മസാജിന് ക്ഷണം, കത്തി മുനയിൽ ബ്ലാക്ക്മെയിലിങ്ങ്; മലയാളികളും ഇരകൾ

massage
SHARE

സ്പാ, മസാജ് സേവനങ്ങൾ നൽകാമെന്ന് വാഗ്ദാനം നൽകി, ആളുകളെ കത്തിമുനയിൽ നിർത്തി കൊള്ളയടിക്കുന്ന ‘വ്യാജ മസാജ് പാർലർ’ സംഘത്തെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് ഏഷ്യക്കാരാണ് പിടിയിലായത്. വിവിധ തരം മസാജുകളും സ്പായും നൽകാമെന്നു പറഞ്ഞ് ബിസിനസ് കാർ‍ഡുകൾ വിതരണം ചെയ്ത് കുറ്റകൃത്യം നടത്തുന്ന സംഘമാണ് പിടിയിലായത്.

മസാജിനായി എത്തുന്നവരെ സംഘം ബ്ലാക്ക്മെയിൽ െചയ്യുകയും കത്തിമുനയിൽ നിർത്തി അവരുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുക്കുകയുമാണ് ഇവർ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. റോള ഏരിയയിൽ പ്രതികളിലൊരാൾ ഇത്തരം ബിസിനസ് കാർഡുകൾ വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് എത്തിയതെന്ന് ഷാർജ പൊലീസ് സിഐഡി വിഭാഗം ഡയറക്ടർ കേണൽ ഒമർ അബു സൗദ് പറഞ്ഞു.

പ്രത്യേക സംഘം പ്രതിയുടെ വീട് കണ്ടെത്തുകയും അവിടെ പരിശോധന നടത്തുകയും ചെയ്തു. പെട്ടികൾ നിറയെ മസാജ് സർവീസുകളുടെ നിരവധി ബിസിനസ് കാർഡുകൾ കണ്ടെത്തി. ഇതിനു പുറമേ പലതരത്തിലും വലുപ്പത്തിലുമുള്ള കത്തികളും കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് മറ്റു പ്രതികളെ കുറിച്ച് വിവരം ലഭിച്ചതും അവരെ പിടികൂടിയതും.

അറസ്റ്റിലായ മുഴുവൻ പ്രതികളും കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. തുടർ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ടവർക്ക് കൈമാറുകയും ചെയ്തു. ജനങ്ങൾ ഇത്തരം തട്ടിപ്പുകാരെ ശ്രദ്ധിക്കണമെന്നും ഇതുപോലുള്ള കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ അധികാരികളെ അറിയിക്കണമെന്നും ഷാർജ പൊലീസ് പറഞ്ഞു. മലയാളികൾ ഉൾപ്പെടെയുള്ളവർ തട്ടിപ്പിന് ഇരകളായിട്ടുണ്ടെങ്കിലും അപമാനം ഭയന്നു പരാതിപ്പെടാത്തതാണ് ഇത്തരക്കാർക്ക് സൗകര്യമാകുന്നത്.

MORE IN GULF
SHOW MORE