോൾ പിരിക്കുന്നതിനുള്ള സംവിധാനമായ സാലിക്  20 ശതമാനം ഓഹരികൾ ജനങ്ങൾക്കു വിൽക്കുന്നു. സ്വദേശികൾക്കും വിദേശികൾക്കും സാലിക്കിന്റെ ഓഹരികൾ വാങ്ങാം. ദുബായിൽ ഏറ്റവും അധികം വരുമാനമുള്ള സർക്കാർ സംരംഭമാണു ടോൾ പിരിവ്.

ഓഹരി വിപണിയിൽ വൻ കുതിപ്പാണു പുതിയ തീരുമാനത്തോടെ പ്രതീക്ഷിക്കുന്നത്. ഓഹരിയുടെ വില ഇനിയും പുറത്തു വിട്ടിട്ടില്ല. മൊത്തം 150 കോടി ഓഹരികൾ വിൽക്കും. 15 മുതൽ 20 വരെയാണ് വിൽപന. രാജ്യത്തെ പ്രമുഖ ബാങ്കുകളിലെല്ലാം സാലിക്കിന്റെ ഓഹരി ലഭിക്കും. 2007ലാണ് ദുബായിൽ സാലിക് ഏർപ്പെടുത്തിയത്. ഇതിനോടകം 8 ടോൾ ഗേറ്റുകൾ എമിറേറ്റിലുണ്ട്.

അൽ ബർഷ, ജബൽ അലി, അൽ മംസർ നോർത്ത്, അൽ മസാർ സൗത്ത്, അൽ ഗറൂദ്, രാജ്യാന്തര വിമാനത്താവളത്തിന്റെ ടണൽ, അൽ മക്തും ബ്രിജ് എന്നിവിടങ്ങളിലാണ് നിലവിലെ ടോൾ ഗേറ്റ്. ഭാവിയിൽ കൂടുതൽ ടോൾ ഗേറ്റുകൾ വരാനുള്ള സാധ്യതയും നിലവിലുണ്ട്. 48.1 കോടി ട്രിപ്പുകളാണ് 2021ൽ സാലിക് വഴി കടന്നു പോയത്.

ഈ വർഷം ജൂൺ വരെ 26.7 കോടി വാഹനങ്ങൾ സാലിക് ഗേറ്റ് വഴി കടന്നു പോയി. കഴിഞ്ഞ വർഷം സാലിക് വഴിയുണ്ടായ വരുമാനം 169 കോടി ദിർഹമാണ് (3633 കോടി രൂപ). ഈ വർഷം ഇതുവരെ 94.49 കോടി ദിർഹം (2031 കോടി രൂപ) സാലിക് വരുമാനം ഉണ്ടായി. ഏറ്റവും സുരക്ഷിതമായ നിക്ഷേപം എന്ന നിലയിലാണ് ഓഹരി വിൽപനയെ അവതരിപ്പിച്ചിരിക്കുന്നത്.

ഭൂരിഭാഗം ഓഹരിയും സർക്കാരിന്റെ കയ്യിലാണ്. 20 ശതമാനം ഓഹരി വിൽക്കുമ്പോൾ 80 ശതമാനവും ദുബായ് ഗവൺമെന്റ് നിലനിർത്തിയിട്ടുണ്ട്. ഓഹരി വിൽപനയ്ക്കു കൂടുതൽ സുതാര്യത ഉറപ്പു വരുത്താൻ ലക്ഷ്യമിട്ടാണ് ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഈ മാസം 29ന് കമ്പനി ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യപ്പെടും. പബ്ലിക് ജോയിന്റ് സ്റ്റോക് കമ്പനിയായി ജൂണിൽ തന്നെ സാലിക്  മാറിയിരുന്നു.

8000 കോടി രൂപയാണ് ഓഹരി വിൽപനയിലൂടെ സാലിക് ലക്ഷ്യമിടുന്നത്. ഒരാൾക്ക് കുറഞ്ഞത് 1000 ഓഹരികൾ സ്വന്തമാക്കാം. പരമാവധി സ്വന്തമാക്കാവുന്ന ഓഹരികൾക്ക് പരിധി നിശ്ചയിച്ചിട്ടില്ല. ഓഹരി വിൽപന നടത്തുന്ന മൂന്നാമത്തെ പൊതുമേഖലാ സ്ഥാപനമാണ് സാലിക്. ഏപ്രിലിൽ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) ഓഹരി വിൽപനയിലൂടെ 610 കോടി ഡോളറാണ് (4.8 ലക്ഷം കോടി രൂപ)സമാഹരിച്ചത്. ജൂണിൽ ബിസിനസ് പാർക്കായ ടീകോം ഓഹരി വിൽപനയിലൂടെ 1.36 ലക്ഷം കോടി രൂപയാണ് നേടിയത്.

സാലിക് ഓഹരി ഉടമകൾക്ക് ആദ്യ ലാഭ വിഹിതം 2023 ഏപ്രിലിൽ ലഭിക്കും. ലാഭത്തിന്റെ 100 ശതമാനവും വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എമിറേറ്റ്സ് എൻബിഡി, അബുദാബി കൊമേഴ്സ്യൽ ബാങ്ക്, അബുദാബി ഇസ്‌ലാമിക് ബാങ്ക്, അജ്മാൻ ബാങ്ക്, കൊമേഴ്സ്യൽ ബാങ്ക് ഓഫ് ദുബായ്, ദുബായ് ഇസ്‌ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്‌ലാമിക് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, മഷ്റിക് ബാങ്ക്, എം ബാങ്ക്, ഷാർജ ഇസ്‌ലാമിക് ബാങ്ക് എന്നിവിടങ്ങളിൽ സാലിക് ഓഹരികൾ ലഭിക്കും. അറബി വാക്കായ സാലിക്കിന് തുറന്നത്, തെളിഞ്ഞത് എന്നാണ് അർഥം.

സംവിധാനം മാറും, നിറവും

∙ ടോൾ നിരക്ക് നിശ്ചയിക്കുന്ന നിലവിലെ സംവിധാനം മാറ്റാൻ ആർടിഎ ആലോചിക്കുന്നു. കൂടുതൽ വാഹനങ്ങൾ റോഡിലുള്ള പീക് സമയങ്ങളിൽ ഉയർന്ന നിരക്കും അല്ലാത്തപ്പോൾ താഴ്ന്ന നിരക്കും ഈടാക്കാനാണ് ആലോചിക്കുന്നത്. നിലവിൽ എല്ലാ സമയത്തും 4 ദിർഹമാണു ടോൾ. പുതിയ സംവിധാനം നിലവിൽ വരുമ്പോൾ ടോൾ നിരക്കിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകും. സിംഗപ്പൂരിലും അമേരിക്കയിലെ ഡാളസിലും സമയത്തിന് അനുസരിച്ചു ടോൾ ഈടാക്കുന്ന ഡൈനാമിക് പ്രൈസിങ് ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

∙ സാലിക് ഗേറ്റുകൾ നിറം മാറുന്നു.  ദുബായിലെ റോഡുകളുടെ മുഖമുദ്രകളായ ചുവപ്പും മെറ്റാലിക് ഗ്രേയും ചേർന്ന സാലിക് ഗേറ്റുകൾ ഡാർക് ഗ്രേ നിറത്തിലേക്കാണു മാറുന്നത്. എഴുത്തിലും പരിഷ്ക്കാരവുമുണ്ട്. പൊതു മേഖല ജോയിന്റ് സ്റ്റോക് കമ്പനിയാകുന്നതിന്റെ ഭാഗമായാണ് ബ്രാൻഡ് നിറം മാറുന്നത്.

MORE IN GULF
SHOW MORE