കാറിനുള്ളിൽ കൊല്ലപ്പെട്ടത് ലുബ്ന, ഹൃദയം തകർന്ന് പ്രിയപ്പെട്ടവർ; എന്തിനായിരുന്നു അത്?

lubna
SHARE

ഷാർജ ∙ ഷാർജയിൽ കഴിഞ്ഞദിവസം കുത്തേറ്റു മരിച്ചത് ജോർദാൻ സ്വദേശിനിയായ യുവ എൻജിനീയർ ലുബ്ന മൻസൂർ. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കാറിനുള്ളിൽ നടന്ന ആക്രമണത്തെ തുടർന്ന് യുവതി മരിച്ചത്. കൊലപാതകം നടന്ന് രണ്ട് മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയതായി ഷാർജ പൊലീസ് അറിയിച്ചിരുന്നു. കൊലപാതകക്കുറ്റം തെളിയിക്കപ്പെട്ടാൽ വധശിക്ഷ വരെ പ്രതി നേരിടേണ്ടി വരും.

‘എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം എന്നെ വിട്ടുപോയി’

ലുബ്ന മൻസൂറിന്റെ ഭർത്താവാണ് പ്രതിയെന്ന് ജോർദാൻ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തെങ്കിലും പൊലീസ് ഇതേക്കുറിച്ച് പ്രതികരിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. സമൂഹമാധ്യമത്തിൽ ലുബ്നയുടെ കുടുംബം അവരുടെ പടം ചേർത്ത് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടിരിക്കുന്നു.

‘എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം എന്നെ വിട്ടുപോയി’– ലുബ്നയുടെ സഹോദരി ലിയാസ് മൻസൂർ സമൂഹ മാധ്യമത്തിൽ എഴുതി. ‘സഹോദരീ, നിങ്ങൾ ഏറ്റവും നല്ല സ്ഥലത്താണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു ലുബ്നാ’– അവർ ട്വിറ്ററിൽ കുറിച്ചു. നൂറുകണക്കിന് പേരാണ് ലുബ്നയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടിരിക്കുന്നത്. 

ഒന്നിലേറെ കുത്തുകളേറ്റു; പ്രതി രണ്ടു മണിക്കൂറിനുള്ളിൽ പിടിയിൽ

മകളെ തട്ടിക്കൊണ്ടുപോയെന്ന് ലുബ്നയുടെ മാതാവാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 3.15ന് പൊലീസില്‍ പരാതിപ്പെട്ടത്. തങ്ങൾക്ക് അറിയാവുന്ന ഒരാൾ മകളെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു പരാതി. പിന്നീട് പ്രതി ഉപേക്ഷിച്ച ലുബ്നയുടെ കാറിനുള്ളിൽ അവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതിയെ രണ്ടു മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്ത് ഷാർജ പൊലീസ് കഴിവ് തെളിയിച്ചു.  

ലുബ്നയുടെ ശരീരത്തിൽ ഒന്നിലേറെ കുത്തേറ്റിരുന്നു. കാറിനുള്ളിലിട്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം ഇതേ കാറുമായി പ്രതി കടന്നുകളയുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് ഷാർജ പൊലീസ് സിഐഡി തലവൻ കേണൽ ഫൈസൽ ബിൻ നാസർ പറഞ്ഞു. ബീച്ചിനടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ലുബ്നയുടെ കാർ പെട്ടെന്ന് തന്നെ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു. കാറിനുള്ളിൽ ലുബ്നയുടെ മൃതദേഹവും കണ്ടെത്തി. 

പ്രതിയുടെ പ്രായമോ പൗരത്വമോ പൊലീസ് പുറത്തുവിട്ടിട്ടില്ല. താനും ലുബ്നയും തമ്മിലുണ്ടായിരുന്ന തർക്കങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും അന്വേഷണം തുടരുകയും ചെയ്യുന്നതായി വ്യക്തമാക്കി. ജോർദാൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നാണ് അ‌‌‌‌‌‌‌‌‌‌ട‌ുത്തിടെ ലുബ്ന എൻജിനീയറിങ് ബിരുദം നേടിയത്.

MORE IN GULF
SHOW MORE