ദുബായ് വിമാനത്താവളത്തിൽ യുവതിയ്ക്കു പ്രസവവേദന; പരിചരിച്ച് പൊലീസ്; സുഖപ്രസവം

airport-delivary
SHARE

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രസവവേദനയുണ്ടായതിനെ തുടർന്ന് യുവതിക്ക് മികച്ച പരിചരണം. ഇത്യോപ്യൻ യുവതിയെയാണ് വിമാനത്താവളത്തിൽ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വളരെ പെട്ടെന്ന് ആശുപത്രിയിലെത്തിച്ച് സുഖപ്രസവത്തിന് വഴിയൊരുക്കിയത്. 

ഇൗ സമയം യുവതിയുടെ കൂടെയുണ്ടായിരുന്ന മറ്റു 3 കുട്ടികളെ വിമാനത്താവളത്തിലെ പ്രത്യേക സംഘം നന്നായി പരിചരിക്കുകയും ചെയ്തു.

സൗദി അറേബ്യയിലെ റിയാദിൽ നിന്ന് എമിറേറ്റ്സ് എയർലൈൻസിൽ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങുന്നതിനിടെയാണ് ട്രാൻസിറ്റ് സ്റ്റോപ്പിന്റെ ഭാഗമായി ഗർഭിണിയായ യുവതിയും മക്കളും ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിൽ വിശ്രമിക്കുന്നതിനിടെ പ്രസവവേദനയുണ്ടായി. ഇതേ തുടർന്ന് കൂടെ സ്ത്രീകളാരുമില്ലാത്തതിനാൽ പരിഭ്രാന്തിയായ യുവതിക്ക് സഹായവുമായി ദുബായ് പൊലീസ് സ്ഥലത്തെത്തുകയായിരുന്നുവെന്ന് എയർപോർട്സ് സെക്യുരിറ്റി ജനറൽ ഡിപാർട്മെൻ്റ് ഡയറക്ടർ മേജർ ജനറൽ അലി ആതിഖ് ബിൻ ലാഹജ് പറഞ്ഞു. 

യുവതിയെ ഉടൻ ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസിലെ നഴ്സുമാർ പ്രാഥമിക ശുശ്രൂഷ നൽകുകയും ഉടൻ തന്നെ ലത്തീഫ വുമൺ ആൻഡ് ചിൽഡ്രൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അടിയന്തര പ്രസവത്തിന് ക്ലിനിക്ക് തയ്യാറാക്കാൻ ഓപറേഷൻ റൂമുമായി ആശയവിനിമയം നടത്തി. അവിടെയെത്തിയ ഉടൻ യുവതി ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകി. എമിറേറ്റ്സ് എയർലൈൻസിലെ ഒരു ജീവനക്കാരനുൾപ്പെടെ ദുബായ് പൊലീസ് സംഘം കുട്ടികൾക്ക് പൂർണ പരിചരണം നൽകി എയർപോർട്ട് ഹോട്ടലിലേയ്ക്ക് മാറ്റി. 

പിന്നീട് യുവതിയുടെ ഭർത്താവുമായി ബന്ധപ്പെട്ട് അവര്‍ക്ക് മാതൃരാജ്യത്തേയ്ക്ക് മടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കി.  ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസ്, ദുബായ് ഹെൽത്ത് അതോറിറ്റി, എമിറേറ്റ്സ് എയർലൈൻസ്,  ദുബായ് പൊലീസ് എന്നിവരുടെ കൂട്ടായ പ്രവർത്തനത്തെ മേജർ ജനറൽ അഭിനന്ദിച്ചു. യുഎഇയുടെ ആരോഗ്യസുരക്ഷാ സംവിധാനങ്ങളുടെയും പ്രഫഷണലിസത്തിന്റേയും കാര്യക്ഷമത പ്രതിഫലിപ്പിക്കുന്ന യോജിച്ച പ്രവർത്തനങ്ങളുടെ ഫലമാണിത്.  എയർപോർട്ട് ജീവനക്കാർ സാഹചര്യം പ്രഫഷണലായി കൈകാര്യം ചെയ്യാൻ ദ്രുതഗതിയിൽ ഇടപെട്ടുവെന്നും കൂട്ടിച്ചേർത്തു.  

MORE IN GULF
SHOW MORE