നട്ടപ്പാതിരയ്ക്ക് ദുബായിൽ പൊരിഞ്ഞ അടി; വിഡിയോ വൈറലായി; പ്രതികൾ അറസ്റ്റിൽ

dubai-arrest
SHARE

അർധരാത്രിയിൽ വസതിയിൽ രൂക്ഷമായ തർക്കത്തിൽ ഏർപ്പെട്ടിരുന്ന സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവർ പൊതുസ്ഥലത്ത് വഴക്കിടുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. ആഫ്രിക്കൻ സ്വദേശികളായ ഏഴു പേരാണ് പിടിയിലായതെന്ന് ദുബായ് പൊലീസ് അറിയിച്ചു. 

തർക്കത്തിനിടെ പ്രതികളിൽ ചിലർ വാഹനങ്ങളുടെ ചില്ലുകൾ ആയുധമുപയോഗിച്ച് തകർക്കാൻ ശ്രമിച്ചിരുന്നു. ഇതിന്റെയെല്ലാം വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വരികയും ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട ആഫ്രിക്കൻ സ്വദേശികൾക്കെതിരെ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർ നടപടികൾക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത് എന്നാണ് വിവരം.

അസ്വീകാര്യമായ ഇത്തരം പെരുമാറ്റത്തിനെതിരെ ദുബായ് പൊലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇതുപോലുള്ള നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾ ദുബായ് പൊലീസ് ആപ്പിലെ ‘പൊലീസ് ഐ സർവീസ്’ വഴിയോ എമർജൻസി ഹോട്ട്‌ലൈൻ നമ്പറായ 999-ൽ വിളിച്ചോ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.

ഇത്തരം വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയോ ഫോർവേർഡ് ചെയ്യുകയോ ചെയ്യുന്നവർക്കും പൊലീസ് മുന്നറിയിപ്പ് നൽകി. കിംവദന്തികൾക്കും സൈബർ കുറ്റകൃത്യങ്ങൾക്കുമെതിരെയുള്ള 2021ലെ യുഎഇ ഫെഡറൽ നിയമം നമ്പർ 34 ലെ ആർട്ടിക്കിൾ 52 അനുസരിച്ച് നിയമപരമായ നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.

പൊതുതാൽപ്പര്യത്തിനോ ദേശീയ സമ്പദ്‌വ്യവസ്ഥയ്‌ക്കോ പൊതു ക്രമത്തിനോ പൊതുജനാരോഗ്യത്തിനോ ഹാനി വരുത്തിയാൽ കുറഞ്ഞത് ഒരു വർഷത്തെ തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയുമാണ് ശിക്ഷ.

MORE IN GULF
SHOW MORE