ദുബായിലെ തെരുവിൽ നിന്ന് നാട്ടിലെത്തിയ അനിത സ്നേഹഭവന്റെ തണലിൽ

anitha-dubai
SHARE

 ഒൻപത് മാസത്തോളം ബർദുബായിലെ തെരുവിൽ കഴിഞ്ഞ ശേഷം ദുബായ് അധികൃതരുടെ ഇടപെടലിലൂടെ നാട്ടിലേയ്ക്ക് മടങ്ങിയ മലയാളി വനിത തിരുവനന്തപുരം സ്വദേശിനി അനിത എറണാകുളം നോർത്ത് പറവൂരിലെ സ്നേഹഭവന്റെ തണലിൽ. അനിത സ്നേഹഭവനിൽ സുരക്ഷിതയായി ഉണ്ടെന്ന് ആലപ്പുഴ തൃക്കുന്നപ്പുഴ പൊലീസ് സബ് ഇൻസ്പെക്ടർ മഞ്ജു ദാസ് അറിയിച്ചതായി സാമൂഹിക പ്രവർത്തകൻ അ‍ഡ്വ. ഏബ്രഹാം പി.ജോൺ മനോരമ ഒാൺലൈനിനോട് പറഞ്ഞു.

അനിതയെ മാതാവ് സി.തുളസി, ചിറ്റമ്മ സി.വിമല എന്നിവർ സ്നേഹഭവനിൽ സന്ദർശിച്ചിരുന്നു. തങ്ങളുടെ കൂടെ വീട്ടിലേയ്ക്ക് വരാൻ നിർബന്ധിച്ചെങ്കിലും അനിത വഴങ്ങിയിട്ടില്ല. താനിവിടെ സ്വസ്ഥമായി കഴിയാനാണ് ആഗ്രഹിക്കുന്നത് എന്നായിരുന്നു അവരുടെ മറുപടി. ദുബായ് എമിഗ്രേഷൻ അധികൃതർ സഹായഹസ്തം നീട്ടിയതിനാലാണ് വൻ തുക കടബാധ്യതയുണ്ടായിരുന്ന അനിതയ്ക്ക് ഏതാണ്ട് ഒന്നര മാസം മുൻപ് നാട്ടിലേയ്ക്ക് പോകാൻ സാധിച്ചത്. എന്നാൽ നാട്ടിൽ എവിടെയാണ് ഉള്ളത് എന്ന കാര്യത്തിൽ യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് മാതാവ് തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നു.

അനിത ബർദുബായ് തെരുവിൽ കഴിയുന്നതിനെക്കുറിച്ച് മനോരമ ഒാൺലൈൻ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് അ‍ഡ്വ.ഏബ്രഹാം പി. ജോൺ, ജിജോ എന്നിവർ ദുബായ് എമിഗ്രേഷന്‍റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടര്‍ന്ന് എമിഗ്രേഷൻ അധികൃതർ ഇവരെ കൂട്ടിക്കൊണ്ടുപോയി സംരക്ഷണം നൽകി. അനിത സുരക്ഷിതമായി എമിഗ്രേഷന്റെ കീഴിൽ ഷെൽട്ടറിൽ കഴിയുന്നതായി അധികൃതർ അറിയിക്കുകയും ചെയ്തു. ഇവരുടെ കട ബാധ്യതകൾ തീർക്കാൻ എമിഗ്രേഷൻ അധികൃതർ മുന്നോട്ട് വന്നതാണ് നാടിന്റെ തണലിലേയ്ക്ക് പോകാൻ വഴിയൊരുങ്ങിയത്.

തന്റേതല്ലാത്ത കാരണത്താലായിരുന്നു മാസങ്ങളോളം അനിത ബർദുബായ് വഴിയോരത്തെ ഒഴിഞ്ഞ പബ്ലിക് ടെലിഫോൺ ബൂത്തിൽ രാപ്പകൽ ഭേദമന്യേ കഴിച്ചുകൂട്ടിയത്. യുഎഇയിൽ ബിസിനസുകാരനായിരുന്ന ഭർത്താവ് വരുത്തിവച്ച ലക്ഷങ്ങളുടെ കടബാധ്യതകളായിരുന്നു അനിതയ്ക്ക് ഉണ്ടായിരുന്നത്. ബൂത്തിൽ വച്ച കുഞ്ഞു സ്റ്റൂളിലിരുന്ന് ഉറങ്ങിയിരുന്ന ഇവർ പ്രഭാതകൃത്യങ്ങൾ നടത്തിയിരുന്നത് തൊട്ടടുത്തെ പൊതുശൗചാലയത്തിലായിരുന്നു. പരിസരം വൃത്തിയാക്കുന്നതിനെ തുടർന്ന് ലഭിക്കുന്ന തുച്ഛമായ കൂലി കൊണ്ടായിരുന്നു വിശപ്പടക്കിയിരുന്നത്.

പണം നൽകാനുള്ളവർ നൽകിയ പരാതിയെ തുടർന്ന് ജയിലിൽ പോയ അനിതയുടെ ജീവിതം മാറിമറിഞ്ഞു. ശിക്ഷ കഴിഞ്ഞിറങ്ങിയ അവർ ബർ ദുബായ് റഫാ പൊലീസ് സ്റ്റേഷനിൽ നിന്ന് പോകാൻ തയാറായില്ല. സഹതാപം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ അവർക്ക് ഭക്ഷണവും മറ്റും നൽകി. പിന്നീട് അവർ തന്നെ ഒരാൾക്ക് കഷ്ടിച്ച് നിൽക്കാൻ കഴിയുന്ന ഒഴിഞ്ഞ ടെലിഫോൺ ബൂത്ത് താമസ സ്ഥലമായി തിരഞ്ഞെടുക്കുകയായിരുന്നു. നിരന്തരം പൊലീസിന്റെ സാന്നിധ്യമുള്ള ഇവിടെ മറ്റാരുടെയും ശല്യം ഇവർക്ക് നേരിടേണ്ടിവന്നില്ല.

അനിതയുടെ ദുരിത ജീവിതത്തിന് പരിഹാരം കണ്ടെത്തണം എന്നാവശ്യപ്പെട്ട് പല സാമൂഹിക പ്രവർത്തകരും ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചിരുന്നു. സാമൂഹിക പ്രവർത്തകൻ ഷിജു ബഷീറാണ് ആദ്യമായി അനിതയെ പുറംലോകത്തിന് കാട്ടിക്കൊടുത്തത്. എന്നാൽ, വൻതുകയാണ് ഇവരുടെ പ്രശ്നപരിഹാരത്തിന് ആവശ്യം എന്നത് പുനരധിവസിപ്പിക്കാനുള്ള ശ്രമത്തിൽ നിന്ന് പലരെയും പിന്തിരിപ്പിച്ചു. ഇന്ത്യൻ കോൺസുലേറ്റ് പോലും നിസ്സഹായരായി. ഒടുവിൽ ദുബായ് എമിഗ്രേഷൻ പ്രശ്നപരിഹാരത്തിനായി മുന്നോട്ടുവന്നതോടെ അനിതയ്ക്ക് നാട്ടിലേയ്ക്ക് പോകാനുള്ള വഴി തെളിഞ്ഞു. ഇന്ത്യൻ കോൺസുലേറ്റും യാത്രാ രേഖകൾ ശരിയാക്കാൻ സഹകരിച്ചു. ബാങ്കുകളിലെയും സ്വകാര്യ കമ്പനിയിലെയും  ബാധ്യതകൾ ദുബായ് എമിഗ്രേഷൻ ചർച്ച ചെയ്ത് പരിഹരിക്കുകയായിരുന്നു.

MORE IN GULF
SHOW MORE