പുതിയ ദൗത്യത്തിന് യുഎഇ; സുൽത്താൻ അൽ നെയാദി 6 മാസം ബഹിരാകാശത്ത് ചെലവഴിക്കും

uae-spaceN
SHARE

ദുബായ്: രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ആറുമാസം ചെലവഴിക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാകാനൊരുങ്ങി സുൽത്താൻ അൽ നെയാദി. 2023ല്‍ ആരംഭിക്കുന്ന ദൗത്യത്തിന്റെ ഭാഗമാണ് അൽ നെയാദി. യുഎഇയുടെ ബഹിരാകാശ ദൗത്യത്തിലെ നാഴികകല്ലാണിത്. ബഹിരാകാശത്തേക്ക് ദീർഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന 11–ാമത്തെ രാജ്യമാകുകയാണ് യുഎഇ.

ബഹിരാകാശ ദൗത്യത്തിന് തയാറെടുക്കുന്ന സുൽത്താൻ അൽ നെയാദിക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസകൾ അറിയിച്ചു. യുഎഇയുടെ വളർന്നുവരുന്ന ബഹിരാകാശ പദ്ധതിയുടെ ശക്തമായ അടിത്തറയിലാണ് ഈ ചരിത്രം കെട്ടിപ്പെടുക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സുൽത്താൻ അൽ നെയാദിയുടെ നേട്ടത്തിൽ അഭിമാനം പങ്കുവച്ചു. നമ്മുടെ യുവത യുഎഇയുടെ ശിരസ്സ് വാനോളം ഉയർത്തിയതായി ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

യുഎഇയിൽ നിന്നും ബഹിരാകാശേത്തേക്ക് പോകാൻ ആദ്യമായി തിരഞ്ഞെടുത്ത സഞ്ചാരികളിൽ ഒരാളാണ് സുൽത്താൻ അൽനെയാദി. യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ ഹസ അൽ മൻസൂരിക്കൊപ്പം അൽനെയാദിയെയും തിരഞ്ഞെടുത്തിരുന്നു. 2019 സെപ്റ്റംബറിലായിരുന്നു യുഎഇയുടെ ആദ്യ ബഹിരാകാശ ദൗത്യം. 4,022 പേരിൽ നിന്നാണ് അൽനെയാദിയും അൽമൻസൂരിയും തിരഞ്ഞെടുക്കപ്പെട്ടത്.

180 ദിവസമാണ് സുൽത്താൻ അൽ നെയാദി ബഹിരാകാശത്ത് ചെലവഴിക്കുക. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് 2023 ൽ വിക്ഷേപിക്കാനൊരുങ്ങുന്ന സ്‌പേസ് എക്‌സ് ക്രൂ 6 പേടകത്തിലാണ് നെയാദി ബഹിരാകാശത്തേക്ക് പോകുക. 

MORE IN GULF
SHOW MORE