ഗ്രാമീണ മേഖലകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കും; ദുബായുടെ വൻ പദ്ധതി

dubaiwb
SHARE

ഗ്രാമീണ മേഖലകൾ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കാനുള്ള വൻ പദ്ധതിയുമായി ദുബായ്. ഓരോ പ്രദേശത്തിൻറേയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ഹരിത, സാംസ്കാരിക, വിനോദസഞ്ചാര പദ്ധതികൾക്കു രൂപം നൽകും. ഇതോടനുബന്ധിച്ചുള്ള സംരംഭങ്ങളിൽ ഒട്ടേറെ തൊഴിലവസരങ്ങളുമുണ്ടാകും. 

ഇതുവരെ പരിചയപ്പെടാത്ത ദുബായുടെ ഗ്രാമീണമുഖം കൂടുതൽ മനോഹാരിതയോടെ അവതരിപ്പിക്കാനുള്ള പദ്ധതികളാണ് ദുബായ് സർക്കർ പ്രഖ്യാപിച്ചത്. ഗ്രാമീണമേഖലകളിലേക്കുകൂടി വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം. അൽ ഫഖ, അൽ ലുസൈലി, അൽ ഹബാബ്, അൽ മർമൂം, അൽ അവീർ, മർഗ്ഹം തുടങ്ങിയ മേഖലകളെ വിനോദസഞ്ചാരകേന്ദ്രങ്ങളായി വികസിപ്പിക്കും. എമിറേറ്റിൻറെ വിവിധ മേഖലകളിൽ താമസകേന്ദ്രങ്ങൾ നിർമിക്കാനും തീരുമാനമായി. ആദ്യ ഘട്ടത്തിൽ അൽ ഖവാനീജ്, ബർഷ, അൽ മിസ്ഹർ, ഹത്ത എന്നിവിടങ്ങളിലാണ് പദ്ധതികൾ. കൂടുതൽ പദ്ധതികൾ ഒരുമാസത്തിനകം പ്രഖ്യാപിക്കും. പുതിയ പദ്ധതികളോടനുബന്ധിച്ചു വലിയ തൊഴിലവസരങ്ങളാണ് തുറക്കുന്നത്. അതേസമയം, പദ്ധതികളുടെ മേൽനോട്ടത്തിനും വിവിധ വകുപ്പുകളുടെ ഏകോപനത്തിനും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷനായുള്ള ഉന്നത സമിതിക്കു രൂപം നൽകി. ഇതടക്കം, സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള വൈവിധ്യവൽക്കരണ പദ്ധതികൾക്കു യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ അധ്യക്ഷതയിൽ ചേർന്ന ദുബായ് കൌൺസിൽ അംഗീകാരം നൽകി. ജോലി ചെയ്യാനും താമസിക്കാനും നിക്ഷേപ പദ്ധതികൾ തുടങ്ങാനും കഴിയുന്ന ലോകത്തെ ഏറ്റവും മികച്ച നഗരമാക്കി ദുബായെ മാറ്റുകയും താമസക്കാരുടെയും സന്ദർശകരുടെയും ക്ഷേമം ഉറപ്പാക്കുകയും ചെയ്യുമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. 

MORE IN GULF
SHOW MORE