യുഎഇയിൽ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര; എളുപ്പവഴി ഇതാ

flight-new
SHARE

അബുദാബി: പൊള്ളുന്ന ടിക്കറ്റ് നിരക്കു മൂലം നാട്ടിലേക്കു പോകാൻ സാധിക്കാത്തവർക്കു പുതിയൊരു അവസരം. യുഎഇയിൽ നിന്ന് മസ്കത്ത് വഴി കേരളത്തിലെ ഏത് എയർപോർട്ടിലേക്കു കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം.

നിലവിൽ യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള നിരക്കിന്റെ മൂന്നിലൊന്നു നൽകിയാൽ മതി എന്നതാണു നേട്ടം. ഇന്ന് അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കു പോയി ഓഗസ്റ്റ് 28ന് തിരിച്ചെത്താൻ നാലംഗ കുടുംബത്തിനു 2.68 ലക്ഷം രൂപയാണ് (12468 ദിർഹം) നിരക്ക്.

നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റില്ല. മറ്റു സെക്ടർ വഴി പോകുന്നതിനാണ് ഈ നിരക്ക് എന്നു ഓർക്കണം. വിമാനത്തിലോ ബസിലോ യുഎഇയിൽനിന്ന് മസ്കത്തിൽ എത്തി അവിടുന്നു കേരളത്തിലേക്കു വിമാനത്തിൽ പോകുന്നതിനു വീസ ഉൾപ്പെടെ ശരാശരി 900 ദിർഹമേ വരുവെന്നു അനുഭവസ്ഥരും ചില ട്രാവൽ ഏജന്റുമാരും വിശദീകരിക്കുന്നു.

സ്വന്തം നിലയ്ക്ക് ഓൺലൈനിലൂടെയോ ട്രാവൽ ഏജൻസി മുഖേനയോ ടിക്കറ്റെടുത്ത് പോകാവുന്നതാണ്. ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് ഓൺഅറൈവൽ വീസയും ലഭിക്കുന്നതിനാൽ നിരക്ക് അൽപം കൂടി കുറയും. അബുദാബിയിൽ നിന്ന് വിസ് എയറിൽ മസ്കത്തിലേക്കു 120 ദിർഹത്തിൽ താഴെയാണു ശരാശരി ടിക്കറ്റ് നിരക്ക്.

ഓഫറിൽ പല ദിവസങ്ങളിലും 79 ദിർഹത്തിനു വരെ (ലഗേജ് ഇല്ലാതെ) ടിക്കറ്റ് നൽകിവരുന്നു. ദുബായ് ദെയ്റയിൽ നിന്ന് ഒമാനിലേക്ക് ബസിനു 100 ദിർഹമാണു നിരക്ക്. വിമാനത്തിൽ ഒരു മണിക്കൂറും ബസിൽ 5 മണിക്കൂറും യാത്ര ചെയ്താൽ മസ്കത്തിലെത്താം. ഇവിടെ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളത്തിലേക്കു വിമാന സർവീസുണ്ട്.

എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗോ ഫസ്റ്റ് തുടങ്ങി ഇന്ത്യൻ വിമാനങ്ങൾ മസ്കത്തിൽ നിന്ന് കേരളത്തിലേക്കു കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. പെരുന്നാൾ തലേന്നും പിറ്റേന്നും ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും ശരാശരി 700 ദിർഹത്തിന് എല്ലാ എയർലൈനുകളിലും ടിക്കറ്റ് ലഭ്യമാണ്.

എളുപ്പവഴി അറിയാൻ....

ഒമാൻ വീസ

ഒമാൻ സന്ദർശക, ടൂറിസ്റ്റ് വീസ അപേക്ഷിച്ചാൽ ഒന്നോ രണ്ടോ ദിവസത്തിനകം ലഭിക്കും. ചെലവ് 120 ദിർഹം ട്രാവൽസ് വഴിയാണ് എടുക്കുന്നതെങ്കിൽ 20–30 ദിർഹം സർവീസ് ചാർജുകൂടി നൽകേണ്ടിവരും. ഇതൊക്കെ നൽകിയാൽ പോലും യുഎഇയിൽ നിന്ന് കേരളത്തിലേക്ക് നേരിട്ടു പോകുന്നതിന് അവധിക്കാലത്ത് ഈടാക്കുന്നതിന്റെ മൂന്നിലൊന്നേ വരൂ എന്നതാണ് ആകർഷണം.

ഒരാഴ്ചയ്ക്കിടെ പോയത് 500 പേർ

ഉയർന്ന നിരക്കു മൂലം നാട്ടിലേക്കു പോകാൻ സാധിക്കാത്ത ഒട്ടേറെ കുടുംബങ്ങൾ ഈ മാർഗം സ്വീകരിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ അഞ്ഞൂറു പേർ ഒമാൻ വഴി യാത്ര ചെയ്തതായി ട്രാവൽ ഏജൻസികളും സൂചിപ്പിച്ചു. മധ്യവേനൽ അവധിക്കു സ്കൂളുകൾ അടച്ചതിനാൽ കുടുംബസമേതം പോകുന്നവരാണു കൂടുതലും. ഇവർക്ക് ഈയിനത്തിൽ വൻ തുക ലാഭിക്കാമെന്നു മാത്രമല്ല ഒമാനിലെ കാഴ്ചകളും കാണാം.

ബസ് സർവീസ്

ദെയ്റയിൽ നിന്ന് മസ്കത്തിലേക്കു ദിവസേന രാവിലെ 7.30, 3.00, രാത്രി 10 സമയങ്ങളിൽ ബസ് സർവീസുണ്ട്. യുഎഇ–ഒമാൻ അതിർത്തി പരിശോധന ഉൾപ്പെടെ 5 മണിക്കൂറിനകം മസ്കത്തിൽ എത്തിക്കും.

ഒമാൻ യാത്ര സ്വന്തം കാറിൽ

പോക്കും വരവും ഒമാൻ വഴി ആക്കാൻ ആഗ്രഹിക്കുന്ന ചിലർ സ്വന്തം വാഹനത്തിൽ റോഡ് മാർഗം ഒമാനിലെത്തി അവിടുന്ന് കേരളത്തിലേക്കു പോകുന്ന ചിലരുണ്ട്.വാരാന്ത്യങ്ങളിൽ സുഹൃത്തുക്കളെ മസ്കത്ത് വിമാനത്താവളത്തിൽ എത്തിക്കുന്ന ചില ചങ്ക് ബ്രോകളും കുറവല്ല. യുഎഇ, ഒമാൻ വാഹന ഇൻഷുറൻസ് ഉള്ളവരാണ് ഈ സാഹസത്തിനു മുതിരുന്നത്. അല്ലാത്തവർ, ബസ്, വിമാന മാർഗമാണ് തിരഞ്ഞെടുക്കുന്നത്.

MORE IN GULF
SHOW MORE