സന്ദര്‍ശക വീസയിൽ ഒമാനിൽ; വഞ്ചിക്കപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ഇന്ന് നാടണയും

fishermen
SHARE

സന്ദർശക വീസയിൽ ഒമാനിൽ എത്തി വഞ്ചിക്കപ്പെട്ട തമിഴ്നാട് കന്യാകുമാരി സ്വദേശികളായ 8 മത്സ്യത്തൊഴിലാളികൾ ഇന്ന് നാടണയും. ഇവർക്ക് തുണയായത് സീബിലെ കൈരളി പ്രവർത്തകരാണ്. സന്ദർശനവീസ തൊഴിൽവീസയാക്കി മാറ്റി നൽകാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് ഒമാനിൽ എത്തിയ മത്സ്യ തൊഴിലാളികളെ കമ്പനി കൈവിട്ടതോടെയാണ് ഇവർ ദുരിതത്തിലായത്.

ആദ്യം ഇന്ത്യൻ എംബസിയിൽ പരാതി നൽകിയെങ്കിലും വലിയ പ്രയോജനം ഉണ്ടായില്ല. സനധ് (SANAD) സർവീസ് വഴി പരാതി ചെയ്യാൻ ഉപദേശിക്കുകയായിരുന്നു എംബസി അധികൃതർ. എന്നാൽ, സന്ദർശക വിസയിൽ വന്നവർക്ക് ഒമാൻ തൊഴിൽ വകുപ്പിന്  പരാതി നൽകുവാൻ വ്യവസ്ഥയില്ലാത്തതിനാൽ അതു നടന്നില്ല. തുടർന്ന് തൊഴിലാളികൾ സാമൂഹ്യ പ്രവർത്തകരായ സീബിലെ കൈരളിയിലെ വിപിൻ, ഇഖ്ബാൽ, സുധാകരൻ, രാജുജേൺ, ഗോപൻ, എന്നിവർ അവരെ സീബ്  ഹാർബറിൽ പോയി കാണുകയും ബോട്ടിൽ കഴിയുകയായിരുന്ന 8 പേർക്കും ഭക്ഷണ സാധനങ്ങളും മറ്റുംവാങ്ങി നൽകുകയും ചെയ്തു. 

തുടർന്ന് അവരുടെ കാര്യങ്ങൾ അന്വേഷിച്ചപ്പോൾ നിയമപരമായ കാര്യങ്ങൾ എല്ലാം മന്ദഗതിയിലാണെന്ന് മനസിലാക്കിയ  സീബ് കൈരളി പ്രവർത്തകർ ഈ വിഷയം എംബസി ഓപ്പൺ ഹൗസിൽ എത്തിക്കാനും ആ അവസരം ഉപയോഗപ്പെടുത്താനും തീരുമാനിച്ചു. തുടർന്ന് തൊഴിലാളികളെ എംബസിയിൽ ഹാജരാക്കി അവരുടെ അവസ്ഥ അംബാസിഡർക്ക് മുന്നിൽ ബോധ്യപ്പെടുത്തി. 

പിന്നീട്, എംബസി അധികൃതരിൽ നിന്ന് നല്ല സഹകരണമാണ് ഉണ്ടായത്. കൂടാതെ, ഒമാൻ അധികൃതർ പിഴ പൂർണമായും  ഒഴിവാക്കികൊണ്ട് ഇവരെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോകുവാനുള്ള അവസരം ശരിയാക്കി നൽകുകയും ചെയ്തു.

തമിഴ്നാട് എൻആർടി വകുപ്പ് എട്ടു പേർക്ക് വേണ്ട വിമാന ടിക്കറ്റുകൾ നൽകാമെന്ന് അറിയിച്ചതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. ഇവരുടെ കുടുംബങ്ങൾ നാട്ടിൽ വാർത്ത സമ്മേളനം നടത്തിയത് ഈ വിഷയം തമിഴ്നാട് സർക്കാരിന്റെ ശ്രദ്ധയിൽപെടാൻ കാരണമായി. ഇതിലൂടെ ഇവർകുള്ള ടിക്കറ്റും മറ്റു കാര്യങ്ങളും കൂടുതൽ എളുപ്പമായി.

MORE IN GULF
SHOW MORE