ഖത്തർ റിയാലിന് ചരിത്രത്തിലെ ഉയർന്ന നിരക്ക്; പ്രവാസികൾക്ക് ആശ്വാസം

qatari-riyal
SHARE

ദോഹ: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ കുതിച്ചുയർന്ന് വിനിമയ നിരക്ക്. ഇന്നലെ ഖത്തർ റിയാലിന്റെ രൂപയുമായുള്ള വിനിമയ മൂല്യം 21 രൂപ 95 പൈസ എത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. വിപണിയിൽ നിരക്ക് ഉയർന്നപ്പോൾ പണവിനിമയ സ്ഥാപനങ്ങളിൽ ഉപഭോക്താക്കൾക്ക് 21 രൂപ 84 പൈസ വരെ ലഭിച്ചു.

ദോഹയിൽ നിന്ന് 1,000 റിയാൽ അയച്ചാൽ നാട്ടിൽ 21,840 രൂപ ലഭിക്കും. മാസാദ്യം അല്ലാത്തതിനാൽ വിനിമയ നിരക്ക് ഉയർന്നത് പ്രവാസികൾക്ക് കാര്യമായി ഗുണം ചെയ്തില്ലെങ്കിലും അത്യാവശ്യമായി നാട്ടിലേക്ക് പണം അയയ്ക്കാൻ എത്തിയവർക്ക് നിരക്ക് വർധന അനുഗ്രഹമായി. 

ഡോളറിന്റെ മൂല്യം ഉയരുന്നത് ഇന്ത്യൻ രൂപയുടെ ഇടിവിന് ഇടയാക്കുമെങ്കിലും നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിൽ നിന്ന് അൽപമെങ്കിലും മിച്ചം പിടിക്കാൻ അല്ലെങ്കിൽ കുടുംബത്തിന് അൽപം തുക കൂടുതൽ നൽകാൻ കഴിയുമെന്നതിനാൽ പ്രവാസികൾക്ക് നിരക്ക് വർധന ആശ്വാസമാണ്. 

2019 അവസാനത്തോടെയാണ് വിനിമയ നിരക്കിൽ ഗണ്യമായ വർധന തുടങ്ങിയത്. 2020 മാർച്ച് എത്തിയപ്പോഴേക്കും  വിനിമയ മൂല്യം 20 രൂപയിൽ എത്തിയിരുന്നു. ജൂലൈ മുതൽ ആരംഭിച്ച ഏറ്റക്കുറച്ചിലുകൾക്ക് നടുവിലൂടെയാണ് 2021 ലേക്ക് പ്രവേശിച്ചത്. 2021 ആദ്യ പാദത്തിൽ തന്നെ വീണ്ടും 20 തിലേക്ക് പ്രവേശിച്ചു.

ഈ വർഷം മേയിലാണ് വിനിമയ നിരക്ക് 20 കടന്ന് 21 ലേക്ക് എത്തിയത്. ജൂൺ മുതൽ ആരംഭിച്ച വർധനയാണ് നിലവിൽ 21 രൂപ 95 പൈസയിൽ എത്തി നിൽക്കുന്നത്.

MORE IN GULF
SHOW MORE