ത്യാഗസ്മരണയിൽ പ്രവാസലോകം; പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കരിച്ച് വിശ്വാസികൾ

SHARE
gulf-bakrid

ത്യാഗസ്മരണയിൽ ബലി പെരുന്നാൾ ആഘോഷിച്ച് ഗൾഫിലെ വിശ്വാസികൾ.  ഇടവേളക്ക് ശേഷം പെരുന്നാൾ നമസ്കാരത്തിന് പള്ളികളും ഈദ് ഗാഹുകളിലും എത്താനായതിന്‍റെ സന്തോഷത്തിലാണ് വിശ്വാസികൾ. ഹജ് തീർഥാടകർ ജംറയിൽ കല്ലേറ് നടത്തിയശേഷം പെരുന്നാൾ ആഘോഷിച്ചു. പ്രവാചകനായ ഇബ്രാഹിം നബി  ദൈവകല്‍പന മാനിച്ച് സ്വന്തം മകനെ ബലിയർപ്പിക്കാന്‍ തുനിഞ്ഞതിന്‍റെ  ഓർമ പുതുക്കിയാണ് വിശ്വാസസമൂഹം ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. 

കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഇത്തവണ പള്ളികളിലും ഈദ് ഗാഹുകളിലും വിശ്വാസികൾ രാവിലെ പെരുന്നാൾ നമസ്കാരം നിർവഹിച്ചു.  ദുബായ് അൽമനാർ ഗ്രൌഡിലും ഷാർജ ഫുട്ബോൾ ഗ്രൌഡിലും ഒരുക്കിയ ഈദ് ഗാഹുകളിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഗൾഫ് രാജ്യങ്ങളിലെ ഭരണാധിപൻമാർ പെരുന്നാൾ ആശംസകൾ നേർന്നു.  അബുദാബിയിലെ  അൽ മുഷ്റിഫ് കൊട്ടാരത്തില്‍ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ നേതൃത്വത്തിൽ പരസ്പരം ആശംസകൾ നേർന്ന് യുഎഇ സുപ്രീം കൌൺസിൽ അംഗങ്ങൾ ഒത്തുകൂടി. അതേസമയം ഹജ് തീർഥാടകർ  ജംറയിൽ സാത്താന്‍റെ പ്രതിരൂപത്തിൽ ആദ്യ കല്ലെറിയൽ കർമം നിർവഹിച്ചു. ബലിയർപ്പണവും തലമുണ്ഡനവും പൂർത്തിയാക്കിയശേഷം നമസ്കാരം നിർവഹിച്ച് ഹാജിമാർ പെരുന്നാൾ ആഘോഷിച്ചു. ഹറം പള്ളിയിലെത്തി വിശ്വാസികൾ വിടവാങ്ങൽ പ്രദക്ഷിണം പൂർത്തിയാക്കുന്നതോടെ ഹജ് കർമങ്ങൾക്ക് വിരാമമാകും.  

MORE IN GULF
SHOW MORE