11 ലക്ഷത്തിലധികം പുസ്തകങ്ങൾ; അറിവിന്റെ അനന്തമായ ലോകം തുറന്ന് ദുബായ്

dubailibraryjpg
SHARE

പതിനൊന്നു ലക്ഷത്തിലധികം പുസ്തകങ്ങളുമായി ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥശാല ദുബായിൽ തുറന്നു. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് അൽ ജദ്ദാഫിലെ മുഹമ്മദ് ബിൻ റാഷിദ് ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച മുതൽ പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശിക്കാം.

അറബിക് അടക്കം വിവിധ ഭാഷകളിലെ പതിനൊന്നു ലക്ഷത്തിലധികം പുസ്തകങ്ങൾ, അറുപതുലക്ഷത്തിലധികം ഗവേഷണ പ്രബന്ധങ്ങൾ, 73,000 സംഗീതറെക്കോർഡുകൾ, 75,000 വിഡിയോകൾ, 13,000 ഓളം ലേഖനങ്ങൾ. 5,000 ചരിത്രരേഖകൾ, ലോകത്തിൻറെ വിവിധയിടങ്ങളിൽ നിന്നായി 35,000 പ്രിൻറ്, ഡിജിറ്റൽ ന്യൂസ് പേപ്പറുകൾ. അങ്ങനെ അറിവിൻറെ അനന്തമായ ലോകമാണ് ദുബായ് ക്രീക്കിനു സമീപം അൽ ജദ്ദാഫിൽ ഏഴു നിലകളിലായി ഒരുക്കിയിരിക്കുന്നത്. പുതിയതലമുറയ്ക്കായി സാംസ്കാരികവും ബൗദ്ധികവുമായ കേന്ദ്രം തുറക്കുന്നു. വായന പ്രോത്സാഹിപ്പിക്കുക, അറിവ് പ്രചരിപ്പിക്കുക, ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും പിന്തുണ നൽകുക. അങ്ങനെ മനുഷ്യ മനസിനെ പ്രകാശിപ്പിക്കുക. അതാണ് ഞങ്ങളുടെ ലക്ഷ്യം. ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തുകൊണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും വ്യക്തമാക്കി. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവിൻറെ ഭാഗമാണ് 20 കോടിയിലധികംരൂപ ചെലവിൽ  മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി നിർമിച്ചത്. 5,81,903 ചതുരശ്ര അടിയാണ് വിസ്തീർണം. യുവജനങ്ങൾ, കുട്ടികൾ, എഴുത്തുകാർ, ഗവേഷകർ, ചിന്തകർ, കലാകാരന്മാർ എന്നിവരുൾപ്പെടെ ലോകത്തിൻറെ എല്ലായിടത്തുനിന്നുമുള്ളവരെ സ്വാഗതം ചെയ്യുന്നതായി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയുടെ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്ത് റജിസ്റ്റർ ചെയ്തശേഷം സൗജന്യമായി സന്ദർശിക്കാം. ഞായർ ഒഴികെയുള്ള എല്ലാദിവസവും രാവിലെ ഒൻപതു മുതൽ രാത്രി ഒൻപതുവരെയാണ് പ്രവേശനസമയം.

MORE IN GULF
SHOW MORE