യുഎഇയിൽ നാലുപേർക്കു കൂടി കുരങ്ങുപനി; ആകെ എട്ട് രോഗികൾ; ജാഗ്രത

isreal-monkey-pox
SHARE

നാലു പേർക്കു കൂടി കുരങ്ങുപനി റിപ്പോർട്ട് ചെയ്തതോടെ യുഎഇയിലെ ആകെ രോഗികൾ എട്ടായി. രാജ്യത്തെ എപ്പിഡെമിയോളജിക്കൽ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായാണു കേസുകൾ കണ്ടെത്തിയത്. എല്ലാവരും സുരക്ഷാ, പ്രതിരോധ നടപടികൾ പാലിക്കണമെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം ഓർമിപ്പിച്ചു.

യാത്ര ചെയ്യുമ്പോഴോ ഒത്തുചേരലുകളുടെ ഭാഗമാകുമ്പോഴോ സുരക്ഷാ നടപടികൾ ഉറപ്പുവരുത്തണം. അന്വേഷണം, സമ്പർക്കം പരിശോധിക്കൽ, രോഗികളുടെ ആരോഗ്യം നിരീക്ഷിക്കൽ എന്നിവ ഉൾപ്പെടെ ആവശ്യമായ എല്ലാ നടപടികളും യുഎഇ ആരോഗ്യ വിഭാഗം സ്വീകരിക്കുന്നുണ്ടെന്നു മന്ത്രാലയം അറിയിച്ചു.  

കുരങ്ങുപനി പകർച്ചവ്യാധിയാണെന്ന് അതോറിറ്റി അറിയിച്ചു. എന്നാൽ കോവിഡ് -19 നെ അപേക്ഷിച്ച് അതിന്റെ വ്യാപനം പരിമിതമാണ്. ഇതു കൂടുതലും മനുഷ്യരിലേക്കു പകരുന്നത് രോഗബാധിതനായ ഒരു വ്യക്തിയുമായോ മൃഗവുമായോ ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ എന്നിവയുൾപ്പെടെയോ വൈറസ് ബാധിച്ച വസ്തുക്കളുമായി അടുത്ത സമ്പർക്കത്തിലൂടെയോ ആണ്.

ഗർഭപാത്രത്തിലുള്ള കുഞ്ഞിലേക്കും ഇതു പകരാമെന്നു മന്ത്രാലയം മുന്നറിയിപ്പ് നൽകി. രോഗം ബാധിച്ച വ്യക്തികൾക്കും അവരുമായി അടുത്തിടപഴകിയവർക്കും ഐസൊലേഷൻ, ക്വാറന്റീൻ നടപടിക്രമങ്ങൾ മന്ത്രാലയം നേരത്തെ വിശദമാക്കിയിരുന്നു. പോസിറ്റീവ് കേസുകൾ സുഖം പ്രാപിക്കുന്നതുവരെ ആശുപത്രികളിൽ ഒറ്റപ്പെടുമെന്നും പറഞ്ഞു. അവരുമായി അടുത്ത ബന്ധമുള്ളവർ 21 ദിവസത്തിൽ കുറയാതെ വീട്ടിൽ ക്വാറന്റീനിൽ കഴിയണം. 

കുരങ്ങുപനി സാധാരണയായി രണ്ടു മുതൽ നാല് ആഴ്ച വരെ നീണ്ടുനിൽക്കുന്ന രോഗലക്ഷണങ്ങളുള്ള രോഗമാണ്. രോഗലക്ഷണ സപ്പോർട്ടീവ് കെയർ പരിഗണിക്കാൻ ഹെൽത്ത് കെയർ അധികൃതർ സൗകര്യങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.  

ഗൾഫിൽ ആദ്യമായി യുഎഇയിൽ കുരങ്ങുപനി സ്ഥിരീകരിച്ചത് മേയ് 24ന് പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നെത്തിയ 29കാരിക്കാണ്. ഇതാദ്യമായാണ് ഗൾഫ് മേഖലയിൽ വാനരവസൂരി സ്ഥിരീകരിക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യാനും അണുബാധ കണ്ടെത്തുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ആശുപത്രികളടക്കം എല്ലാ ആരോഗ്യസംരക്ഷണകേന്ദ്രങ്ങൾക്കും തുടർന്ന് മന്ത്രാലയം നിർദേശം നൽകി. അടുത്ത ദിവസങ്ങളിൽ തന്നെ മൂന്നു പേർക്ക് കൂടി കുരങ്ങുപനി റിപ്പോർട് ചെയ്തു.

MORE IN GULF
SHOW MORE