യുഎഇയിൽ മോദിയുടെ ഹ്രസ്വസന്ദർശനം; നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്‍റ്

uaemodi
SHARE

യുഎഇയിൽ ഒന്നരമണിക്കൂർ നീണ്ട ഹ്രസ്വസന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ജർമനിയിൽ നിന്നും അബുദാബിയിലെത്തിയ പ്രധാനമന്ത്രിയെ യുഎഇ പ്രസിഡൻറ് ഷെയ്ക്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. ഇന്ത്യ,യുഎഇ സമഗ്രസാമ്പത്തിക പങ്കാളിത്ത കരാർ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു.

പ്രാദേശികസമയം 3.30 ഓടെ അബുദാബിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. യുഎഇ പ്രസിഡൻറ് ഷെയ്ക്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഉന്നതഉദ്യോഗസ്ഥർ തുടങ്ങിയവർ വിമാനത്താവളത്തിൽ നേരിട്ടെത്തി മോദിയെ സ്വീകരിച്ചു. നേരിട്ടു സ്വീകരിക്കാനെത്തിയ ഷെയ്ഖ് മുഹമ്മദിൻറെ പ്രവർത്തി ഹൃദ്യമായിരുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. അബുദാബി കൊട്ടാരത്തിലായിരുന്നു ഇരുനേതാക്കളുടേയും കൂടിക്കാഴ്ച. യുഎഇ പ്രസിഡന്‍റായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ  വിയോഗത്തിൽ ഇന്ത്യൻ ജനതയുടെ അനുശോചനം മോദി അറിയിച്ചു. പുതുതായി ചുമതലയേറ്റ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദിനെ അഭിനന്ദിക്കുകയും ചെയ്തു. കോവിഡിന് ശേഷമുള്ള ആരോഗ്യ,സാമ്പത്തിക മേഖലകളിലെ സാഹചര്യം, മേഖലയിലെയും രാജ്യാന്തരതലത്തിലെയും സാഹചര്യം തുടങ്ങിയവയും ചർച്ചാവിഷയമായി. ഇരുരാജ്യങ്ങളിലേയും സ്ഥാനപതിമാർ, വിദേശകാര്യ,വാണിജ്യ മന്ത്രാലയങ്ങളിലെ ഉന്നതഉദ്യോഗസ്ഥർ തുടങ്ങിയവരും ചർച്ചയുടെ ഭാഗമായി. ഒന്നരമണിക്കൂർ നീണ്ട സന്ദർശനത്തിനുശേഷം അബുദാബി വിമാനത്താവളത്തിൽ ഷെയ്ഖ് മുഹമ്മദ് മോദിയെ ഡൽഹിയിലേക്ക് യാത്രയയച്ചു

MORE IN GULF
SHOW MORE