സൗദിയിൽ ട്രെയിൻ ഓടിക്കാനും വനിതകൾ; ലോക്കോ പൈലറ്റാകാൻ 31 പേർ

loco-pilot-image
SHARE

ട്രെയിൻ നിയന്ത്രിക്കാൻ തയാറെടുക്കുന്ന 31 വനിതകൾ സൗദിയിൽ പരിശീലനം പൂർത്തിയാക്കി. ജിദ്ദ വഴി മക്കയ്ക്കും മദീനയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ഹറമൈൻ ഹൈ സ്പീഡ് ട്രെയിനിലാണ് പരിശീലനം പൂർത്തിയാക്കിയത്. പരിശീലനത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയ ശേഷമാണ് പ്രായോഗിക പരിശീലനം ആരംഭിച്ചത്. 

ട്രാഫിക്, സുരക്ഷാ ചട്ടങ്ങൾ, അപകടങ്ങൾ, അഗ്നിശമന പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള  പരിശീലനം ഇവർ പൂർത്തിയാക്കി. ഹൈ സ്പീഡ് റെയിൽ നിയന്ത്രിക്കുന്ന കൺസോർഷ്യത്തിലെ ഏറ്റവും വലിയ ഓഹരി ഉടമയായ സ്പാനിഷ് കമ്പനിയായ റെൻഫെയും സൗദി റെയിൽവേ പോളിടെക്നിക്കും (എസ്ആർപി) പരിശീലനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

സൗദി അറേബ്യയിൽ വനിതാ ട്രെയിൻ ഡ്രൈവർമാരെ റിക്രൂട്ട് ചെയ്യുന്നതിനായി റെൻഫെ നേരത്തെ നൽകിയ തൊഴിൽ പരസ്യത്തിന് രാജ്യത്തുടനീളം മികച്ച പ്രതികരണം ലഭിച്ചു. ഏകദേശം 28,000 സ്ത്രീകൾ ട്രെയിൻ ഓടിക്കാനുള്ള അവസരത്തിനായി അപേക്ഷിച്ചു. ആ ഗ്രൂപ്പിൽ നിന്ന് 145 പേർ വ്യക്തിഗത അഭിമുഖത്തിന് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 34 പേർ മാത്രമാണ് പരിശീലനത്തിന്റെ ആദ്യ ഘട്ടത്തിലെത്തിയത്. 

പരിശീലനത്തിന്റെ പ്രാഥമിക ഘ‌‌‌‌‌‌‌‌ട്ടം  വിജയിച്ച 31 പേരിൽ 70 ശതമാനം പേർക്കും യൂണിവേഴ്സിറ്റി ബിരുദമുണ്ട്. അടുത്ത ഡിസംബർ അവസാനത്തോടെ എല്ലാ പരീക്ഷകളും പരിശീലനവും പൂർത്തിയാക്കി ഇവർ ട്രെയിന്‍ ഓടിക്കാൻ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MORE IN GULF
SHOW MORE