തൊഴിലാളി ദിനം: ആഡംബര കാറിൽ ദുബായ് ചുറ്റി തൊഴിലാളികൾ; താമസം പഞ്ചനക്ഷത്ര ഹോട്ടലിൽ

car-dubai
SHARE

റോഡിലൂടെ പലപ്പോഴും ചീറിപ്പാഞ്ഞു പോകുന്നതു കണ്ടിട്ടുണ്ട് എന്നല്ലാതെ, സത്യം പറഞ്ഞാൽ അതിന്റെ പേരു പേരും അവർക്കറിയില്ലായിരുന്നു. ഒടുവിൽ വില കൂടിയ ആ ആഡംബര കാറിൽ ദുബായ് ചുറ്റി സഞ്ചരിക്കാനുള്ള ഭാഗ്യമാണു ലോക തൊഴിലാളി ദിനത്തിൽ ദുബായിലെ ഇൗ തൊഴിലാളികൾക്ക് ഉണ്ടായത്. കാറുകളിലെ ആഡംബരത്തിന്റെ അവസാനവാക്കായ റോൾസ് റോയിസിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിത കെട്ടിടമായ ബുർജ് ഖലീഫയിലും ഏറ്റവും വലിയ ആഡംബര ഹോട്ടലുകളിലൊന്നായ ബുർജ് അൽ അറബിലും സന്ദർശനം. ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം.

തങ്ങളുടെ തൊഴിലാളികൾക്കു രാജകീയ വിരുന്നൊരുക്കി കയ്യടിനേടുകയാണ് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളികളുടെ നേതൃത്വത്തിലുള്ള വേൾഡ് സ്റ്റാർ ഹോൾഡിങ്‌. തങ്ങളുടെ ഏഴായിരത്തോളം തൊഴിലാളികളിൽ നിന്നും കഴിഞ്ഞ വർഷങ്ങളിൽ മികച്ച സേവനം കാഴ്ചവച്ച എട്ടുപേർക്ക് "എംപ്ലോയീ എക്സലൻസ്" അവാർഡ് നൽകിയതോടൊപ്പമാണു രണ്ടു ദിവസത്തെ ആഡംബര ജീവിതം സമ്മാനിച്ചത്. 

നിർമാണത്തിൽ പങ്കാളിയായ കെട്ടിടത്തിൽ ആദ്യമായി

ബുർജ് ഖലീഫയുടെ നിർമാണത്തിൽ പങ്കെടുത്ത ബംഗ്ലദേശ് സ്വദേശികളായ മുഹമ്മദ് മിന്റോക്കും അബ്ദുൽ ബാഷറിനും ഇതൊരു സ്വപ്നസാഫല്യമാണ്. അവരുടെ കൈകൾ പതിഞ്ഞ ദുബായിലെ പടുകൂറ്റൻ കെട്ടിടങ്ങൾ, ബുർജ് ഖലീഫയുടെ 124 –ാം നിലയിൽ നിന്നു കൺകുളിർക്കെ കണ്ടാസ്വദിച്ചു.

പലതവണ കൺസ്ട്രക്ഷന്‍ സൈറ്റുകളിലേക്കു ബസിൽ യാത്ര ചെയ്യുമ്പോൾ ദൂരെനിന്നു കാണാറുള്ള ബുർജ് അൽ അറബിന്റെ ഉൾവശം ഒരു സ്വപ്നം കാണുന്നതു പോലെയാണ് ആസ്വദിച്ചത് എന്നു തമിഴ്‌നാട് സ്വദേശി കുപ്പുസ്വാമി പറഞ്ഞു. താൻ സ്ഥിരമായി ലേബേഴ്സ് ബസിലിരുന്നു യാത്ര ചെയ്യുന്ന ദുബായിലെ റോഡിലൂടെ റോൾസ് റോയിസ് കാറിലിരുന്നു സഞ്ചരിച്ച സന്തോഷത്തിലും ആവേശത്തിലുമാണു പാക്കിസ്ഥാൻ സ്വദേശിയായ ഇമ്രാൻ ഖാൻ. തങ്ങളുടെ ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാൻ കഴിയില്ല എന്നു കരുതിയ പലതും, നേരിട്ട് ആസ്വദിക്കാൻ പറ്റിയ സന്തോഷ നിമിഷത്തെക്കുറിച്ചു പറയുമ്പോൾ ഉത്തർപ്രദേശ്‌ സ്വദേശികളായ അശോക് കുമാറിന്റെയും രാംഭിലാഷ്‌ ചൗഹാന്റെയും കണ്ണുകൾ നിറഞ്ഞു.

“നമ്മൾ ഇന്ന് അനുഭവിക്കുന്ന ഈ നാട്ടിലെ അടിസ്ഥാന സൗകര്യങ്ങൾ, ഈ തൊഴിലാളികൾ ഒഴുക്കിയ വിയർപ്പിന്റെ പ്രതിഫലമാണ്. അതിനു നമ്മൾ അവരോട് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല, അതുകൊണ്ടു തന്നെയാണ് ഈ  തൊഴിലാളി ദിനത്തിൽ അവർക്കുവേണ്ടി വലിയൊരു സർപ്രൈസ് ഒരുക്കിയതെന്നു വേൾഡ് സ്റ്റാർ ഹോൾഡിങ് ചെയർമാൻ നിഷാദ് ഹുസ്സൈൻ പറഞ്ഞു. മുൻപു തൊഴിലാളി ബസുകളിൽ സൗജന്യ വൈഫൈയും ടെലിവിഷൻ സ്‌ക്രീനുകളും സ്ഥാപിച്ചു പ്രശസ്തമായ വേൾഡ് സ്റ്റാർ, തൊഴിലാളികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

രാജ്യത്തെ നിരവധി വികസനപ്രവർത്തനങ്ങളിൽ വേൾഡ് സ്റ്റാറിന്റെ ആയിരക്കണക്കിനു തൊഴിലാളികൾ പങ്കാളികളാണ്. ദുബായ് മാൾ, ബുർജ് ഖലീഫ, ദുബായ് മെട്രോ, ദുബായ് ഫ്രെയിം, ഫ്യൂച്ചർ മ്യൂസിയം തുടങ്ങിയവയുടെയെല്ലാം നിർമാണ പ്രവൃത്തികളിൽ വേൾഡ് സ്റ്റാറിന്റെ തൊഴിലാളികൾ സജീവമായിരുന്നു. നിലവിൽ ഇത്തിഹാദ് റയിലിനു വേണ്ടി ആയിരക്കണക്കിനു തൊഴിലാളികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.

തങ്ങൾക്കുവേണ്ടി ജോലി ചെയ്യുന്ന തൊഴിലാളികളെ സന്തോഷിപ്പിക്കുന്നതിലൂടെ ഉൽപാദനക്ഷമത കൂട്ടാൻ സാധിക്കുന്നുണ്ടെന്നു മാനേജിങ് ഡയറക്ടർ ഹസീന നിഷാദ് പറഞ്ഞു. ഷാർജ സജയിലെ ലേബർ ക്യാംപ് ഓഫിസ് പരിസരത്തു നടന്ന തൊഴിലാളി അനുമോദന ചടങ്ങിലും അവാർഡ് ദാനത്തിലും നൂറുകണക്കിന് തൊഴിലാളികൾക്കൊപ്പം കമ്പനി പ്രതിനിധികളും പങ്കെടുത്തു. തുടർന്നാണ് അവാർഡ് ലഭിച്ച എട്ടു തൊഴിലാളികളുടെ ആഡംബരയാത്ര ആരംഭിച്ചത്.

MORE IN GULF
SHOW MORE