യുഎഇയിൽ കോവിഡ് വാക്സിനേഷൻ പൂർത്തിയായി; അർഹരായ 100ശതമാനം പേർക്കും നൽകി

uae-covid-2
SHARE

യുഎഇയിൽ അർഹരായ 100ശതമാനം പേർക്കും കോവിഡ് വാക്സീൻ നൽകിയതായി ആരോഗ്യപ്രതിരോധ മന്ത്രാലയം. ആരോഗ്യരംഗത്തുള്ളവർ, വയോധികർ തുടങ്ങി അർഹരായ എല്ലാവർക്കും വാക്സിനേഷൻ പൂർത്തിയാക്കി. കോവിഡ് വാക്സിനേഷൻ ക്യാംപെയ്നിലൂടെ പ്രഖ്യാപിച്ച ലക്ഷ്യം കൈവരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

ലോകത്ത് ഏറ്റവും ആദ്യം പൊതുജനങ്ങൾക്ക് വാക്സീൻ നൽകിത്തുടങ്ങിയ രാജ്യമാണ് യുഎഇ. കൊവിഡ് വാക്സിനേഷന്‍ ക്യാംപെയ്ന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും അർഹരായ എല്ലാവർക്കും വാക്സീൻ നൽകിയതായും ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആരോഗ്യരംഗത്തുള്ളവർ, സന്നദ്ധപ്രവർത്തകർ, പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർക്ക് വാക്‌സീൻ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാംപെയ്നു തുടക്കം കുറിച്ചത്. ഇതിലൂടെ കോവിഡ് വ്യാപനം കുറയ്ക്കാനായതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൃത്യമായ ഇടവേളകളിൽ ബൂസ്റ്റർ ഡോസ് നൽകിയതിലൂടെ കോവിഡ് പ്രതിരോധം ശക്തമാക്കി. ഫൈസർ ഉൾപ്പെടെ ലോകാരോഗ്യസംഘടന അംഗീകരിച്ച വാക്സീനുകൾ സൌജന്യമായി നൽകുന്ന സംവിധാനമാണ് യുഎഇ ഒരുക്കിയിരുന്നത്. വിദേശിയെന്നോ സ്വദേശിയെന്നോ വ്യത്യാസമില്ലാതെ യുഎഇയിൽ താമസിക്കുന്ന എല്ലാവർക്കും സൗജന്യമായാണ് ബൂസ്റ്റർ ഡോസ് അടക്കം വാക്സീൻ നൽകിയത്. തൊഴിലാളി ക്യാംപുകളിലുള്ളവരടക്കം എല്ലാവർക്കും താമസസ്ഥലത്തിനടത്തുതന്നെ വാക്സിനേഷൻ കേന്ദ്രങ്ങളൊരുക്കിയിരുന്നു. പുതുതായി രാജ്യത്തെത്തുന്ന താമസവീസക്കാർക്കും വാക്സീൻ നൽകുന്നുണ്ട്. യുഎഇ ഭരണാധികാരികൾ തന്നെയാണ് വാക്സീൻ സ്വീകരിക്കുന്നതിനു ആദ്യം  മുന്നോട്ടുവന്നത്. തുടർന്നു എല്ലാവരും വാക്സീൻ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പള്ളികളിലടക്കം ബോധവൽക്കരണവും നടത്തിയിരുന്നു.

MORE IN GULF
SHOW MORE