യുഎഇയിൽ സ്വദേശിവൽക്കരണ തോത് ഉയർത്താൻ തീരുമാനം

uae-jobs
SHARE

യുഎഇയിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവൽക്കരണ തോത് ഉയർത്താൻ തീരുമാനം. നാലു വർഷത്തിനകം സ്വദേശിവൽക്കരണം 10 ശതമാനമാക്കാൻ പദ്ധതി രൂപീകരിച്ചു. മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻറെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സ്വദേശിവൽക്കരണം വർധിപ്പിക്കാൻ തീരുമാനമായത്. പ്രതിവർഷം രണ്ടുശതമാനം ഉയർത്തി 2026 ആകുമ്പോഴേക്കും 10 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം. സ്വകാര്യമേഖലയിൽ 50 ജീവനക്കാരിൽ അധികമുള്ള സ്ഥാപനങ്ങളിലാണ് ഇത്തരത്തിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. സ്വദേശികളെ ജോലിക്ക് നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുമെന്നു ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. 

ഇതിനായി അഞ്ചു വര്‍ഷത്തേക്ക് പ്രതിമാസം 5000 ദിര്‍ഹം വീതം നല്‍കുന്ന വേതന പിന്തുണ പദ്ധതിക്കും രൂപം നൽകിയിട്ടുണ്ട്. ബിരുദധാരികളുടെ സ്റ്റാർട്ടപ്പുകൾക്കടക്കം 100 കോടി ദിർഹത്തിൻറെ പ്രത്യേക ഫണ്ട് മാറ്റിവയ്ക്കും. തൊഴിലില്ലായ്മ പരിഹരിക്കാനും ഈ ഫണ്ട് ഉപയോഗപ്പെടുത്തും. യുഎഇ സുവർണജൂബിലിയോടനുബന്ധിച്ചു കഴിഞ്ഞവർഷം പ്രഖ്യാപിച്ച 50 പദ്ധതികളുടെ ഭാഗമായി, സ്വദേശിവൽക്കരണതോത് ഉയർത്തുമെന്നു അറിയിച്ചിരുന്നു. അതനുസരിച്ചുള്ള നടപടികൾക്കാണ് മന്ത്രിസഭ രൂപം നൽകിയത്.

MORE IN GULF
SHOW MORE