മൂക്ക് അറ്റുപോയി; നെറ്റിയിലെ ത്വക്കില്‍ നിന്നു മൂക്ക് പുനർ സൃഷ്ടിച്ച് ഇന്ത്യന്‍ മെഡിക്കല്‍ സംഘം

dubai-medical
SHARE

ഗുരുതരമായ വീഴ്ചയില്‍ മൂക്ക് അറ്റുപോയ ഇരുപത്തിനാലുകാരനു പുതുജീവിതം സമ്മാനിച്ച് ഇന്ത്യന്‍ മെഡിക്കല്‍ സംഘം. അറ്റുപോയ മൂക്കിന്റെ ഭാഗം നെറ്റിയിലെ ത്വക്കില്‍ നിന്നു പുനര്‍ സൃഷ്ടിച്ചു തുന്നിച്ചേര്‍ത്തു. ഖിസൈസിലെ ആസ്റ്റര്‍ ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. രാജ്കുമാര്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘമാണു വിജയകരമായ ശസ്ത്രക്രിയ നടത്തിയത്. 

നേപ്പാള്‍ സ്വദേശിയായ നിഷാന്‍ ഗുരുങാണു ശസ്ത്രക്രിയയ്ക്കു വിധേയനായത്. ജബല്‍ അലിയിലെ ഒരു കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്യുന്ന നിഷാന്‍ സുഹൃത്തിന്റെ മുറിയിലേക്കു താമസം മാറുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. 

അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയും മറ്റു സാധനങ്ങളുമായി പടികള്‍ ഇറങ്ങുകയായിരുന്ന നിഷാന്‍ കാല്‍ വഴുതിവീഴുകയായിരുന്നു.  ഉടനെ എഴുന്നേറ്റെങ്കിലും എന്താണു സംഭവിച്ചതെന്ന്  മനസ്സിലായില്ല. മൂക്കില്‍നിന്നും രക്തം ഒഴുകുകയായിരുന്നു. ധരിച്ചിരുന്ന ടീഷര്‍ട്ട് കൊണ്ട് മുറിവില്‍  അമര്‍ത്തി പിടിച്ചു. രക്തം നില്‍ക്കാതെ വന്നതോടെ സഹായത്തിനായി സുഹൃത്തിനെ വിളിച്ചു,' –നിഷാന്‍ പറയുന്നു.

തിരിച്ചു മുറിയിലെത്തി നോക്കുമ്പോഴാണ് മുക്കിന്റെ മുന്‍ഭാഗം അറ്റു പോയതായി കണ്ടത്. തുടര്‍ന്നു മന്‍ഖൂലിലെ ആസ്റ്റര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ എത്തി. ഇവിടുത്തെ ഡോക്ടര്‍മാരാണ് നിഷാനെ ഖിസൈസ് ആസറ്റര്‍ ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. രാജ്കുമാര്‍ രാമചന്ദ്രനെ കാണാന്‍ നിര്‍ദ്ദേശിച്ചത്.

ആശുപത്രിയിലെത്തിയ നിഷാനോട് ഡോക്ടര്‍ രാജ്കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. രണ്ടു ഘട്ടങ്ങളിലായുള്ള സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പിന്നീട് ജൂണ്‍ 11 ന് നിഷാന്‍ ആദ്യത്തെ ശസ്ത്രക്രിയയ്ക്കു വിധേയനായി. മൂക്കിന്റെ ത്വക്കിനോട് ഏറ്റവും യോജിച്ച നെറ്റിയിലെ ത്വക്ക് എടുത്ത് അറ്റുപോയ ഭാഗത്തിനു സമാനമായ രീതിയില്‍ പുനര്‍നിര്‍മിച്ചു. മൂന്നാഴ്ച്ചയ്ക്ക് ശേഷം നടന്ന രണ്ടാമത്തെ ശസ്ത്രക്രിയയുടെ ഘട്ടത്തില്‍ ഇതു തുന്നിച്ചേര്‍ത്തു.      

ശസ്ത്രക്രിയ വിജയകരമാണെന്നും നിഷാന്‍ വേഗം സുഖംപ്രാപിച്ചു വരുന്നതായും ഡോ. രാജ്കുമാര്‍ പറഞ്ഞു. മുറിവു ഭേദമായി സുഖം പ്രാപിക്കാന്‍ എതാണ്ടു മൂന്നു മുതല്‍ ആറുമാസം വരെ സമയം എടുക്കും. ഈ സമയത്തിനുള്ളില്‍ തുന്നിച്ചേര്‍ത്ത ഭാഗത്തേക്കു രക്തവിതരണം ആരംഭിക്കുകയും പ്രവര്‍ത്തനങ്ങള്‍ സാധാരണ രീതിയിലാവുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുജീവിതം ലഭിച്ച ആശ്വാസത്തിലാണു നിഷാന്‍. ഡോ. രാജ്കുമാറിനോടും, ആശുപത്രിയിലെ എല്ലാ നഴ്‌സുമാരോടും അദ്ദേഹം നന്ദി അറിയിച്ചു. 

MORE IN GULF
SHOW MORE