സൗദിയിൽ സുഹൃത്തിനെ കുത്തിക്കൊന്നു; തലവെട്ടാൻ വിധി; ഒടുവിൽ മലയാളിക്ക് മോചനം

sakeer-release
സക്കീർ ഹുസൈൻ, തോമസ് മാത്യു (ഫയൽ ചിത്രം).
SHARE

ദമാം : വാക്കുതർക്കത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളിക്ക് ദമാം സെൻട്രൽ ജയിലിൽ നിന്നും മോചനം. കൊല്ലം പള്ളിത്തോട്ടം ഗാന്ധിനഗർ എച്ച്ആൻസി കോമ്പൗണ്ടിലെ സക്കീർ ഹുസൈനാണ് (32) ആണ് മോചിതനായത്. കൊല്ലപ്പെട്ട കോട്ടയം കോട്ടമുറിക്കൽ ചാലയിൽ വീട്ടിൽ തോമസ് മാത്യു (27)വിന്റെ കുടുംബം ഇയാൾക്ക് മാപ്പു നൽകിയതോടെയാണ് സക്കീർ ജയിൽ മോചിതനായത്. ഒമ്പതു വർഷത്തെ ജയിൽ വാസത്തിനൊടുവിലാണ് മോചനം.

സാമൂഹിക പ്രവർത്തകരുടെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും ഇടപെടലാണ് സക്കീറിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. വ്യാഴാഴ്ച്ച ദമാമിൽ നിന്ന് ശ്രീലങ്കൻ എയർലൈൻസിൽ സക്കീർ നാട്ടിലെത്തിയതായി മോചനം ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് പറഞ്ഞു.

സംഭവം ഇങ്ങനെ

ദമാമിൽ ഒരു ലോൻട്രിയിലെ ജീനക്കാരായിരുന്ന സക്കീർ ഹുസൈനും തോമസ് മാത്യുവും ഒരുമിച്ചായിരുന്നു താമസം. 2013ലെ ഒരു ഓണാഘോഷ പരിപാടിക്കിടെയാണ് കൊലപാതകം നടന്നത്. കൂട്ടുകാരുമായി ഒരുമിച്ചു ഓണ സദ്യയുണ്ടാക്കി ആഘോഷം നടത്തുന്നതിനിടെയാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്.

വൈകിട്ട് എല്ലാവരും കൂടിയിരുന്ന് സംസാരിക്കുന്നതിനിടയിൽ നടന്ന തർക്കങ്ങൾക്കിടെ ദേഷ്യം മൂത്ത സക്കീർ ഹുസൈൻ തോമസ് മാത്യുവിനെ അടുക്കളയിൽ നിന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നു. തോമസ് മാത്യു സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. അന്വേഷണം നടത്തിയ പൊലീസ് ഉടൻ തന്നെ പ്രതിയായ സക്കീർ ഹുസൈനെ അറസ്റ്റ് ചെയ്തു. വിചാരണക്ക് ശേഷം എട്ടു വർഷത്തെ തടവും ശേഷം തലവെട്ടാനുമാണ് കോടതി വിധിച്ചത്. 

മോചനത്തിനായി ശ്രമങ്ങൾ

സക്കീർ ഹുസൈന്റെ അയൽവാസികളായ ജസ്റ്റിൻ ഈ വിഷയം പ്രവാസി സമ്മാൻ ജേതാവ് കൂടിയായ സൗദിയിലെ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് മോചന ശ്രമം തുടങ്ങിയത്. ജസ്റ്റിന്റെ ഭാര്യ അനിത സക്കീർ ഹുസൈന്റെ നിരാലംബമായ കുടുംബത്തിന് ആവശ്യമായ സഹായവുമായി ഒപ്പം നിൽക്കുകയും തുടർന്ന് ഉമ്മൻ ചാണ്ടിയുടെ മുന്നിൽ എത്തിക്കുകയും ചെയ്തു.

തുടർന്നാണ് ഉമ്മൻ ചാണ്ടിയുടെ മേൽനോട്ടത്തിൽ മാപ്പപേക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ നീക്കിയത്. ആദ്യ ഘട്ടത്തിൽ മാപ്പു നൽകാൻ കുടുംബം തയാറല്ലാത്തിരുന്നെങ്കിലും തോമസ് മാത്യുവിന്റെ ഇടവകപള്ളി വികാരിയുമായി ബന്ധപ്പെടുകയും അഡ്വ. സജി സ്റ്റീഫെന്റെ സഹായത്തോടെ കുടുംബത്തിന്റെ മാപ്പ് ലഭ്യമാക്കുകയുമായിരുന്നു. തോമസ് മാത്യുവിന്റെ മാതാവും പിതാവും സഹോദരിയും സഹോദരനുമൊക്കെ ഒരേമനസ്സോടെ മാപ്പു നൽകുകയായിരുന്നു. 

അതോടൊപ്പം കുടുംബം ഈ വിഷയത്തിൽ ഇടപെടാൻ ശിഹാബ് കൊട്ടുകാടിന് അനുപതി പത്രവും നൽകി. ഇതോടെ 2020ൽ തന്നെ തോമസ് മാത്യുവിന്റെ കുടുംബം നൽകിയ മാപ്പു സാക്ഷ്യം സൗദി കോടതിയിൽ ഹാജരാക്കിയിരുന്നു. അങ്ങനെ വധശിക്ഷ ഒഴിവായെങ്കിലും തടവുശിക്ഷ പൂർത്തിയാകാനാണ് കാത്തിരുന്നത്. തുടർന്നാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി സക്കീർ വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങിയത്. പാസ്പോർട്ട് കാലാവധി കഴിഞ്ഞതിനാൽ ഇന്ത്യൻ എംബസ്സിയുടെ ഔട്ട് പാസിലാണ് യാത്ര തിരിച്ചത്.

MORE IN GULF
SHOW MORE