ഉഗ്രസ്ഫോടനം; ഞെട്ടൽ മാറാതെ അബുദാബി റസ്റ്ററന്റിലെ മലയാളികൾ; സംഭവിച്ചത്

abu-dhabi-restaurant
SHARE

അബുദാബി: പാചകവാതക സംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ തലനാരിഴയ്ക്കു രക്ഷപ്പെട്ടെങ്കിലും ഞെട്ടൽ മാറാതെ നാലു മലയാളികൾ. സ്ഫോടനത്തിൽ തകർന്ന ഫുഡ് കെയർ റസ്റ്ററന്റിലെ ജീവനക്കാരായ കോഴിക്കോട് അത്തോളി സ്വദേശികളായ രാഹുൽ, ഷാഹുൽ ഹമീദ്, തൃശൂർ സ്വദേശികളായ ബിനീഷ്, അലിയാർ എന്നിവരാണു പരുക്കേൽക്കാതെ രക്ഷപ്പെട്ടത്.

ഓർഡർ ചെയ്ത ഭക്ഷണം നൽകാനായി 15 മിനിറ്റ് മുൻപ് പോയതായിരുന്നു രാഹുലും ഷാഹുലും. രാവിലത്തെ ഷിഫ്റ്റ് കഴിഞ്ഞ് ഉച്ചയ്ക്ക് 12.30 ഓടെ ബിനീഷും അലിയാരും താമസ സ്ഥലത്തേക്കു പോയിരുന്നു. സുഹൃത്തുക്കൾ വിളിച്ചറിയിച്ച ഉടൻ റസ്റ്ററന്റിൽ തിരിച്ചെത്തിയപ്പോൾ കണ്ടതു ഹൃദയഭേദകമായ കാഴ്ചയായിരുന്നുവെന്നു രാഹുൽ പറഞ്ഞു. പൊലീസും അഗ്നിരക്ഷാപ്രവർത്തകരും ചേർന്ന് അപ്പോഴേക്കും സഹപ്രവർത്തകരിൽ ഒരാളെയൊഴികെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

ആദ്യ സ്ഫോടന ശബ്ദം കേട്ട് പ്രദേശത്തു തടിച്ചുകൂടിയവരെ നീക്കുന്നതിനിടെയാണ് ഉഗ്ര ശബ്ദത്തോടെ വീണ്ടും പൊട്ടിത്തെറിയുണ്ടായത്. ഇതോടെ സമീപത്തെ കെട്ടിടങ്ങളുടെ ചില്ലുകൾ തെറിച്ചുവീണു രാഹുൽ ഉൾപ്പെടെ ഒട്ടേറെ പേർക്കു പരുക്കേറ്റു. ഉടൻ ആംബുലൻസ് എത്തി ആശുപത്രിയിലേക്കു മാറ്റി. നിസ്സാര പരുക്കായതിനാൽ ഉടൻ വിട്ടയച്ചെന്നും രാഹുൽ പറഞ്ഞു.

യുദ്ധകാലാടിസ്ഥാനത്തിൽ പൊലീസ് നടത്തിയ രക്ഷാ പ്രവർത്തനമാണു ജീവാപായം കുറച്ചതെന്നു ഷാഹുൽ ഹമീദ് പറഞ്ഞു. ഡെലിവറിക്കുപോയ ‍ഷാഹുൽ തിരിച്ചെത്തിയപ്പോഴേക്കും 2 സ്ഫോടനവും നടന്നിരുന്നു. സംഭവസമയത്ത് റസ്റ്ററന്റിലുണ്ടായിരുന്നവരിൽ പരുക്കേറ്റ 8 പേരിൽ 3 പേരെ ഇതിനകം ഡിസ്ചാർജ് ചെയ്തു. ശേഷിച്ച 5 പേരും സുഖം പ്രാപിച്ചുവരുന്നു.

ഒരു പാക്ക് സ്വദേശിക്കും ഒരു  മലയാളിക്കും 40% പൊള്ളലേറ്റെങ്കിലും അപകടനില തരണം ചെയ്തതായി ഉടമ ബഷീർ പറഞ്ഞു. ജീവനക്കാരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനാണു പ്രഥമ പരിഗണനയെന്നും അതിനു ശേഷമേ റസ്റ്ററന്റിന്റെ നഷ്ടം സംബന്ധിച്ച കാര്യങ്ങളിലേക്കു കടക്കൂവെന്നും ബഷീർ പറഞ്ഞു.

MORE IN GULF
SHOW MORE