ബിജെപി നേതാവിന്റെ വിവാദ പരാമർശം: ഇന്ത്യയുടെ ക്ഷമാപണം പ്രതീക്ഷിക്കുന്നതായി ഖത്തര്‍

qatar-flag-02
SHARE

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് നടത്തിയ വിവാദ പരാമർശങ്ങളിൽ ഇന്ത്യൻ സർക്കാർ പരസ്യമായ ക്ഷമാപണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തർ. ആഗോള തലത്തിലുള്ള ലക്ഷക്കണക്കിന് വരുന്ന ഇസ്‌ലാം വിശ്വാസികളെ വേദനിപ്പിക്കുന്നതാണ് പരാമർശങ്ങളെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. പരാമർശങ്ങൾക്കെതിരെ ഖത്തറിന്റെ കനത്ത അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തി കൊണ്ട് വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തലിന് കൈമാറിയ ഔദ്യോഗിക കത്തിലാണ് പരസ്യമായ ക്ഷമാപണം പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കിയത്. സ്ഥാനപതിയെ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തിയാണ് ഖത്തർ പ്രതിഷേധം അറിയിച്ചത്.

പ്രതിഷേധം അറിയിച്ചതിനൊപ്പം മതവിദ്വേഷപരമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ ഇന്ത്യൻ സർക്കാർ സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്യുന്നതായും ഖത്തർ വ്യക്തമാക്കി. ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഔദ്യോഗിക ഖത്തർ സന്ദർശനത്തിനിടെയാണ് പുതിയ പ്രശ്‌നങ്ങളെന്നത് ഇന്ത്യയുടെ പ്രതിഛായയ്ക്ക് മങ്ങൽ ഏൽപ്പിച്ചിട്ടുണ്ട്. അതേസമയം വിദേശകാര്യ മന്ത്രാലയത്തിൽ ചേർന്ന യോഗത്തിൽ ഇന്ത്യയിൽ വ്യക്തികൾ നടത്തിയ മത വിദ്വേഷകരമായ ട്വീറ്റുകൾക്കെതിരെ ഖത്തർ ആശങ്ക അറിയിച്ചതായി ഇന്ത്യൻ എംബസി വ്യക്തമാക്കി. എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും ഏതെങ്കിലും മത വ്യക്തിത്വങ്ങളെയോ മതത്തെയോ അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന ഒരു പ്രസ്താവനകളും പാടില്ലെന്നും ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും എംബസി അറിയിച്ചു.

ഇന്ത്യ-ഖത്തർ ബന്ധത്തിനെതിരെയുള്ള സ്ഥാപിത താൽപര്യങ്ങളാണ് ഇത്തരം അപകീർത്തിപരമായ പരാമർശങ്ങൾ ഉപയോഗിക്കാൻ പ്രേരണയാകുന്നതെന്നു ഇന്ത്യ-ഖത്തർ ഉഭയകക്ഷി ബന്ധം തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം നടപടികൾക്കെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഇന്ത്യൻ സ്ഥാനപതി വ്യക്തമാക്കി.

MORE IN GULF
SHOW MORE