ബുർജ് ഖലീഫക്ക് ചുറ്റും 'ആകാശ വളയം'; ലോകത്തെ വിസ്മയിപ്പിക്കാന്‍ ദുബായ്

burj-khalifa-down-town-dubai
SHARE

ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ അതിവേഗത്തിൽ നടപ്പിലാക്കുന്നതിൽ ലോകത്തിന് മാതൃകയാണ് ദുബായ്. ലോകത്തിനു മുന്നിൽ അത്ഭുത നിർമ്മിതികൾ കൊണ്ട് വിസ്മയിപ്പിക്കുന്ന ദുബായ് വീണ്ടും ഒരു അത്ഭുത നിർമ്മിതിയുമായി വരുന്നു. ഇത്തവണ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്കു ചുറ്റും 500 മീറ്റർ ഉയരത്തിൽ 3 കിലോമീറ്റർ ചുറ്റളവിൽ ഒരു ഭീമൻ വളയമാണ് ദുബായ് സ്ഥാപിക്കുവാൻ പോകുന്നത്.  

‘ഡൗൺടൗൺ സർക്കിൾ’ എന്ന പേരിലുള്ള 2 കൂറ്റൻ സമാന്തര വളയങ്ങളാണു വിഭാവനം ചെയ്യുന്നത്. ഇവിടെ നിന്നാൽ ചുറ്റുമുള്ള നഗരക്കാഴ്ചകളുടെ 360 ഡിഗ്രി ദൃശ്യാനുഭവമുണ്ടാകും. 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫ സ്ഥിതി ചെയ്യുന്ന ഡൗൺടൗണിനു മുകളിൽ മറ്റൊരു അദ്ഭുതലോകം ഒരുക്കാനാണ് ദുബായ് തയാറെടുക്കുന്നത്. 

ദുബായിലെ പ്രശസ്തമായ ആര്‍ക്കിടെക്ചര്‍ സ്ഥാപനമായ സ്‌നേറ സ്‌പേസ് ആണ് മോതിര വളയം അല്ലെങ്കിൽ ആകാശവളയം എന്നുപറയുന്ന ഒരു പദ്ധതി മുന്നോട്ട് വച്ചിരിക്കുന്നത്. അഞ്ച് തൂണുകളിൽ ആയിരിക്കും ഭീമൻ വളയം സ്ഥാപിക്കുക. ഇതിനു ഏകദേശം 500 മീറ്റർ ഉയരവും കാണും. ആകെ മൂന്നു കിലോമീറ്റർ നീളമാണ് ഉണ്ടാവുക.  ഇതിനകത്ത് കൂടി സഞ്ചരിക്കാന്‍ തൂങ്ങി കിടക്കുന്ന പോഡുകളുമുണ്ടാകും. 

പ്രധാനമായും രണ്ട് വളയങ്ങളായിരിക്കും ഡൗണ്‍ടൗണ്‍സർക്കിള്‍. ഇതിന് തിരശ്ചീനമായി നിർമ്മിക്കുന്ന സ്കൈപാർക്കില്‍ ഉഷ്ണമേഖലാ സസ്യങ്ങളുള്‍പ്പെടെയുളള ചെടികള്‍ നട്ടുപിടിപ്പിക്കുകയെന്നുളളതാണ് ലക്ഷ്യം. മാലിന്യ നിര്‍മാര്‍ജനം, ഭക്ഷ്യ ഉല്‍പ്പാദനം, ഗതാഗത പ്രശ്‌നങ്ങള്‍, മലിനീകരണം തുടങ്ങിയ വശങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷമാണ് പദ്ധതിയുടെ ആദ്യ രൂപ രേഖ തയ്യാറാക്കിയിരിക്കുന്നത്. 

മഴവെള്ള സംഭരണം, സൗരോര്‍ജ്ജം, കാര്‍ബണ്‍ സംഭരിച്ച് വായുവില്‍ നിന്ന് മാലിന്യങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുന്ന സംവിധാനം എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കാഴ്ചകള്‍ ആസ്വദിക്കാനെത്തുന്നവരുടെ സൗകര്യാർത്ഥം ട്രാം സേവനം നല്‍കുകയെന്നതും ലക്ഷ്യമാണ്. സൗദി അറേബ്യയുടെ ദ ലൈന്‍ പദ്ധതിയുടെ ആശയത്തോട് ഏറെക്കുറെ ചേർന്ന് നില്‍ക്കുന്നതാണ് ഡൗണ്‍ ടൗണ്‍ സർക്കിളും.ഡൗൺടൗൺ സർക്കിളിൽ  പാർപ്പിട സമുച്ചയങ്ങളും വാണിജ്യ, സാംസ്കാരിക ഇടങ്ങളും ഉണ്ടായിരിക്കും. എന്നാൽ പദ്ധതിയുടെ നിര്‍മ്മാണം എന്ന് ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. 

MORE IN GULF
SHOW MORE