ജോ ബൈഡൻ സൗദിയിലേക്ക്; മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തും

joe-biden
SHARE

അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ അടുത്തമാസം സൗദി അറേബ്യ സന്ദർശിക്കും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ബൈഡൻ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. പ്രസിഡൻറായി ചുമതലയേറ്റശേഷം ഇതാദ്യമായാണ് ജോ ബൈഡൻ സൗദി സന്ദർശിക്കാനൊരുങ്ങുന്നത്.

സൗദിയുമായി ഏറ്റവും മികച്ച ബന്ധം സൂക്ഷിച്ചിരുന്ന ഡോണൾഡ് ട്രംപിൻറെ പിൻഗാമിയായി ജോ ബൈഡൻ സ്ഥാനമേറ്റ്, ഒരുവർഷവും അഞ്ചു മാസവും പിന്നിടുമ്പോഴാണ് സൌദി സന്ദർശനത്തിനൊരുങ്ങുന്നത്. വിവിധവിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ വിയോജിപ്പ് നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ബൈഡൻറെ സന്ദർശനം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ബൈഡൻ കൂടിക്കാഴ്ച നടത്തുമെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിനു കിരീടാവകാശിയുടെ പിന്തുണയുണ്ടെന്ന യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ബൈഡൻ, മുഹമ്മദ് ബിൻ സൽമാനെതിരെ നേരത്തേ രംഗത്തുവന്നിരുന്നു. ഒപ്പം യെമനിലെ സഖ്യസേനയ്ക്കുള്ള പിന്തുണ അമേരിക്ക വെട്ടിക്കുറച്ചതും ഇറാനുമായുള്ള ആണവകരാർ പുനഃസ്ഥാപിക്കാനുള്ള യുഎസ് നീക്കവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനു ഉലച്ചിലുണ്ടാക്കിയിട്ടുണ്ട്. 

ബൈഡനും മുഹമ്മദ് ബിൻ സൽമാനുമായുള്ള കൂടിക്കാഴ്ചയിൽ ഈ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് സൂചന. സൗദിയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ബൈഡൻ രൂക്ഷപ്രസ്താവന നടത്തിയിട്ടുണ്ട്. യുക്രെയിനിലെ റഷ്യയുടെ യുദ്ധം തുടരുന്ന സാഹചര്യത്തിൽ എണ്ണയുൽപ്പാദനം കൂട്ടുന്നതടക്കം വിഷയങ്ങളും ചർച്ചയാകും. ബൈഡൻറെ സന്ദർശനത്തിനു മുന്നോടിയായി കഴിഞ്ഞ മാസങ്ങളിൽ യുഎസ് ഉന്നത ഉദ്യോഗസ്ഥർ റിയാദിലെത്തിയിരുന്നു. അതേസമയം, ബൈഡൻറെ സന്ദർശനം വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

MORE IN GULF
SHOW MORE