അന്ന് അയിഷയ്ക്കു വീട്ടിലെത്തി സ്നേഹ മുത്തം; കരുതലായി കുരുന്നിനരികിൽ

Sheikh-viral-pic
SHARE

ദുബായ്: കരുണയുടെയും സഹിഷ്ണുതയുടെയും കാര്യത്തിൽ ഏറ്റവും മുൻപന്തിയാലാണ് യുഎഇയിലെ ഭരണാധികാരികൾ. ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി ജാഗ്രതയോടെ പ്രവർത്തിക്കുന്നവർ. പുതിയ യുഎഇ പ്രസിഡന്റായി സ്ഥാനമേറ്റ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്ന വ്യക്തിത്വമാണ്. മുതിർന്നവരോടൊപ്പം തന്നെ കുട്ടികളോടും ഏറെ കരുണയും വാത്സല്യം കാണിക്കുന്ന വ്യക്തി. പുതിയ സ്ഥാനത്തേക്ക് അദ്ദേഹം എത്തുമ്പോൾ മുൻപ് കുട്ടികളോട് അദ്ദേഹം കാണിച്ച കരുതലിന്റെ വാത്സല്യത്തിന്റെ ചില ഓർമകൾ വീണ്ടും ചർച്ചയാകുന്നു. 

അയിഷയ്ക്കു സ്നേഹമുത്തം

2019ൽ ആയിരുന്നു ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ കുട്ടികളോടുള്ള കരുതൽ വ്യക്തമാക്കിയ ഒരു സന്ദർഭം. യുഎഇ സന്ദർശിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരന് നൽകിയ സ്വീകരണത്തിനിടെയാണ് സംഭവങ്ങൾക്ക് തുടക്കം.

സ്വദേശി ബാലികമാർ അണിനിരന്ന് മുഹമ്മദ് സൽമാൻ രാജകുമാരന് വരവേൽപ് നൽകിയിരുന്നു. ഒരു ഭാഗത്ത് മുഹമ്മദ് സൽമാൻ രാജകുമാരനും മറു ഭാഗത്ത് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായിരുന്നു. കുട്ടികൾക്ക് ഹസ്തദാനം നൽകി മുന്നോട്ടു പോകുമ്പോൾ അയിഷ മുഹമ്മദ് ബിൻ മഷീത് അൽ മസ്റൂ എന്ന പെൺകുട്ടിയുടെ അരികിലെത്തിയെങ്കിലും ആ സമയം ഷെയ്ഖ് മുഹമ്മദിന്റെ ശ്രദ്ധ എതിർവശത്തേക്കു തിരിഞ്ഞതിനാൽ അയിഷയ്ക്ക് മാത്രം കൈകൊടുക്കാനായില്ല.

ഇതിൽ നിരാശയായ കുട്ടിയുടെ മുഖം ഉൾപ്പടെയുള്ള വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. ഇതു കാണാനിടയായ ഷെയ്ഖ് മുഹമ്മദ് യുഎഇ ദേശീയ ദിനത്തിൽ ബാലികയുടെ ഭവനത്തിൽ നേരിട്ട് ചെന്ന് അയിഷയെ ഓമനിക്കുകയായിരുന്നു. അയിഷയുടെ വീട്ടിലെത്തിയ ഷെയ്ഖ് മുഹമ്മദ് ബാലികയുടെ കൈപിടിച്ച് ചുംബിച്ചു. കുറേസമയം സമയം ചെലവിഴിക്കുകയും ചെയ്തു. ആ വിഡിയോയും പിന്നീട് വൈറലായി.

വിദ്യാർഥിനിക്ക് കൂട്ടായി റോഡരികിൽ

ഒരു രാജ്യത്തിന്റെ കിരീടാവകാശിയും ഉപ സർവസൈന്യാധിപനുമായ ആയ വ്യക്തി റോഡരികിൽ ഒരു സ്കൂൾ വിദ്യാർഥിനിക്ക് കൂട്ടായി തറയിൽ ഇരിക്കുന്നത് നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കുമോ? എന്നാൽ പുതിയ യുഎഇ പ്രസിഡന്റായി സ്ഥാനമേറ്റ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അങ്ങനൊരു ചരിത്രമുണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഏറെ പ്രചാരം നേടിയ ഒരു ചിത്രം പറയുന്നു. ഷെയ്ഖ് മുഹമ്മദ് നഹ്യാൻ യുഎഇ സായുധസേന ഉപസർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായിരുന്ന സമയത്തായിരുന്നു ഈ സംഭവമെന്ന് ഗൾഫ് മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. 

അബുദാബിയിലൂടെ വാഹനത്തിൽ പോകുമ്പോൾ ഒരു സ്കൂളിന് പുറത്ത് വിദ്യാർഥിനി തനിച്ച് നിൽക്കുന്നത് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ശ്രദ്ധയിൽപ്പെട്ടു. വാഹനം നിർത്തി പുറത്തിറങ്ങിയ അദ്ദേഹം വിദ്യാർഥിനിയോട് കാര്യം അന്വേഷിച്ചു. പിതാവിനെ കാത്തിരിക്കുകയാണ് എന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. താൻ വീട്ടിൽ വിടാമെന്ന് ഷെയ്ഖ് മുഹമ്മദ് നഹ്യാൻ പറഞ്ഞു. എന്നാൽ, വിദ്യാർഥിനിയുടെ മറുപടി വ്യത്യസ്തമായിരുന്നു: ‘അപരിചിതരോട് സംസാരിക്കരുതെന്ന് തന്റെ പിതാവ് പറഞ്ഞിട്ടുണ്ടെന്ന്’ അവൾ പറഞ്ഞു.

താൻ അപരിചിതൻ അല്ലെന്നും അബുദാബി കിരീടാവകാശിയാണെന്നും ഷെയ്ഖ് മുഹമ്മദ് നഹ്യാൻ പറഞ്ഞു. അത് തനിക്കറിയാമെന്നും അപരിചിതരോടൊപ്പം പോകരുതെന്ന് പിതാവ് പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു പെൺകുട്ടിയുടെ മറുപടി. ഷെയ്ഖ് മുഹമ്മദ് നഹ്യാൻ ചിരിച്ചുകൊണ്ട് പെൺകുട്ടിയുടെ പിതാവ് വരുന്നത് വരെ അവൾക്കൊപ്പം റോഡരികിൽ ഇരിക്കാൻ തീരുമാനിക്കുകയായിരുന്നു. അതുവഴി പോയ അധ്യാപകരാണ് ഷെയ്ഖ് മുഹമ്മദ് നഹ്യാ‍ൻ റോഡരികിൽ ഇരിക്കുന്ന ചിത്രം എടുത്തത്. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധനേടുകയും ചെയ്തു– എന്നാൽ ഇന്നും ഈ ചിത്രത്തിനു പിന്നിലെ യാഥാർഥ്യം സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്.

MORE IN GULF
SHOW MORE