ദുബായിൽ ഭാരത് മാർട്ട് തുറക്കുന്നു; ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വ്യാപാര കേന്ദ്രമാകും

indiauae
SHARE

ഇന്ത്യ, യുഎഇ സമഗ്രസാമ്പത്തിക പങ്കാളിത്ത കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വിൽപനയ്ക്കായി ദുബായ് ജബൽഅലിയിൽ ഭാരത് മാർട്ട് തുറക്കുമെന്ന് പ്രഖ്യാപനം. ഇന്ത്യൻ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും മൊത്ത,ചില്ലറ വ്യാപാര കേന്ദ്രമായിരിക്കും ഇതെന്നു യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ പറഞ്ഞു. കരാർ സജീവമാക്കുന്നതിനായി കൂടുതൽ ചർച്ചകളും പ്രദർശനങ്ങളും സംഘടിപ്പിക്കുമെന്നും ഇന്ത്യൻ സ്ഥാനപതി വ്യക്തമാക്കി. 

യുഎഇയിൽ ചൈനീസ് ഉൽപന്നങ്ങളുടെ വിൽപനയ്ക്കും പ്രദർശനത്തിനും ഒരുക്കിയിരിക്കുന്ന ഡ്രാഗൺ മാർട്ടിൻറെ മാതൃകയിൽ ദുബായ് ഡി.പി വേൾഡുമായി സഹകരിച്ചാണ് ഭാരത് മാർട്ട് നിർമിക്കുന്നത്. വിവിധസംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിനും വിൽപ്പനയ്ക്കും ഭാരത് മാർട്ട് വേദിയാകുമെന്നും യുഎഇയിലെ  ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ പറഞ്ഞു. 

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഇരുരാജ്യങ്ങളിലെയും വ്യവസായികൾക്കായി നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇന്ത്യൻ സ്ഥാനപതി. സമഗ്രസാമ്പത്തിക പങ്കാളിത്ത കരാർ, സെപ സജീവമാക്കുന്നതിനായി എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഉദ്യോഗസ്ഥ തലത്തിൽ വിലയിരുത്തൽ യോഗങ്ങൾ നടത്തുമെന്നും സഞ്ജയ് സുധീർ വ്യക്തമാക്കി. ഉഭയകക്ഷി യോഗങ്ങളും വ്യാപാര പ്രദർശനങ്ങളും സംഘടിപ്പിക്കും. ഈവർഷം തന്നെ 15 പ്രദർശനങ്ങൾ യുഎഇയിൽ നടത്തും. വിവിധ സംസ്ഥാനങ്ങളെക്കൂടി സെപയിൽ പങ്കാളികളാക്കും. അതേസമയം, കരാറിൻറെ ഭാഗമായി 7.7 കോടിയുടെ ആഭരണ കയറ്റുമതി ഇതിനകം നടന്നുവെന്നാണ് റിപ്പോർട്ട്. അടുത്ത അഞ്ചു വർഷത്തിനകം 700 കോടി രൂപയുടെ വ്യാപാരമായി ഇതു വളരുമെന്നാണ് പ്രതീക്ഷയെന്നു യുഎഇ സാമ്പത്തിക കാര്യ മന്ത്രാലയം വ്യാപാര വിഭാഗം വ്യക്തമാക്കി.

MORE IN GULF
SHOW MORE