അക്ഷർധാം ക്ഷേത്രം 2024ൽ തുറക്കും; മധ്യപൂർവദേശത്തെ വലിയ ക്ഷേത്രം

abudhabi
SHARE

മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രമായ അബുദാബി അക്ഷർധാം ക്ഷേത്രം 2024 ഫെബ്രുവരിയിൽ തുറക്കും. ക്ഷേത്രത്തിൻറെ രണ്ടാം നിലയിലെ ശിലാസ്ഥാപന ചടങ്ങിൽ യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി അടക്കമുള്ളവർ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർഥനപ്രകാരം യുഎഇ പ്രസിഡൻറ് അനുവദിച്ച സ്ഥലത്താണ് ക്ഷേത്രം നിർമിക്കുന്നത്.

ഇന്ത്യ, യുഎഇ സൌഹൃദബന്ധത്തിൻറെ മറ്റൊരുദാഹരണമായ അബുദാബിയിലെ അക്ഷർദാം ക്ഷേത്രത്തിൻറെ നിർമാണം 2019 ഏപ്രിൽ 20നാണ് തുടങ്ങിയത്. കോവിഡ് കാരണം നിർമാണ ജോലികൾ തടസപ്പെട്ടെങ്കിലും രണ്ടു വർഷത്തിനകം പൂർത്തിയാക്കി 2024 ഫെബ്രുവരിയിൽ ക്ഷേത്രം തുറക്കുമെന്നു യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ പറഞ്ഞു. ക്ഷേത്രത്തിൻറെ രണ്ടാം നിലയിലെ ശിലാസ്ഥാപന ചടങ്ങുകൾക്ക് ബാപ്സ് സ്വാമി നാരായൺ സന്സ്തയിലെ സ്വാമി ബ്രഹ്മവിഹാരി മുഖ്യകാർമികത്വം വഹിച്ചു. യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി കിരീടാവകാശിയായിരുന്നപ്പോൾ 2015 ലാണ് ക്ഷേത്ര നിർമാണത്തിനു സ്ഥലം അനുവദിച്ചത്. അബുദാബി, ദുബായ് പാതയിൽ അബുമുറൈഖയിലെ 10.9 ഹെക്ടറിലാണ് ക്ഷേത്രം ഉയരുന്നത്. യുഎഇയിലെ ഏഴു എമിറേറ്റുകളെ പ്രതിനിധീകരിച്ച് ഏഴു കൂറ്റൻ ഗോപുരങ്ങളോടെയാണ് മധ്യപൂർവദേശത്തു പരമ്പരാഗത രീതിയിലെ ആദ്യ ഹൈന്ദവക്ഷേത്രത്തിൻറെ നിർമാണം. പൂർണമായും ഇന്ത്യയിൽ കൊത്തിയെടുത്ത ശിലകളാണുപയോഗിക്കുന്നത്. പ്രാർഥനാ മുറികൾക്കു പുറമെ ആത്മീയവും സാംസ്‌കാരികവുമായ ആശയ വിനിമയത്തിനുള്ള രാജ്യാന്തര വേദി, സന്ദർശക കേന്ദ്രം, പ്രദർശന ഹാളുകൾ, പഠന മേഖലകൾ, ഉദ്യാനം, കായിക കേന്ദ്രങ്ങൾ ഭക്ഷണശാലകൾ, ഗ്രന്ഥശാലകൾ തുടങ്ങിയവയും സജ്ജമാക്കുന്നുണ്ട്. യുഎഇയിലെ വിവിധമന്ത്രിമാരടക്കമുള്ളവർ ക്ഷേത്രനിർമാണ പുരോഗതിവിലയിരുത്താൻ ഇവിടെയെത്താറുണ്ട്.

MORE IN GULF
SHOW MORE