29 വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നു; മാറ്റങ്ങൾ പറഞ്ഞ് സൗദിഅറേബ്യ

saudiwb
SHARE

സൗദിഅറേബ്യയിൽ 29 വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നു. വിമാനത്താവളങ്ങളുടെ ഉടമസ്ഥതാവകാശം കൈമാറിക്കഴിഞ്ഞതായി വ്യോമയാന അതോറിറ്റി അറിയിച്ചു. അതേസമയം, വിനോദസഞ്ചാരമേഖലയുടെ വികസനം ലക്ഷ്യമിട്ടു  സൗദിയിൽ രണ്ടു പുതിയ വിമാനത്താവളങ്ങൾകൂടി നിർമിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

വിനോദസഞ്ചാരമേഖലയിൽ വിപ്ളവാത്മകമായ മാറ്റങ്ങൾനടപ്പാക്കുന്ന സൗദിഅറേബ്യയിൽ കൂടുതൽ ആഭ്യന്തര,രാജ്യാന്തര വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുകയാണ്. 29 വിമാനത്താവളങ്ങളുടെ ഉടമസ്ഥാവകാശം ഇതിനകം തന്നെ മാറ്റാരത്ത് എന്ന കമ്പനിക്കു നൽകിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡൻറ് അബ്ദുൽ അസീസ് അൽ ദുഐലെജ് പറഞ്ഞു. രണ്ടായിരത്തിമുപ്പതോടെ വാർഷികസന്ദർശകരുടെ എണ്ണം മൂന്നിരട്ടിയാക്കുകയാണ് ലക്ഷ്യം. 330 മില്യൺ സന്ദർശകരെയാണ് 2030 ഓടെ പ്രതീക്ഷിക്കുന്നത്. എന്നാൽ സ്വകാര്യവൽക്കരണം പൂർത്തിയാക്കാൻ 2030 വരെ കാത്തിരിക്കില്ലെന്നും നടപടിക്രമങ്ങളെല്ലാം അതിനു മുൻപു പൂർത്തിയാക്കുമെന്നും അബ്ദുൽ അസീസ് അൽ ദുഐലെജ് വ്യക്തമാക്കി. അതേസമയം, തലസ്ഥാന നഗരിയായ റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ നിർമിക്കാനും തീരുമാനമായി. പ്രതിവര്‍ഷം 10 കോടി യാത്രക്കാരെ വീതം ഉള്‍ക്കൊള്ളാന്‍ ശേഷിയിലാണ് വിമാനത്താവളങ്ങൾ നിർമിക്കുന്നത്. നിലവില്‍ ആകെ ആഭ്യന്തരോല്‍പാദനത്തില്‍ വ്യോമയാന മേഖലയുടെ സംഭാവന 2,1 ബില്യൺ ഡോളറാണ്. രണ്ടായിരത്തിമുപ്പതോടെ അത് 75 ബില്യൺ ഡോളറായി ഉയര്‍ത്തുകയാണ് ലക്ഷ്യം. 2030 നകം 100 ബില്യൺ ഡോളർ വ്യോമയാന മേഖലയിൽ നിക്ഷേപിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

MORE IN GULF
SHOW MORE