കോവി‍ഡ് കൂടുന്നു; യുഎഇയിൽ മാസ്ക് നിർബന്ധമാക്കി

uae-covid
SHARE

യുഎഇയിൽ കോവി‍ഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ അടച്ചിട്ട ഇടങ്ങളിലെ പൊതുപരിപാടികളിൽ മാസ്ക് നിർബന്ധമാക്കി. അൽ ഹൊസൻ ആപ്പിലെ ഗ്രീൻ പാസിന്റെ സാധുത 30ൽ നിന്ന് 14 ദിവസമായി കുറച്ചതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി വ്യക്‌തമാക്കി. അതേസമയം, യുഎഇയിൽ കോവിഡ് ബാധിതരുടെ എണ്ണം തുടർച്ചയായ അഞ്ചാം ദിവസവും ആയിരം കടന്നു.

യുഎഇയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരാഴ്ചയ്ക്കിടെ 100 ശതമാനത്തിലധികം വർധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. യുഎഇയിലെ ഇൻഡോർ പരിപാടികളിൽ മാസ്ക് നിർബന്ധമാക്കി. സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നിയമലംഘകർക്ക് 3,000 ദിർഹം വരെ പിഴ ചുമത്തും. അതേസമയം, രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവരുടെ പിസിആർ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ അൽഹൊസൻ ആപ്പില്‍ ഗ്രീൻ പാസ് 14 ദിവസത്തേക്ക് ആയിരിക്കും ഇനി ലഭിക്കുന്നത്. നേരത്തെ ഇത് 30 ദിവസം ആയിരുന്നു. 

അബുദാബിയിൽ ഷോപ്പിങ് മാളുകൾ അടക്കം പൊതുഇടങ്ങളിൽ പ്രവേശിക്കുന്നതിന് അൽ ഹൊസൻ  ആപ്പിൽ ഗ്രീൻ പാസ് നിർബന്ധമാണ്. അതിനിടെ, യുഎഇയിൽ 24 മണിക്കൂറിനിടെ 1,319 പേർക്ക് കോവിഡ് ബാധിച്ചതായും 1,076 പേർ കൂടി രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്നു മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നാലുമാസത്തെ ഇടവേളയ്ക്കു ശേഷം ഈ മാസം ഒൻപതിനാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നത്. 1,80,075 പേർക്കാണ് 24 മണിക്കൂറിനിടെ പി.സി.ആർ പരിശോധന നടത്തിയത്.

MORE IN GULF
SHOW MORE