വളര്‍ത്ത് നായ്ക്കള്‍ക്കും ഒരു ജിം; ഫിറ്റ്നസ് മാത്രമല്ല ഗുണം; അബുദാബിയിലെ കാഴ്ച

pets
SHARE

ജിം, വര്‍ക്ക് ഒൗട്ട് ഇതൊക്കെ മനുഷ്യര്‍ക്ക് മാത്രം മതിയോ.വളര്‍ത്ത് നായ്ക്കള്‍ക്കും ഒരു ജിം ഉണ്ടായാല്‍ എന്താണ് ഗുണം? അവരും ഫിറ്റാവും എന്നത് മാത്രമാണോ? ഹമാദി ജിമ്മില്‍ നിന്ന് ഉത്തരം തേടാം. വളര്‍ത്തുനായ്ക്കളില്ലാത്ത വീട് കുറവാണ് അബുദാബിയില്‍. ഇവര്‍ വീട്ടുകാവര്‍ക്കാര്‍ മാത്രമല്ല. ഏറെക്കുറെ വീട്ടിലെ അംഗം തന്നെയാണ്. 

വേനല്‍ക്കാലത്ത് വ്യായാമത്തിനായി ജിമ്മിലേക്കിറങ്ങുമ്പോള്‍ അബുദാബിക്കാരുടെ ഏറ്റവും വലിയ തലവേദന ഈ അരുമകളെ എവിടെയാക്കും എന്നതാണ്. മറ്റു സമയങ്ങളിലൊക്കെ ജിമ്മിന് പുറത്തുള്ള ഒരിടത്ത് കെട്ടിയിടാം. ചൂട് കാലത്ത് ഇതൊരു പ്രശ്നമായി. നായ്ക്കള്‍ ചൂട് സഹിക്കാനാവാതെ ദേഷ്യക്കാരാവുന്നത് പതിവായി. യാദൃശ്ചികമായാണ് വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്ന മന്‍സൂര്‍ ഹമാദി ഇങ്ങനൊരു രംഗം കാണാനിടയായത്. ചൂട് താങ്ങാനാവാതെ മിണ്ടാപ്രാണികള്‍ ബുദ്ധിമുട്ടുന്നത് കണ്ടപ്പോള്‍ മന്‍സൂറിനൊരു ആശയം തോന്നി. എന്ത്കൊണ്ട് ഈ അരുമകള്‍ക്കായി ഒരു ജിം തുടങ്ങിക്കൂടാ? 

ഉടമസ്ഥര്‍ക്ക് ആശ്വാസത്തോടെ വ്യായാമം ചെയ്യുകയുമാവാം,നായ്ക്കള്‍ക്ക് ചൂടേല്‍ക്കുകയുമില്ല ഒപ്പം ഫിറ്റ്നസും. ഐഡിയ തകര്‍ത്തു. അബുദാബിയിലാണ് ഹമാദി ഇന്‍ഡോര്‍ ഡോഗ് ജിം. നായ്ക്കള്‍ക്കായി പ്രത്യേക സംവിധാനങ്ങളുണ്ട് ജിമ്മില്‍. ട്രെഡ്മില്ലിലാണ് വ്യായാമം. ശരീരത്തിലൂടെ ചുറ്റിയ പടച്ചട്ട പോലൊരു ബെല്‍റ്റ് സ്പ്രിങ് സംവിധാനത്തില്‍ ഘടിപ്പിച്ചാണ് നായ്ക്കള്‍ ഒാടുക. 15 മിനിറ്റ് ഒാടാം. ഹമാദിയിലേക്കുള്ള യാത്ര ശ്വാനര്‍ ശരിക്കും ആസ്വദിക്കുന്നുണ്ടെന്നാണ് ഉടമസ്ഥ സാക്ഷ്യം. കാര്‍ പാര്‍ക്ക് ചെയ്യുമ്പോഴേക്കും ആശാന്‍മാര്‍ റെഡിയാകും. ഡോര്‍ തുറന്ന് കൊടുക്കുക മാത്രമെ വേണ്ടൂ. അനുഭവസ്ഥരില്‍ നിന്ന് വാമൊഴിയായി പടര്‍ന്ന് പടര്‍ന്ന് അബുദാബിയിലെ ഡോഗ് ജിം പ്രശസ്തമാവുകയാണ്. 

MORE IN GULF
SHOW MORE