ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഗോതമ്പ് ആഭ്യന്തര ആവശ്യത്തിന്; കയറ്റുമതി വിലക്കി യുഎഇ

wheat-uae-india
SHARE

ഇന്ത്യയിൽ നിന്നെത്തിക്കുന്ന ഗോതമ്പ് മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നതിനു യുഎഇ വിലക്കേർപ്പെടുത്തി. നാലു മാസത്തേയ്ക്കാണു പുനർ കയറ്റുമതിക്കു വിലക്കേർപ്പെടുത്തിയതെന്നു യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഗോതമ്പ് ആഭ്യന്തര ആവശ്യത്തിനു മാത്രമായി നീക്കിവയ്ക്കുകയും ചെയ്യും. 

യുഎഇയിലേക്കു കൊണ്ടുവരുന്ന ഒരു ഗോതമ്പും വിദേശത്ത് പുനർവിൽപന നടത്തില്ല എന്നാണു തീരുമാനം. ആഗോള ഗോതമ്പിന്റെയും ധാന്യത്തിന്റെയും ദൗർലഭ്യത്തിന്റെയും ലോകത്തെങ്ങുമുള്ള ഭക്ഷ്യ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകളുടെയും പശ്ചാത്തലത്തിലാണു തീരുമാനം. എല്ലാ ഗോതമ്പ് ഇനങ്ങൾക്കും (സ്പെൽറ്റ്), ഹാർഡ്, സാധാരണ, മൃദുവായ ഗോതമ്പ്, ഗോതമ്പ് മാവ് (സ്പെൽറ്റ് മാവ്) എന്നിവയ്ക്കും തീരുമാനം ബാധകമാണ്. മേയ് 13 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഈ തീരുമാനമെന്നു സാമ്പത്തിക മന്ത്രാലയം അറിയിച്ചു.  ഇന്ത്യയിലെ ശക്തമായ താപനില വിളകളെ മോശമായി ബാധിച്ചു. ഇതുമൂലം മേയ് 13ന് ഇന്ത്യയിൽ ഗോതമ്പ് കയറ്റുമതി നിരോധനം നടപ്പിലാക്കി. ഗോതമ്പിന്‍റെ പ്രാദേശിക വില റെക്കോർഡ് തലത്തിലേയ്ക്ക് ഉയരുകയും ചെയ്തു. 

എങ്കിലും അടുത്ത ആഴ്ചകളിലേയ്ക്ക് ഇന്ത്യക്ക് ആവശ്യത്തിന് ഗോതമ്പ് സംഭരണമുണ്ടെന്നും ക്ഷാമം ഉണ്ടായിട്ടും മറ്റ് രാജ്യങ്ങളെ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കാമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. ഇതേതുടർന്ന്, യുഎഇ ഉൾപ്പെടെയുള്ള ഒട്ടേറെ രാജ്യങ്ങൾ ഇന്ത്യ തങ്ങൾക്ക് ഗോതമ്പ് കയറ്റുമതി പുനരാരംഭിക്കണമെന്ന് അഭ്യർഥിച്ചു.  

യുഎഇയും ഇന്ത്യയും തമ്മിലുള്ള സമീപകാല വ്യാപാര കരാറിൽ ആഭ്യന്തര ഉപഭോഗത്തിനായി യുഎഇയിലേയ്ക്ക് ഗോതമ്പ് കയറ്റുമതി ചെയ്യാനുള്ള ഇന്ത്യൻ സർക്കാരിന്റെ അനുമതി ഉൾപ്പെടുന്നുവെന്ന് യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസി വാം റിപ്പോർട് ചെയ്തു.  മേയിൽ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതിന് ശേഷം ഇത് മൂന്നാം തവണയാണ് ഇന്ത്യ രാജ്യാന്തര ഗോതമ്പ് കയറ്റുമതി അനുവദിക്കുന്നത്. മേയ് 13നു മുൻപു രാജ്യത്തേക്കു കൊണ്ടുവരുന്ന ഇന്ത്യൻ  ഗോതമ്പ്, ഗോതമ്പ് മാവ് ഇനങ്ങൾ കയറ്റുമതി ചെയ്യാനോ വീണ്ടും കയറ്റുമതി ചെയ്യാനോ ആഗ്രഹിക്കുന്ന കമ്പനികൾ പെർമിറ്റിന് അപേക്ഷിക്കണമെന്നു സാമ്പത്തിക മന്ത്രാലയം അറിയിച്ചു.  

ഇന്ത്യൻ താപതരംഗത്തിനു പുറമേ, യുക്രെയ്നിലെ റഷ്യയുടെ യുദ്ധവും ഗോതമ്പ്, ധാന്യങ്ങൾ, വളം എന്നിവയുടെ ആഗോള ദൗർലഭ്യത്തിനു കാരണമായി. യുക്രെയ്നിലെ കരിങ്കടൽ തുറമുഖങ്ങളിൽ റഷ്യൻ ഉപരോധവും റഷ്യക്കുമേൽ ഏർപ്പെടുത്തിയ ഉപരോധവും ലോകത്തിന്റെ 'ബ്രെഡ്ബാസ്‌ക്കറ്റ്' എന്നറിയപ്പെടുന്ന രണ്ടു രാജ്യങ്ങളിലെയും ഭക്ഷ്യ ഉൽപാദനം ഫെബ്രുവരി മുതൽ ഗണ്യമായി കുറഞ്ഞതിന് കാരണമായി.

MORE IN GULF
SHOW MORE