ദുബായ് കിരീടാവകാശിയുടെ ‘ലൈക്ക്’; അമ്പരപ്പിൽ നിസ്ഹാസ്; ആ കഥ പറഞ്ഞ് മലയാളി

dubai-social-media
SHARE

സന്ധ്യ മയക്കത്തിൽ ബുർജ് ഖലീഫ അടക്കം ദുബായുടെ പ്രതീകങ്ങളെ ക്യാമറയിൽ പകർത്തുമ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാൻ ഒരു ചിത്രം എന്നതിന് അപ്പുറം മറ്റൊന്നും നിസ്ഹാസ് അഹമ്മദിന്റെ മനസ്സിൽ ഇല്ലായിരുന്നു. കൂട്ടുകാരനെ മോഡലാക്കി പകർത്തിയ ചിത്രത്തിനു ചുവടെ പതിവില്ലാത്തൊരു ഇരട്ട തംപ്സ് അപ് കണ്ട് നിസ്ഹാസ് ആദ്യം അമ്പരന്നു. 

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ആണ് ആ ലൈക്കടിച്ചത്. ഫാസ്3 എന്ന സ്വന്തം അക്കൗണ്ടിൽ നിന്നാണ് ഷെയ്ഖ് ഹംദാന്റെ അഭിനന്ദനം. വിശ്വസിക്കാനാവുന്നില്ല എന്ന അടിക്കുറിപ്പോടെ നിസ്ഹാസ് നന്ദി പറഞ്ഞു മറുപടി നൽകി. പിന്നാലെ, ആ ചിത്രം അതിവേഗം പ്രചരിച്ചു. പ്രാദേശിക മാധ്യമങ്ങളിലടക്കം നിസ്ഹാസിന്റെ ചിത്രം വാർത്തയായി. ഒരു ചിത്രത്തിനു കിട്ടിയ ലൈക്കിന്റെ പേരിൽ അങ്ങനെ കോഴിക്കോട്ടുകാരൻ നിറഞ്ഞു. 

ഫ്രീലാൻസ് ഫൊട്ടോഗ്രാഫറാണ് നിസ്ഹാസ്. യുഎസിൽ നിന്നെത്തിയ സുഹൃത്തുക്കളുടെ ചിത്രം പകർത്തുന്നതിനിടെയാണ് വൈറൽ പടവും നിസ്ഹാസ് ക്യാമറയിലാക്കിയത്. മോഡലിനു പിന്നിൽ, ബുർജ് ഖലീഫയും ഷെയ്ഖ് സായിദ് റോഡിലെ കെട്ടിടങ്ങളും സന്ധ്യ മയങ്ങുന്നതിന്റെ ചുവന്ന വെളിച്ചത്തിൽ തിളങ്ങി നിന്നു. എന്നെങ്കിലും ഷെയ്ഖ് ഹംദാനെ നേരിൽ കാണാൻ കഴിയുമെന്നാണ് നിസ്ഹാസിന്റെ പ്രതീക്ഷ. 

നേരത്തെയും ഇദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് ഹംദാൻ ലൈക്ക് അടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ദുബായ് മാൾ ഫൗണ്ടന് മുന്നിൽ ഒരു ബോട്ട് കുറുകെ കടക്കുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്തതും കിരീടാവകാശിക്ക് ഇഷ്ടപ്പെട്ടിരുന്നു. ദുബായിലെ ഒരു ലോജിസ്റ്റിക് കമ്പനിയിലാണ് നിസ്ഹാസിന് ജോലി. 2019ലാണ് യുഎഇയിലെത്തിയത്. കോളജ് പഠനകാലത്തേ ഫൊട്ടോഗ്രഫിയിൽ താൽപര്യം ഉണ്ടായിരുന്നു. ആദ്യമൊക്കെ മൊബൈൽ ഫോണിലാണ് ചിത്രമെടുത്തിരുന്നത്. അഞ്ചു വർഷം മുൻപ് സുഹൃത്തുക്കൾ ഒരു ക്യാമറ സമ്മാനിച്ചു. ഇപ്പോൾ ഒഴിവു സമയങ്ങളിലൊക്കെ ഫോട്ടോ എടുക്കലാണ് പ്രധാന വിനോദം.

MORE IN GULF
SHOW MORE