യുഎഇയിൽ ചൂട് 46 ഡിഗ്രി കടന്നു; വാഹനങ്ങൾക്കു തീ പിടിക്കാന്‍ സാധ്യത; ജാഗ്രത

uae-heat
പ്രതീകാത്മ ചിത്രം. Photo credit : Daniel Chetroni/ Shutterstock.com
SHARE

ദുബായ്: യുഎഇയിൽ ചൂട് 46 ഡിഗ്രി കടന്നു. മഴയുടെ ലക്ഷണമുണ്ടെങ്കിലും ചൂട് തീവ്രമാവുകയാണ്. ചൂടു കൂടുന്നത് വാഹനങ്ങൾക്കു തീ പിടിക്കാനുള്ള സാധ്യത കൂട്ടുന്നു. ചൂടു കൂടുമ്പോൾ തീ പിടിക്കുന്ന വസ്തുക്കൾ കാറിനുള്ളിൽ ഇല്ലെന്ന് ഉറപ്പാക്കണം.

വാഹനത്തിന്റെ ഫിറ്റ്നസ് സമയാസമയങ്ങളിൽ പരിശോധിച്ച് ഉറപ്പാക്കണം. ബൈക്ക് യാത്രികർ ടയറിന്റെ കാര്യത്തിൽ ജാഗ്രത പാലിക്കണം. കാർ ഉപയോഗിക്കുന്നവരും എല്ലാ ദിവസവും ടയർ പരിശോധിക്കണം.

ടയറിലെ ചെറിയ കീറലും പൊട്ടലും വീർക്കലും എല്ലാം അപകടമുണ്ടാക്കും. ടയറിന്റെ കാലാവധിയും പരിശോധിക്കണം. വാഹനങ്ങളിൽ സുരക്ഷാ മുൻകരുതൽ എടുക്കുന്നതിൽ ഡ്രൈവർമാരുടെ ഭാഗത്തുണ്ടായ അനാസ്ഥയാണ് പല അപകടങ്ങൾക്കും കാരണമെന്ന് പൊലീസ് പറഞ്ഞു.

വാഹനങ്ങളിലെ ഇലക്ട്രിക്കൽ, ടെക്നിക്കൽ ഭാഗങ്ങൾ കൃത്യമായി പ്രവർത്തിക്കാത്തതും തീപിടിപ്പിക്കുന്ന വസ്തുക്കൾ വണ്ടിയിൽ വച്ച ശേഷം പാർക്ക് ചെയ്തു പോകുന്നതും എൻജിൻ ഓഫാക്കാതെ ഇന്ധനം നിറയ്ക്കുന്നതും ദുരന്തമുണ്ടാക്കും. വാഹനത്തിനുള്ളിൽ അഗ്നിശമന സംവിധാനം സ്ഥാപിക്കുന്നതും ഫസ്റ്റ് എയ്ഡ് ബോക്സ് സ്ഥാപിക്കുന്നതും നല്ലതാണെന്നും പൊലീസ് പറഞ്ഞു.

കുട്ടികളെ കാറിലിരുത്തിയ ശേഷം ഒരു മിനിറ്റു പോലും പുറത്തപോകരുത്. പാർക്ക് ചെയ്തു പോകുമ്പോൾ വണ്ടിയുടെ വിൻഡോ ഗ്ലാസ് അൽപം താഴ്ത്തിയിടുന്നത് വായു സഞ്ചാരം ഉറപ്പാക്കും.  ചൂട് 50 ഡിഗ്രിവരെ ഉയരുമെന്നതിനാൽ വാഹനസുരക്ഷ ഓരോ ദിവസവും ഉറപ്പാക്കണമെന്നും പൊലീസ് നിർദേശിച്ചു.

ചൂടുകാലത്ത് കാറിൽനിന്ന് ഒഴിവാക്കേണ്ടവ

∙  ബാറ്ററികൾ വാഹനത്തിനുള്ളിൽ അധിക സമയം സൂക്ഷിക്കരുത്. പ്രത്യേകിച്ചും വെയിലത്ത് നിർത്തിയിട്ടു പോകുമ്പോൾ. 

∙ വായു മർദം കൂടിയ പാത്രങ്ങൾ. കീടനാശിനികൾ ഉൾപ്പെടെയുള്ള കുപ്പികൾ. 

∙ പെർഫ്യൂം ഒഴിവാക്കുക. വണ്ടിയുടെ ചൂടും അന്തരീക്ഷത്തിലെ ചൂടും പെർഫ്യൂം ബോട്ടിൽ പൊട്ടിത്തെറിക്കാൻ കാരണമാകും. 

∙ സിഗരറ്റ് ലൈറ്ററുകളും അപകടകാരികളാണ്. അമിതചൂടിൽ ലൈറ്റർ ഉരുകാനും പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ലൈറ്ററിനുള്ളിലെ ഇന്ധനം തീപിടിത്തമുണ്ടാക്കും. 

∙ ഗ്യാസ് സിലിണ്ടർ വൻ ദുരന്തത്തിനു കാരണമാകും. ഉയർന്ന മർദ്ദത്തിലാണ് സിലിണ്ടറുകളിൽ ഗ്യാസ് നിറച്ചിരിക്കുന്നത്. ഇതിലേക്ക് അമിതമായി ചൂടു തട്ടുമ്പോൾ ഉള്ളിലെ ഗ്യാസ് പുറത്തേക്ക് കടക്കാൻ നോക്കും. ഇത് പൊട്ടിത്തെറിക്കാൻ ഇടയാക്കും. 

∙ ഹാൻഡ് സാനിറ്റൈസറും അപകടമുണ്ടാക്കും. ചൂടു കുടുമ്പോൾ സാനിറ്റൈസറിലെ സ്പിരിറ്റ് അമിതമായി ചൂടാകുന്നതാണ് കാരണം. 

MORE IN GULF
SHOW MORE