ഇനി ഗൾഫിലെ കേരളത്തിലും മഴക്കാലം; മഴയെ വരവേൽക്കാൻ ഒരുങ്ങി സലാല

salalah-monsoon
SHARE

കുന്നിൻ ചെരുവുകളിൽ മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങൾ. കള്ളിമുണ്ടുമുടുത്ത് തലയിൽ തോർത്തു ചുറ്റിയ കർഷകർ. തെങ്ങിൻ തോപ്പും കാട്ടരുവിയും വാഴത്തോട്ടവുമായി കേരളംപോലെ വേറൊരു നാട്. അതും മരുഭൂമിയുടെ നടുവിൽ. പറഞ്ഞു വന്നത് ഗൾഫ് മേഖലയിലെ കേരളമായ സലാലയെക്കുറിച്ചാണ്.

സലാലയിൽ മഴയെ വരവേൽക്കാൻ ഒരുക്കം തുടങ്ങിയിരിക്കുകയാണ് ഭരണകൂടം. മൺസൂൺ (ഖരീഫ്) കാലത്ത് ഇന്ത്യക്കാരടക്കം പതിനായിരക്കണക്കിനു സന്ദർശകരാണ് ദോഫാർ ഗവർണറേറ്റിൽ എത്തുന്നത്. കോവിഡ് ആശങ്ക അകന്നതോടെ ഇത്തവണ കൂടുതൽ പേരെത്തുമെന്നാണ് പ്രതീക്ഷ. അടുത്തമാസം പകുതി മുതൽ സെപ്റ്റംബർ വരെയാണ് മൺസൂൺ കാലം.

ഒമാൻ സഹമന്ത്രിയും ദോഫാർ ഗവർണറുമായ സയ്യിദ് മുഹമ്മദ് സുൽത്താൻ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി. പർവതമേഖലകളിലും താഴ് വാരങ്ങളിലും വാദികൾക്കു സമീപവും സന്ദർശകരുടെ സുരക്ഷയ്ക്കു പ്രത്യേക സംഘങ്ങളെ നിയോഗിക്കും.

പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും മൊബൈൽ മെഡിക്കൽ യൂണിറ്റുകളും സജ്ജമാക്കും. മരുന്നുകൾക്ക് ക്ഷാമം നേരിടാതിരിക്കാനും നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. മഴക്കാലത്ത് വിസ്മയം പകരുന്ന നാട്ടരങ്ങുകൾ സജീവമാകും. കലാ-കായിക മത്സരങ്ങൾ, പരമ്പരാഗത ഉൽപന്നങ്ങളുടെ വിൽപനമേള, ഭക്ഷ്യമേള,  കുതിര-ഒട്ടക സവാരി തുടങ്ങിയവ ഉണ്ടാകും.  ഗൾഫ് മേഖലയിൽ കൊടുംചൂട് അനുഭവപ്പെടുമ്പോഴാണ് സലാലയിൽ മഴക്കാലം.

MORE IN GULF
SHOW MORE