നാട്ടിൽ പോകാൻ ടിക്കറ്റ് നൽകി കമ്പനി; ഷെയ്ഖ് ഹംദാനെ കാണാതെ പോവില്ലെന്ന് ഗഫൂർ

dubai-delivery-boy-viral
SHARE

റോഡിൽ വീണുകിടന്ന രണ്ടു കോൺക്രീറ്റ് കട്ടകൾ എടുത്തു മാറ്റി, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയ ഡെലിവറി ബോയ് അബ്ദുൽ ഗഫൂർ കാത്തിരിപ്പിലാണ്, അദ്ദേഹത്തെ നേരിൽ കാണാൻ. സൽപ്രവൃത്തിക്ക് അംഗീകാരമായി ഗഫൂറിന്റെ കമ്പനി നാട്ടിൽ പോയി കുടുംബത്തെ കാണാൻ ടിക്കറ്റെടുത്ത് നൽകിയെങ്കിലും ഷെയ്ഖ് ഹംദാനെ നേരിൽ കാണാതെ എങ്ങോട്ടുമില്ലെന്ന തീരുമാനത്തിലാണ് ഈ 27കാരൻ. കൊട്ടാരത്തിലേക്ക് ഉടനെ ഒരു വിളി വരുന്നതും കാത്തിരിക്കുകയാണ് അദ്ദേഹം.

തന്റെ കടമ മാത്രമാണ് ചെയ്തെന്നാണ് രണ്ടു കുട്ടികളുടെ പിതാവു കൂടിയായ അബ്ദുൽ ഗഫൂർ പറയുന്നത്. ഷെയ്ഖ് ഹംദാന്റെ പ്രവൃത്തിയിൽ പാക്കിസ്ഥാനിലുള്ള തന്റെ കുടുംബം ഏറെ സന്തുഷ്ടരാണെന്നും അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിനു ശേഷം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മറ്റും ധാരാളം ഫോൺ കോളുകൾ ലഭിക്കുന്നുണ്ടെന്നും വലിയ സന്തോഷമുണ്ടെന്നും അബ്ദുൽ ഗഫൂർ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.

സംഭവം ഇങ്ങനെ, അങ്ങനെ വൈറലായി

ദുബായ് അൽ ഖ്വാസിലെ തിരക്കുപിടിച്ച ജംക്‌ഷനിൽ ട്രാഫിക് സിഗ്നലിൽ വണ്ടികൾ നിർത്തിയിട്ട സമയത്താണ് എതിർ വശത്തു വണ്ടി നിർത്തി റോഡിൽ വീണു കിടന്ന രണ്ടുകട്ടകൾ അബ്ദുൽ ഗഫൂർ എടുത്തു മാറ്റിയ‌ത്. ഇത് ആരോ വിഡിയോയിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ആ വിഡിയോ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ കാണാനിടയായി. അബ്ദുൽ ഗഫൂറിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് ഷെയ്ഖ് ഹംദാൻ ഈ ദൃശ്യങ്ങൾ ഞായറാഴ്ച വൈകിട്ടോടെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 

‘ദുബായിൽ അഭിനന്ദനാർഹമായ ഒരു പ്രവൃത്തി. ആർക്കെങ്കിലും ആളാരാണെന്ന് കണ്ടെത്താൻ കഴിയുമോ’ എന്ന തലക്കെട്ടിൽ ഷെയ്ഖ് ഹംദാൻ പങ്കുവച്ച വിഡിയോ അതിവേഗമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായത്. ആ വിഡിയോയ്ക്കു മറുപടിയായി 20 മിനിറ്റിനുള്ളിൽ അബ്ദുൽ ഗഫൂറിന്റെ വിവരങ്ങൾ ലഭിച്ചു. 

ദുബായ് പൊലീസാണ് ഗഫൂറിനെ ആദ്യം ബന്ധപ്പെട്ടത്. ഷെയ്ഖ് ഹംദാന് സംസാരിക്കണമെന്ന് അറിയിച്ചു. സത്യമാണോയെന്ന് തിരിച്ചറിയാൻ പോലും ഗഫൂർ പ്രയാസപ്പെട്ടു. ഒട്ടും വൈകാതെ ഷെയ്ഖ് ഹംദാൻ നേരിട്ടു വിളിച്ചു ഗഫൂറിനെ അഭിനന്ദിച്ചു. രാജ്യത്തിനു പുറത്താണെന്നും തിരികെ എത്തിയാൽ ഉടൻ കാണാമെന്നും കിരീടാവകാശി അറിയിച്ചതായി ഗഫൂർ പറഞ്ഞു.

MORE IN GULF
SHOW MORE